തിരുവനന്തപുരം: പദവി നല്കുന്ന അധികാരത്തെ ജനനന്മയ്ക്കായി വിനിയോഗിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കേരളത്തില്‍ നിന്ന് സിവില്‍ സര്‍വീസ് വിജയിച്ചവരെ അനുമോദിക്കാന്‍ രാജ് ഭവനില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. ഏതു തീരുമാനമെടുക്കുമ്പോഴും സമൂഹത്തിലെ ഏറ്റവും ദുര്‍ബലരെ അത് എങ്ങനെ ബാധിക്കുമെന്ന ചിന്ത ഉണ്ടാവണം.
അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ എപ്പോഴും തേടണം. ഭാരതത്തിന്റെ വൈവിദ്ധ്യത്തെ രാജ്യത്തിന്റെ ശക്തിയായിത്തന്നെ കാണണം. ആധുനികലോകം മനുഷ്യന്റെ അന്തസ്സിനെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. ഭാരതമാകട്ടെ, മനുഷ്യനിലെ ദിവ്യത്വത്തെ എന്നും ഉയര്‍ത്തിക്കാട്ടി. ഏത് ആശയത്തെയും വിശ്വാസത്തെയും സ്വീകരിച്ച മഹത്തായ പാരമ്പര്യമാണ് നമ്മുടേത്. ആ പാരമ്പര്യത്തിന്റെ ഉദാത്ത മാതൃകകള്‍ പേറുന്ന നാടാണ് കേരളം.
നിങ്ങളില്‍ പലര്‍ക്കും മറ്റുസംസ്ഥാനങ്ങളില്‍ നിയമനം ലഭിക്കട്ടെ എന്ന് ഞാന്‍ ആശിക്കുന്നു. അതിനു കാരണമുണ്ട്. കേരളത്തിലെ സ്ഥിതിസമത്വവും അന്തസാര്‍ന്ന ജീവിതവും മറ്റുസംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. അന്യ സംസ്ഥാനങ്ങളില്‍ നിയമനം കിട്ടുന്നവര്‍ക്ക് കേരളത്തിന്റെ ഈ മാതൃകയെ അവിടങ്ങളിലേക്ക് എത്തിക്കാനുള്ള അവസരം കൂടിയാണ് ലഭിക്കുന്നത്. അദേഹം പറഞ്ഞു. സിവില്‍ സര്‍വീസ് ജേതാക്കള്‍ക്കൊപ്പം അവരുടെ മാതാപിതാക്കളെയും ഗവര്‍ണര്‍ അനുമോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: