കോഴിക്കോട്: മുസ്ലീം ലീഗില്‍ സ്ത്രീ സ്വാതന്ത്ര്യം സംബന്ധിച്ച ഇരട്ട നീതിയില്‍ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കി ഹരിത മുന്‍ ഭാരവാഹികള്‍. എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ നല്കിയ പരാതിയില്‍ മാറ്റമില്ലെന്ന് പ്രഖ്യാപിച്ചാണ് ഹരിത മുന്‍ ഭാരവാഹികള്‍ നിലപാട് ആവര്‍ത്തിച്ചത്. എം.എസ്.എഫ് നേതാക്കള്‍ക്കെതിരെയുള്ള പരാതിയില്‍ ഉറച്ചുനില്‍നില്‍ക്കുന്നതായി വനിത കമീഷനിലാണ് ഹരിത മുന്‍ ഭാരവാഹികള്‍ അറിയിച്ചത്. മുഫീദ തസ്നി, നജ്മ തബ്ഷീറ എന്നിവര്‍ ഇന്ന് കോഴിക്കോട് നടന്ന വനിത കമീഷന് അദാലത്തിലെത്തി മൊഴി നല്കി. പൊലീസ് നടപടികള്‍ക്ക് വേഗം പോരെന്നും ഇവര്‍ വനിത കമീഷനെ അറിയിച്ചു.
എം.എസ്.എഫ് യോഗത്തിനിടെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി. അബ്ദുല്‍ വഹാബ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ് എന്നിവര്‍ക്കെതിരെയാണ് ഹരിത നേതാക്കള്‍ നേരത്തെ പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസിനെ അറസ്റ്റ് ചെയ്ത് നേരത്തെ ജാമ്യത്തില്‍ വിട്ടിരുന്നു. ഹരിത സംസ്ഥാന കമ്മിറ്റി മുന്‍ ഭാരവാഹികളായ പത്ത് പേരാണ് കമ്മീഷന്റെ അദാലത്തിലെത്തിയത്. വിശദമായ പരാതി എഴുതി തയ്യാറാക്കി വരാല് വനിതാ കമ്മീഷന് പരാതിക്കാര്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
പി.കെ. നവാസ് അടക്കമുള്ളവര്ക്കിതെര നല്കിയ പരാതി പിന്‍വലിക്കണമെന്ന് ലീഗ് നേതൃത്വം ഹരിത ഭാരവാഹികളോട് പറഞ്ഞിരുന്നു. ഇത് തള്ളിയാണ് ഹരിത ഭാരവാഹികള്‍ വനിതാ കമ്മീഷന് മുമ്പിലെത്തിയത്.
ഹരിത മുന്‍ ഭാരവാഹികള്‍ക്ക് പിന്തുണയുമായി ലീഗിലെയും എംഎസ്എഫിലെ ചില നേതാക്കള്‍ നേരത്തെ രംഗത്തിയിരുന്നു. നടപടി പുന:പരിശോധിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇക്കാര്യമുന്നയിച്ച് മുസ്ലീംലീഗ് ദേശീയ നേതൃത്വത്തിനും എംഎസ്എഫിലെ ചിലര്‍ കത്തയച്ചു. പിഎംഎ സലാം വിഷയം കൈകാര്യം ചെയ്ത് വഷളാക്കിയതായും പരാതിയുണ്ട്. നവാസിന്റെ ഭാഗത്ത് സ്ത്രീവിരുദ്ധ പരാമര്ശമുണ്ടായിട്ടുണ്ട്. അത് പാര്‍ട്ടിക്ക് നാണക്കേടാണ്. ഇപ്പോളെടുത്തിരിക്കുന്ന തീരുമാനവും പാര്‍ട്ടിക്ക് അപമാനകരമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: