ഹരിപ്പാട്: അപ്പര്‍കുട്ടനാട്ടിലെ വടകര ഇടശ്ശേരി വരമ്പിനകം പാടശേഖരത്തില്‍ വന്‍ കൃഷി നാശം. കൊയ്തു കൂട്ടിയ നെല്ല് വെള്ളത്തില്‍. എടത്വാ കൃഷിഭവന് പരിധിയിലെ 200 ഏക്കര്‍ വടകര ഇടശ്ശേരി വരമ്പിനകം പാടശേഖരത്തിലാണ് കര്‍ഷകരുടെ പ്രതീക്ഷകള്‍ തകര്‍ത്ത വന്‍കൃഷി നാശംസംഭവിച്ചിരിക്കുന്നത്. അഞ്ച് യന്ത്രങ്ങള്‍ എത്തിച്ച് കൊയ്ത്തിനു ശ്രമം നടത്തിയെങ്കിലും കര്‍ഷകരുടെ പ്രതീക്ഷകള്‍ തകര്‍ത്ത് കൊയ്ത് മൂട കൂട്ടിയിട്ട നെല്ല് വെള്ളത്തില്‍ മുങ്ങി.
ലോഡു കണക്കിന് നെല്ലാണ് വെള്ളത്തില്‍ മുങ്ങി കിടക്കുന്നത്. തുടര്‍ച്ചയായ കനത്ത മഴയും ശക്തമായ കിഴക്കന്‍ വെള്ളത്തിന്റെ വരവുമാണ് നെല്ല് വെള്ളത്തിലാകാന് കാരണം. ഇതിന് പുറമെ വിളവെടുപ്പ് നടത്തേണ്ട പരിധി കഴിയുകയും മഴയെത്തുടര്‍ന്ന് വിളവെടുപ്പ് മുടങ്ങുകയും ചെയ്തതോടെ നെല്ചെടികള് പൂര്‍ണ്ണമായും നിലംപതിച്ച് അഴുകി തുടങ്ങി.
ഏകദേശം നൂറു ഏക്കറിന് മുകളിലാണ് വിളവെടുക്കാന്‍ കഴിയാതെ നശിച്ചിരിക്കുന്നത്. ഏക്കറിന് ഇരുപത്തിയഞ്ച് ക്വിന്റലിന് മുകളില്‍ വിളവ് പ്രതീക്ഷിച്ചിരുന്നിടത്ത് ഏക്കറിന് പത്ത് ക്വിന്റല്‍ പോലും ലഭിക്കാത്ത അവസ്ഥയിലായി. കൊയ്തെടുത്ത നെല്ല് കൊയ്ത്തു യന്ത്രത്തിന്റെ കൂലി കൊടുക്കുന്നതിന് പോലും തികയുന്നില്ല. മാത്രമല്ല ലഭിച്ച നെല്ലിന് ഭീമമായ കിഴിവും കര്‍ഷകര്‍ക്ക് നല്‍കേണ്ടി വരുന്നു. 95 മുതല്‍ 100 ദിവസത്തിനുള്ളില്‍ വിളവെത്തുന്ന മനുരത്ന എന്ന പുതിയ ഇനം വിത്താണ് കര്‍ഷകര്‍ കൃഷി ഇറക്കിയിരുന്നത്. നൂറ്റി പതിനേഴ് ദിവസം പിന്നിടുമ്പോഴും തോരാ മഴ ഏല്‍പ്പിച്ച ആഘാതം കര്‍ഷകര്‍ക്ക് കണ്ണീര് മഴയായി മാറി.
പെരുവേലിച്ചാല്‍, കരിങ്ങാലിച്ചാല്‍ പുഞ്ചയില്‍ കണ്ണീര്‍കൊയ്ത്ത്
നൂറനാട്, ചുനക്കര, പാലമേല്‍, തഴക്കര, പന്തളം, മേഖലയിലായി വ്യാപിച്ചുകിടക്കുന്ന പെരുവേലിച്ചാല്‍, കരിങ്ങാലിച്ചാല്‍ പുഞ്ചയില്‍ കാലം തെറ്റി വന്ന മഴയും അച്ചന്‍കോവിലാറ്റില്‍ നിന്ന് കയറിയ വെള്ളവും പാടശേഖരകളില്‍ കൃഷിയിറക്കാമെന്നുള്ള കര്‍ഷകരുടെ പ്രതീക്ഷകളെ തകര്‍ത്തു. പ്രകൃതി വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട് ഡോ: എം.എസ്.സ്വാമിനാഥന് കമ്മീഷന് 2007ല്‍ നിര്‍ദ്ദേശിച്ച പദ്ധതികള്‍ നടപ്പിലാക്കിയിരുന്നെങ്കില്‍ ഇന്നത്തെ അവസ്ഥ ഉണ്ടാകുമായിരുന്നില്ലന്നാണ് നെല്‍കര്‍ഷകര്‍ പറയുന്നത്.
കുട്ടനാടന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ 2013ല്‍ അടിസ്ഥാന വികസനത്തിനു വേണ്ടി അനുവദിച്ചത് 33കോടി രൂപയാണ്. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവെച്ചങ്കിലും ഇപ്പോള്‍ എങ്ങും എത്താത്ത അവസ്ഥയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. വെട്ടിയാര്‍ ചീപ്പില്‍ നിന്നും പുഞ്ചയിലേക്ക് വരുന്ന കനാല്‍ ഭാഗത്തായി ബണ്ട് നിര്‍മ്മിച്ച് ഇരട്ടമോട്ടര്‍ത്തറ നിര്‍മ്മിച്ചാല്‍ അച്ചന്‍കോവിലാറ്റില്‍ നിന്നും വരുന്ന വെള്ളത്തിന്റെ ശക്തി നിയന്ത്രിക്കാന്‍ സാധിക്കും.
2500 ഏക്കറില്‍ കൂടുതല്‍ സ്ഥലത്തായി നെല്‍കൃഷി നടത്തിവന്നിരുന്ന പെരുവേലിച്ചാല്‍- കരിങ്ങാലിച്ചാല്‍ പുഞ്ചകളിലെ കൃഷിക്കാരന്റെ കാര്‍ഷിക സ്വപ്നങ്ങള്‍ക്ക് വിലങ്ങുതടിയാവുകയാണ് ആറ്റുവെള്ളത്തിന്റെ കയറ്റവും കാലം തെറ്റിവരുന്ന മഴയും.
പലരും കൃഷി ഇറക്കാനുള്ള ഒരുക്കങ്ങള്‍ എടുത്തിരുന്നെങ്കിലും കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് വന്നതോടുകൂടി ഈ വര്‍ഷം വിത്ത് എറിയാമെന്ന കര്‍ഷകരുടെ കണക്കുകൂട്ടലുകള്‍ തെറ്റി. കഴിഞ്ഞ രണ്ടു തവണയും താമസിച്ചായിരുന്നു കൃഷിയിറക്കിയത്. കൊയ്ത്തു സമയമായപ്പോള്‍ വെള്ളംകയറി. ഇതെത്തുടര്‍ന്ന് ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായത്. നഷ്ടങ്ങള്‍ നികത്താന്‍ ഈ പ്രാവശ്യത്തെ കൃഷി സഹായിക്കുമെന്ന കണക്കുകൂട്ടലിനിടക്കാണ് വീണ്ടും പാടത്തു വെള്ളം കയറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: