തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ മാറ്റാന്‍ ബാലാവകാശ കമ്മീഷന് ഉത്തരവായി. നവംബറില്‍ സ്കൂള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ സ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന സി.എഫ്.എല്‍.റ്റി.സി, സി.എസ്.എല്‍.റ്റി.സി, ഡി.സി.സി എന്നിവ മാറ്റി ക്ലാസ് മുറികളും കെട്ടിടങ്ങളും അണുനശീകരണം നടത്തി അധികൃതര്‍ക്ക് ഒരാഴ്ചക്കുള്ളില്‍ കൈമാറണം.
സ്കൂള്‍ തുറക്കുന്നതിന് മുമ്പ് അവടെ പ്രവര്‍ത്തിക്കുന്ന കോവിഡ് കെയര്‍ സെന്ററുകള്‍ മാറ്റാന്‍ തീരുമാനമുണ്ടെങ്കിലും പൂര്‍ണമായി നടപ്പായിട്ടില്ല എന്ന് കമ്മീഷന് ബോധ്യമായ സാഹചര്യത്തിലാണ് ഉത്തരവ്. ഇത് സംബന്ധിച്ച് നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കും, ആരോഗ്യ-കുടുംബക്ഷേമ സെക്രട്ടറിക്കും, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും കമ്മീഷന് നിര്‍ദ്ദേശം നല്കി. കൊല്ലം അഞ്ചല്‍ ഈസ്റ്റ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പി.ടി.എ പ്രസിഡന്റ് വികാസ് വേണു സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് കമ്മീഷന് അംഗം റെനി ആന്റണിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന്മേല് സ്വീകരിച്ച നടപടി 30 ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യാനും കമ്മീഷന് നിര്‍ദ്ദേശം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: