ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും തിരിച്ചെത്തുമെന്ന് വ്യക്തമാക്കി വയനാട് എംപി രാഹുല്‍ ഗാന്ധി. മുതിര്‍ന്ന നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയത് കൊണ്ടാണ് താന്‍ അധ്യക്ഷ പദവിയിലേക്ക് തിരിച്ചുവരുന്നതെന്നാണ് രാഹുല്‍ പറയുന്നത്. മുതിര്‍ന്ന നേതാക്കളുടെ ആവശ്യത്തിന് ‘ആലോചിക്കാം’ എന്ന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തന സമിതിയില്‍ മറുപടി നല്‍കിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കോണ്‍ഗ്രസിന്റെ മൂന്നു മുഖ്യമന്ത്രിമാരും കേരളത്തില്‍ നിന്നുള്ള എകെ ആന്റണിയും കെ.സി വേണുഗോപാലുമാണ് രാഹുല്‍ തിരിച്ച് അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, പുതിയ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയുമാണ് ആവശ്യം ഉന്നയിച്ച മുഖ്യമന്ത്രിമാര്‍. ഇതിനു മറുപടിയായാണ് ഇക്കാര്യം ആലോചിക്കാമെന്ന മറുപടി രാഹുല്‍ നല്‍കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാര്‍ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരുകയും, കോണ്‍ഗ്രസിനുണ്ടായ ദയനീയ തോല്‍വിയുടെയും പിന്നാലെയാണ് രാഹുല്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചത്. തുടര്‍ന്ന് തമ്മിലടി ഒഴിവാക്കാന്‍ സോണിയാ ഗാന്ധി ഇടക്കാല അധ്യക്ഷയായി നിയമിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: