നാഗ്പൂര്‍: സ്വരാജില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയിലാണ് ഭാരതമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത്. 75 വര്‍ഷം മുമ്പ് ഭരണം നടത്താനുള്ള അവകാശം നമുക്ക് ലഭിച്ചെങ്കിലും സ്വതന്ത്രഭരണത്തിലേക്കുള്ള യാത്ര നാമിപ്പോഴും തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. രേശിംഭാഗില്‍ ആര്‍എസ്എസ് വിജയദശമി മഹോത്സവത്തില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.
ശക്തവും സജീവവുമായ ഒരു സമൂഹമാണ് എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം. 96 വര്‍ഷമായി സംഘം ഈ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്നു, ആഗ്രഹിച്ച ലക്ഷ്യം കൈവരിക്കുന്നതുവരെ അത് തുടരും. ഹിന്ദുക്കളെന്ന് അവകാശപ്പെടുന്ന എല്ലാവരുടെയും ഉത്തരവാദിത്തം, ഹിന്ദു ജീവിത വീക്ഷണത്തിന്റെ മികച്ച മാതൃക സ്ഥാപിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ജാതിവിഭജനങ്ങള്‍ പൂര്‍ണമായും തുടച്ചുനീക്കപ്പെടണം. സാമൂഹികസമത്വം ഒരു ഏകീകൃതവും സംയോജിതവുമായ രാഷ്ട്രത്തിന്റെ മുന്നുപാധിയാണ്. ജാതി വിഭജനങ്ങള്‍ ഇല്ലാതാക്കാന്‍ നിരവധി പരിശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഈ തിന്മയെ വേരോടെ പിഴുതെറിയാന്‍ ഇനിയുമായിട്ടില്ല.
മതഭ്രാന്ത്രിനെതിരെ നിലകൊണ്ടതിന്റെ പേരില്‍ ജീവന് ബലിയര്‍പ്പിക്കേണ്ടിവന്ന ഗുരു തേജ് ബഹാദൂറിന്റെ നാനൂറാം ജന്മവാര്‍ഷികമാണ് ഇത്. ഭാരതത്തിന്റെ പവിത്ര പാരമ്പര്യം ഉള്‍ക്കൊണ്ട്, മതസ്വാതന്ത്ര്യത്തിന്റെ തുടര്‍ച്ച ഉറപ്പുവരുത്താന്‍ ജീവന് സമര്‍പ്പിച്ച ധീരയോദ്ധാവായിരുന്നു അദ്ദേഹം.
സനാതന മൂല്യവ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ള ഒരു ലോകം വിഭാവനം ചെയ്യുന്ന മതം ഭാരതത്തില്‍ നിലനില്‍ക്കുന്ന കാലത്തോളം സ്വാര്‍ത്ഥ ശക്തികളുടെ നീക്കങ്ങള്‍ സ്വാഭാവികമായും നിര്‍വീര്യമാകും. ലോകത്തിന് നഷ്ടമായ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാന്‍ ഭാരതത്തിന്റെ ധാര്‍മ്മിക വീക്ഷണം സഹായിക്കും. എന്നാലിത് തടയാന്‍, സംഘടിതശ്രമങ്ങള്‍ നടക്കുന്നു. ഭീകരത പടര്‍ത്തുകയും അരാജകത്വം സൃഷ്ടിക്കുകയും ആരുടെയെങ്കിലും പഴഞ്ചന്‍ ആഖ്യാനങ്ങളെ പുനരുജ്ജീവിപ്പിച്ച് സമൂഹത്തില്‍ അടിച്ചേല്പിക്കുകയും ചെയ്യുന്ന പ്രവണതകള്‍ ശക്തമാണ്.
ബിറ്റ്കോയിന് പോലുള്ള രഹസ്യ, അനിയന്ത്രിത കറന്‍സി എല്ലാ രാജ്യങ്ങളുടെയും സമ്പദ്വ്യവസ്ഥയെ അസ്ഥിരപ്പെടുത്തും. ഒടിടി പ്ലാറ്റ്ഫോം വിവേചനരഹിതമായ ഉപഭോഗത്തിനുള്ള വഴിയാണ് തുറന്നത്. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലൂടെ സ്കൂള്‍കുട്ടികള്‍ മൊബൈല്‍ ഫോണുകളില്‍ കുടുങ്ങിയിരിക്കുന്നു. ഇതെത്രമാത്രം സമൂഹത്തെ ബാധിക്കുമെന്ന് പ്രവചിക്കാനാവില്ല. ദേശവിരുദ്ധ ശക്തികള്‍ ഈ മാര്‍ഗ്ഗങ്ങള്‍ എത്രത്തോളം ഉപയോഗിക്കുന്നുവെന്ന് എല്ലാവര്ക്കും അറിയാം. ഇത് പെട്ടെന്ന് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം.ഈ ഭീഷണികള്‍ക്കെതിരായ ഫലപ്രദമായ നിയന്ത്രണം വീടുകളില്‍ നിന്നാവണം. ധാര്‍മ്മികമായ അന്തരീക്ഷം നമ്മുടെ വീടുകളില്‍ നിര്‍മ്മിക്കേണ്ടതുണ്ട്.
കോവിഡ് ഭീഷണിയിലും നമ്മുടെ സമ്പദ്വ്യവസ്ഥ വലിയ തിരിച്ചുവരവിലാണ്. സമൂഹത്തിലാകെ ആത്മവിശ്വാസവും സ്വാഭിമാനവും പ്രകടമാണ്. ശ്രീരാമജന്മഭൂമി ക്ഷേത്രനിധിസമര്‍പ്പണത്തിലെ പങ്കാളിത്തം ഈ ഉണര്‍വിന്റെ സാക്ഷ്യമാണ്. ടോക്കിയോ ഒളിമ്പിക്സിലും പാരാലിമ്പിക്സിലും നമ്മുടെ കായികതാരങ്ങളുടെ നേട്ടം അങ്ങേയറ്റം ആത്മവിശ്വാസമേകുന്നതാണ്. ഇതേ കൊവിഡ് ഭീതിക്കിടയിലാണ് നമ്മുടെ പരമ്പരാഗത ജീവിതശൈലിയും ആയുര്‍വേദവും എത്രമാത്രം ഫലവത്താണെന്ന് ലോകം അറിഞ്ഞത്. ഇതേ കാലത്താണ് നാം ലളിതമായ ജീവിതത്തിലേക്ക് മടങ്ങിയത്.
ആഗോള സാമ്പത്തിക മാതൃക വലിയ വെല്ലുവിളി നേരിടുന്ന ഈ കാലത്ത് ലോകംഭാരതത്തെ ഉറ്റുനോക്കുന്നു. നമ്മുടെ സാമ്പത്തിക മാതൃക ഉപഭോഗത്തിന്മേലുള്ള നിയന്ത്രണത്തിന് ഊന്നല്‍ നല്കുന്നു. മനുഷ്യന് ഭൗതിക വിഭവങ്ങളുടെ ട്രസ്റ്റിയാണ്, ഉടമയല്ല. ഉടമയും തൊഴിലാളിയും ഉപയോക്താവുമെല്ലാം ഇവിടെ ഒരു കുടുംബമാണ്. ഈ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയുള്ള ഒരു സാമ്പത്തിക വികസന മാതൃക സ്വാതന്ത്ര്യത്തിന്റെ സ്വാഭാവിക ഫലമാണ്.
അഫ്ഗാനിസ്ഥാനില്‍ താലിബാന് പിടിമുറുക്കിയതോടെ രാജ്യം കൂടുതല്‍ ജാഗ്രത പാലിക്കേണ്ട സാഹചര്യമാണുള്ളത്. അതിര്‍ത്തിയില്‍ സൈനികര്‍ പുലര്‍ത്തുന്ന നിതാന്ത ജാഗ്രത എല്ലാവരിലുമുണ്ടാകണം. സൈബര്‍ സുരക്ഷ പോലുള്ള കാര്യങ്ങളില്‍ രാഷ്ട്രം സ്വയംപര്യാപ്തത നേടണമെന്ന് അദ്ദേഹം പറഞ്ഞു.
വിഭവങ്ങളുടെ ലഭ്യതയും ഭാവിയിലെ ആവശ്യങ്ങളും കണക്കിലെടുത്ത് ദേശീയജനസംഖ്യാ നയം പരിഷ്കരിക്കുകയും അത് എല്ലാവര്ക്കും ബാധകമാക്കുകയും വേണമെന്ന് സര്‍സംഘചാലക് ആവശ്യപ്പെട്ടു.
ഒരു പൊതുസംസ്കാരത്തിന്റെ അവകാശികളാണ് നാമെന്നതാണ് മതസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനം. ഓരോ വ്യക്തിക്കും അനുയോജ്യമായ ആരാധനാരീതി തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്. വിദേശ ആക്രമണകാരികള്‍ക്കൊപ്പമാണ് നിരവധി മതവിഭാഗങ്ങളും നമ്മുടെ നാട്ടില്‍ വന്നത് എന്നത് ഒരു വസ്തുതയാണ്. എന്നാല്‍ ആ മതാനുയായികളുടെ ബന്ധം ആക്രമണകാരികളുമായല്ല അവര്‍ക്കെതിരെ പോരാടിയ ഹിന്ദു പൂര്‍വ്വികരുമായിട്ടാണ്. നമ്മുടെ ആദര്‍ശം ആ പൂര്‍വ്വികരാണ്. ഹസന്‍ഖാന്‍ മേവതി, ഹക്കിംഖാന്‍ സൂരി, ഖുദബക്ഷ്, ഗൗസ്ഖാന്‍ തുടങ്ങിയ രക്തസാക്ഷികളെയും അഷ്ഫാക്കുള്ള ഖാനെപ്പോലുള്ള ഒരു വിപ്ലവകാരിയെയും രാജ്യം കണ്ടത് ഈ അടിസ്ഥാനത്തിലാണെന്നും അവര്‍ എല്ലാവര്ക്കും മാതൃകകളാണെന്നും സര്‍സംഘചാലക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: