മക്കളേ,
നമ്മുടെ ജീവിതത്തില്‍ പ്രശ്നങ്ങളും പ്രയാസങ്ങളും പരാജയങ്ങളും ഉണ്ടാകുമ്പോള്‍ അവയുടെ ഉത്തരവാദിത്തം മറ്റാരുടെയെങ്കിലും തലയില്‍ കെട്ടിവെയ്ക്കാന്‍ നമ്മളില്‍ പലരും ശ്രമിക്കുക പതിവാണ്. എന്നാല്‍ അങ്ങനെ ചെയ്യുന്നതുവഴി നമ്മള് പ്രശ്നങ്ങളെ പരിഹരിക്കുകയല്ല, മറിച്ച് അവയ്ക്കു കൂടുതല്‍ ശക്തി പകരുകയാണു ചെയ്യുന്നത് എന്നു നമ്മള് തിരിച്ചറിയാറില്ല. കുറ്റങ്ങളുടെയും കുറവുകളുടെയും ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്നത് ധീരതയുടെ ലക്ഷണമാണ്. അത്തരക്കാരെ മറ്റുള്ളവര്‍ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യും.
ഒരു പെണ്‍കുട്ടി പ്രാര്‍ത്ഥിച്ചു, ”ഈശ്വരാ, ഞാന്‍ വിവാഹം കഴിക്കാനാഗ്രഹിക്കുന്നില്ല. എനിക്ക് സാമാന്യം നല്ല വിദ്യാഭ്യാസവും ജോലിയും മാന്യമായ വരുമാനവും ഉണ്ട്. ഞാന്‍ സ്വതന്ത്രയാണ്. എനിക്കു ഭര്‍ത്താവ് ആവശ്യമില്ല. എന്റെ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, എന്നാല്‍ എന്റെ മാതാപിതാക്കള്‍ എന്നെ വിവാഹം കഴിക്കാന്‍ നിര്‍ബ്ബന്ധിക്കുന്നു. ഞാനെന്തു ചെയ്യണം?”
ദൈവം മറുപടി നല്കി. ”മകളേ, നീ എന്റെ സൃഷ്ടിയില്‍ ശ്രേഷ്ഠയാണ്. ജീവിതത്തില്‍ മഹത്തായ പല കാര്യങ്ങളും നീ കൈവരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ജീവിതത്തില്‍ പല കാര്യങ്ങളും പ്ലാന്‍ ചെയ്തതുപോലെ സംഭവിക്കണമെന്നില്ല. പലപ്പോഴും പരാജയങ്ങളുണ്ടാകാം. കഷ്ടപ്പാടുകളും തിരിച്ചടികളും നേരിടേണ്ടിവന്നേക്കാം. തീരെ പ്രതീക്ഷിക്കാത്ത ദുരനുഭവങ്ങളുമുണ്ടായേക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ നീ ആരെ കുറ്റപ്പെടുത്തും? സ്വയം കുറ്റപ്പെടുത്താനാകുമോ?
പെണ്‍കുട്ടി പറഞ്ഞു, ”ഇല്ല, എനിക്കതു ചിന്തിക്കാന്‍ പോലും കഴിയില്ല.”
ദൈവം പറഞ്ഞു, ”അത്തരം സന്ദര്‍ഭങ്ങളില്‍ നിനക്ക് ആരുടെയെങ്കിലും മേല്‍ പഴിചാരി ആശ്വാസം കാണണ്ടേ? അതിന് ഒരു ഭര്‍ത്താവുണ്ടായിരിക്കുന്നത് നല്ലതാണ്.”
പെണ്‍കുട്ടിയും ദൈവവും തമ്മിലുള്ള ഈ സംഭാഷണം ഒരു യുവാവ് കേള്‍ക്കാനിടയായി. അവന് ദൈവത്തോടു ചോദിച്ചു, ”സ്്ത്രീകള്‍ക്ക് എന്തു പ്രശ്നം വന്നാലും ഭര്‍ത്താവിനെ പഴി പറഞ്ഞു രക്ഷപ്പെടാം. ഞാന്‍ ആരെ കുറ്റപ്പെടുത്തും?”
ദൈവം ചിരിച്ചുകൊണ്ടു മറുപടി നല്കി, ”മകനേ, നിന്റെ മുമ്പില്‍ അനന്തമായ സാധ്യതകളാണുള്ളത്. നിനക്ക് എന്തു സംഭവിച്ചാലും സര്‍ക്കാരിനെ കുറ്റപ്പെടുത്താം, അല്ലെങ്കില്‍ വിദ്യാഭ്യാസസമ്പ്രദായത്തെയോ നീതിന്യായവ്യവസ്ഥയെയോ കുറ്റം പറയാം. അതുമല്ലെങ്കില്‍ പരിസ്ഥിതിയെ പഴിക്കുകയോ രാജ്യത്തെ സമ്പദ്വ്യവസ്ഥയെ കുറ്റപ്പെടുത്തുകയോചെയ്യാം. വേണമെങ്കില്‍ നിന്റെ മേലധികാരികളെയോ മതനേതാക്കളെയോ കുറ്റപ്പെടുത്താം. അതൊന്നും മതിയായില്ലെങ്കില്‍ പ്രപഞ്ചസ്രഷ്ടാവായ എന്നെത്തന്നെ കുറ്റപ്പെടുത്താം.”
നമ്മുടെ പരാജയങ്ങളുടെ ഉത്തരവാദിത്തം മറ്റൊരാളുടെ മേല്‍ കെട്ടിവെയ്ക്കുമ്പോള്‍ നമുക്ക് തത്ക്കാലം ഒരാശ്വാസവും സംതൃപ്തിയും തോന്നാം. എന്നാല്‍ മറ്റുള്ളവരെ പഴിചാരുമ്പോള്‍ നമ്മള് സ്വന്തം തെറ്റുകളില്‍ നിന്നും ജീവിതത്തില്‍നിന്നും ഒളിച്ചോടുകയാണു ചെയ്യുന്നത്. അതോടെ സ്വന്തം ജീവിതത്തിന്റെ മേല്‍ നമുക്കുള്ള നിയന്ത്രണം നഷ്ടപ്പെടുകയും, നമ്മള് മറ്റുള്ളവരുടെ കൈകളിലെ കളിപ്പാവകളായി മാറുകയും ചെയ്യുന്നു. മാത്രമല്ല, അതിലൂടെ നമ്മള് നമ്മളെത്തന്നെ വഞ്ചിക്കുകയാണു ചെയ്യുന്നത്. തെളിഞ്ഞ ബുദ്ധിയോടെ അന്വേഷിച്ചാല്‍ നമ്മുടെ ഒട്ടുമിക്ക പ്രശ്നങ്ങള്‍ക്കും കാരണം നമ്മുടെതന്നെ തെറ്റുകളാണെന്നു മനസ്സിലാകും. അവ തിരിച്ചറിഞ്ഞ് സ്വയം തിരുത്തുമ്പോള്‍ മാത്രമേ നമ്മുടെ ജീവിതത്തില്‍ വളര്‍ച്ചയും പുരോഗതിയും സാദ്ധ്യമാകൂ.
ആരോഗ്യപൂര്‍ണ്ണമായ സമൂഹത്തെ വാര്‍ത്തെടുക്കുവാന്‍ ഒരളവുവരെ പരസ്പരം ചോദ്യംചെയ്യലും വിമര്‍ശനവും നല്ലതാണ്. തുറന്ന സംവാദത്തിനുള്ള സ്വാതന്ത്ര്യവും ആവശ്യമാണ്. എന്നാല്‍ സമൂഹത്തിന്റെ പുരോഗതിക്കു തടസ്സമാകുന്ന തരത്തില്‍ ഈ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യാതിരിക്കാന്‍ നമ്മള് ശ്രദ്ധിക്കണം. മറിച്ച്, തടസ്സങ്ങള്‍ അകറ്റാനും മുന്നേറാനുമുള്ള ഉപാധികളായി അവയെ ഉപയോഗപ്പെടുത്തണം.
അതുകൊണ്ട് ഉത്തരവാദിത്തവും പക്വതയുമുള്ള ഏതൊരാളും ആദ്യം ചെയ്യേണ്ടത് സ്വന്തം ജീവിതത്തിലുണ്ടാകുന്ന പരാജയങ്ങളുടെയും തിരിച്ചടികളുടെയും ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുക എന്നതാണ്. അങ്ങനെയായാല്‍ നമ്മുടെ തെറ്റുകള്‍ തിരുത്തി കുറെക്കൂടി മെച്ചപ്പെട്ട ജീവിതം നയിക്കാനും കുറച്ചുകൂടി സ്നേഹപൂര്‍ണ്ണമായ സമൂഹാന്തരീക്ഷം സൃഷ്ടിക്കാനും നമുക്കു കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: