കോഴിക്കോട്: കുരുവട്ടൂര്‍ പോലൂരിലെ വീട്ടില്‍ അജ്ഞാത പ്രതിഭാസം കണ്ടെത്തുന്നതിനുള്ള കേന്ദ്ര ഭൗമ ശാസ്ത്ര ഗവേഷണ കേന്ദ്രത്തി (സെസ്) ന്റെ പ്രാഥമിക പഠനം പൂര്‍ത്തിയായി. പരിശോധന ഫലം അടുത്തയാഴ്ച ലഭിക്കും. ഇത് പരിഗണിച്ചാകും തുടര്‍ പരിശോധന.
മൂന്ന് ദിവസം നടന്ന പ്രാഥമിക പഠനത്തില്‍ ശേഖരിച്ച ഡാറ്റകള്‍ സെസിന്റെ തിരുവനന്തപുരത്തെ ലാബില്‍ പ്രത്യേക സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് വിദഗ്ധ പരിശോധന നടത്തും. ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് തയ്യാറാകുമെന്നാണ് പ്രതീക്ഷ. റിപ്പോര്‍ട്ട് സര്‍ക്കാറിനും കോഴിക്കോട് ജില്ലാ കളക്ടര്‍ക്കും കൈമാറും.
കേന്ദ്ര ഭൗമ ശാസ്ത്ര ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞന് ഡോ. ബിപിന്‍ പീതാംബരന്, കൃഷ്ണ ഝാ, കെ. എല്‍ദോസ് എന്നിവരടങ്ങിയ മൂന്നംഗ സംഘത്തിന്റെ പഠനം കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. തെക്കേ മാരാത്ത് വീടിന് സമീപവും 20 മീറ്റര്‍ മാറിയുള്ള ചെങ്കല്‍ വെട്ടിയ പ്രദേശത്തുമാണ് ഭൂമിക്കടിയിലേക്ക് വൈദ്യുത തരംഗം കടത്തിവിട്ടുള്ള ഇലക്ട്രിക്കല്‍ റെസിസ്റ്റിവിറ്റി ഇമേജിങ് സര്‍വേ നടത്തിയത്. ഇതിലൂടെ ഭൂമിയുടെ 35 മീറ്റര്‍ താഴെവരെയുള്ള ഘടന പരിശോധനക്ക് വിധേയമാക്കി. ഭൂമിക്കടിയിലെ വിള്ളല്‍, കുഴികള്‍, വെള്ളത്തിന്റെ ഒഴുക്ക് തുടങ്ങിയവയും കുഴലീകൃത മണ്ണൊലിപ്പ് സാധ്യതയും മറ്റും ഇത് വഴി മനസ്സിലാക്കാനാകും. പരിശോധനയുടെ ഭാഗമായി സമീപത്തെ രണ്ട് വീട്ടുകാരെയും താല്‍ക്കാലികമായി മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
കുരുവട്ടൂര്‍ പഞ്ചായത്ത് പോലൂലില് കോണോട്ട് തെക്കെമാരത്ത് ബിജുവിന്റെ വീട്ടിലാണ് കേന്ദ്രസംഘം വിശദമായ അന്വേഷണം നടത്തുന്നത്. പ്രത്യേക പഠനത്തിന് കേന്ദ്ര ഗവേഷണ കേന്ദ്രത്തോട് അടിയന്തിരമായി സ്ഥലത്തെത്തി പരിശോധിക്കാന്‍ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഭൂമിക്കടില്‍ മണ്ണൊലിക്കുന്ന പ്രതിഭാസം (കുഴലീകൃത മണ്ണൊലിപ്പ്) ആണ് പോലൂരില്‍ സംഭവിക്കുന്നതെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിഗമനം. ബിജുവിന്റെ വീട്ടിനുള്ളില്‍ ചിലപ്പോള്‍ പേടിപ്പെടുത്തുന്ന ശബ്ദമാണ്. ആരോ നടക്കുന്നത് പോലെ. വെള്ളം കുത്തിയൊലിക്കുന്ന ശബ്ദവുണ്ട്. പാത്രത്തില്‍ നിറച്ച് വെച്ച വെള്ളം തിരയിളകി തുളുമ്പിപ്പോകുന്നു. പൈലിംഗ് നടത്തുന്നതു പോലുള്ള ഇടിമുഴക്കമാണ് ചിലപ്പോള്‍ കേള്‍ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: