ന്യൂദല്‍ഹി: എയര്‍ ഇന്ത്യയുടെ നടത്തിപ്പ് ലേലത്തിലൂടെ സ്വന്തമാക്കിയതിന് പിന്നാലെ 18000 കോടി തിരിച്ചു പിടിച്ച് ടാറ്റ. ടാറ്റ ഗ്രൂപ്പിന്റെ വിവിധ ഓഹരികള്‍ക്ക് ഷെയര്‍ മാര്‍ക്കറ്റിലുണ്ടായ മൂല്ല്യവര്ദ്ധനവിലൂടെയാണ് ടാറ്റ ഈ തുക തിരിച്ചു പിടിച്ചത്. എയര്‍ ഇന്ത്യ സ്വന്തമാക്കിയ ശേഷം മൂന്നു മണിക്കൂറിനിടെയാണ് ടാറ്റ ഈ നേട്ടം സ്വന്തമാക്കിയത്.
എയര്‍ ഇന്ത്യയെ സ്വന്തമാക്കിയതോടെ ടാറ്റ മോട്ടേഴ്സിന്റെ ഓഹരിയില്‍ 19 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്. ടാറ്റ പവ്വര്‍-15 ശതമാനം,ടാറ്റ കെമിക്കല്‍സ് -13 ശതമാനം എന്നിങ്ങനെ നേട്ടമുണ്ടാക്കി. ടാറ്റ ഇന്‍വെസ്റ്റ്മെന്റ് -25 ശതമാനം, ടാറ്റ കോഫി-6 ശതമാനം, ടാറ്റ കമ്യൂണിക്കേഷന്‍ അഞ്ച് ശതമാനം, ടെറ്റന്‍-4 ശതമാനം, ടാറ്റ സ്റ്റീല്‍ മൂന്ന് ശതമാനം എന്നിങ്ങനെയായിരുന്നു കുതിപ്പ്. ഇങ്ങനെ ഈ ഓഹരികളെല്ലാം ചേര്‍ന്നാണ് ടാറ്റ ഗ്രൂപ്പിന് 18000 കോടിയുടെ ലാഭമുണ്ടാക്കി കൊടുത്തത്.
തുടര്‍ന്നും ഓഹരികള്‍ കുതിച്ചെങ്കിലും ഇടയ്ക്ക് ചെറിയ ലാഭമെടുക്കല്‍ ഉണ്ടായതൊഴിച്ചാല്‍ ഓഹരികളെല്ലാം ഇപ്പോഴും ഭേദപ്പെട്ട നിലയിലാണ്. ഒക്ടോബറില്‍ മാത്രം ടാറ്റ മോട്ടേഴ്സ് ഓഹരിയിലുണ്ടായ വര്‍ദ്ധനവ് 53 ശതമാനമാണ്. ടാറ്റ ഗ്രൂപ്പിന്റെ വിപണി മൂല്യത്തില്‍ ഈ മാസം മാത്രമുണ്ടായ വര്‍ദ്ധന 1.25 ലക്ഷം കോടി രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: