കൊല്ലം : പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല. പ്രതിക്ക് 27 വയസ് മാത്രമാണ് പ്രായം എന്നത് പരിഗണിച്ചുമാണ് ഉത്ര കേസില്‍ വധശിക്ഷ നല്‍കാതെ ഇരട്ട ജീവപര്യന്തം ശിക്ഷ നല്‍കാനുള്ള പ്രധാന കാരണം. പാമ്പിനെ ഉപയോഗിച്ചുള്ള കൊലപാതകം രാജ്യത്ത് തന്നെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായിരുന്നു. ഇത് കോടതിയും അംഗീകരിച്ചിരുന്നു.
കേസില്‍ പ്രതിക്ക് വധശിക്ഷ ലഭിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പ്രതിയുടെ പ്രായം കണക്കാക്കുമ്പോള്‍ മാനസാന്തരമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി എം. മനോജ് വ്യക്തമാക്കിയതായി പ്രോസിക്യൂഷന് പറഞ്ഞു.
വധശിക്ഷ വിധിക്കുന്നതിനായി സുപ്രീംകോടതി നിശ്ചയിച്ചിട്ടുളള അഞ്ച് കുറ്റങ്ങളില്‍ നാലും പ്രതിയായ സൂരജ് ചെയ്തിട്ടുണ്ട്. അതിനാല്‍ വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ മാതാപിതാക്കളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തമുണ്ടെന്നും സൂരജിന്റെ അഭിഭാഷകന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
302-ാം വകുപ്പ് പ്രകാരം ആസൂത്രിത കൊലപാതകത്തിന് ജീവപര്യന്തവും 307-ാം വകുപ്പ് പ്രകാരം നരഹത്യാശ്രമത്തിന് മറ്റൊരു ജീവപര്യന്തം എന്നിങ്ങനെ ഇരട്ട ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. കൂടാതെ വിഷവസ്തു ഉപയോഗിച്ചതിന് 10 വര്‍ഷം തടവും, തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷം തടവും വിധിച്ചിട്ടുണ്ട്. ഇത് രണ്ടും അനുഭവിച്ചതിന് ശേഷം മാത്രമാണ് ജീവപര്യന്തം ശിക്ഷ ആരംഭിക്കുകയുള്ളൂവെന്നും കോടതി പ്രത്യേകം അറിയിച്ചിട്ടുണ്ട്.
ഇത് കൂടാതെ കുഞ്ഞിനുള്ള ജീവനാംശം നല്കുന്നതിനുമാണ് കോടതി ഉത്തരവിട്ടത്. വിധിപ്രസ്താവന പൂര്‍ണമായും ലഭിച്ചശേഷം സര്‍ക്കാരുമായി ആലോചിച്ച് അപ്പീല്‍ പോകണോ വേണ്ടയോ എന്ന് പിന്നീട് തീരുമാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: