കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി,
സ്ഥാപകന്‍, വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്
ഒരു സംരംഭകനാകണമെന്ന ചിന്ത പഠനകാലത്തൊന്നും എന്റെ സ്വപ്നങ്ങളുടെ കോണുകളില്‍ പോലും ഇല്ലായിരുന്നു. സയന്‍സായിരുന്നു താല്‍പ്പര്യമേഖല. ശാസ്ത്ര ഗവേഷണവുമായി ബന്ധപ്പെട്ട എന്തങ്കിലും ജോലിയായിരുന്നു തേടിയിരുന്നത്. എന്നാല്‍ അത്തരത്തില്‍ നല്ല ജോലിയൊന്നും കിട്ടിയില്ല. കിട്ടിയ ജോലി, ഒരു ചെറിയ കമ്പനിയില്‍ സൂപ്പര്‍വൈസര്‍ ട്രെയിനിയായായിരുന്നു. മൂന്നു വര്‍ഷം അവിടെ ജോലി ചെയ്തു. ആ സ്ഥാപനം മുന്നോട്ടു പോയില്ല. വേറെ നല്ല ജോലിയൊന്നും കിട്ടുന്നുണ്ടായിരുന്നില്ല. എന്തെങ്കിലും ചെയ്തേ പറ്റൂ. സ്വന്തമായി ഒരു സംരംഭം തുടങ്ങാമെന്ന തീരുമാനം എടുത്തത് അപ്പോഴാണ്. ആദ്യത്തെ വഴിത്തിരിവായ തീരുമാനം അതാണ്.
അറിവെന്ന നിക്ഷേപം
ചെറിയ മോഹങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ, കിട്ടിയിരുന്ന സാലറിയെക്കാള്‍ കൂടുതല്‍ വരുമാനം. ചെറുകിട സ്ഥാപനമായി തുടങ്ങി. പടിപടിയായി ഉയര്‍ന്നു. ഇനിയും വളരാന്‍ സാധ്യതയുണ്ടെന്ന് കുറെ കഴിഞ്ഞപ്പോള്‍ തോന്നി. പക്ഷേ ഇനി സ്ഥാപനം വളര്‍ത്തണമെങ്കില്‍ സംരംഭകനും വളര്‍ന്നേ പറ്റൂ. അതിനായി സ്വയം നിക്ഷേപം നടത്തണം. നിക്ഷേപമെന്നാല്‍ വിജ്ഞാനം നേടുകയാണ്. ബിസിനസിനെ പറ്റി കൂടുതല്‍ പഠിക്കണം. എംബിഎയോ ബിസിനസ് പശ്ചാത്തലമോ എനിക്കില്ല. ടെക്നോളജി മാത്രം അറിയാവുന്നതുകൊണ്ട് ബിസിനസ് വളര്‍ത്താനാവില്ല. ഇത്തരത്തില്‍ ബിസിനസിനെ പറ്റി കൂടുതല്‍ പഠിക്കാനെടുത്ത തീരുമാനമാണ് രണ്ടാമത്തെ വഴിത്തിരിവ്.
പഠനം, പരിശീലനം
ഫിനാന്‍സ്, കൊമേഴ്സ്, എക്കൗണ്ട്സ് തുടങ്ങി ബിസിനസില്‍ പരിചയമില്ലാത്ത കാര്യങ്ങളെല്ലാം ഞാന്‍ പഠിക്കാന്‍ തുടങ്ങി. പരിശീലന പരിപാടികളില്‍ പങ്കെടുത്തു, പുസ്തകങ്ങള്‍ വായിച്ചു. കമ്പനിയുടെ തുടക്കത്തില്‍ മാര്‍ക്കറ്റിംഗും ചെയ്യേണ്ടി വന്നിരുന്നു. കമ്യൂണിക്കേഷന്‍ സ്കില്ലും മറ്റും പതിയെപ്പതിയെ മെച്ചപ്പെടുത്തിയെടുത്തു. വി-ഗാര്‍ഡ് മറ്റ് സംസ്ഥാനങ്ങളിലേക്ക് കടന്നപ്പോള്‍ ഇംഗ്ലീഷില്‍ ആശയവിനിമയം നടത്തേണ്ടി വന്നു. നാട്ടിന്‍പുറത്ത് ജനിച്ച് മലയാളം മീഡിയം സ്കൂളില്‍ പഠിച്ചു വന്നതാണ് ഞാന്‍. ഇംഗ്ലീഷില്‍ ഒഴുക്കോടെ സംസാരിക്കാന്‍ ബുദ്ധിമുട്ടാണ്. അത് പരിഹരിക്കാന്‍ ചില കോഴ്സുകള്‍ ചെയ്തു. പൊതുവേദികളില്‍ സംസാരിക്കാനും സഭാകമ്പം മൂലം സാധിച്ചിരുന്നില്ല. അതും മെച്ചപ്പെടുത്താനുള്ള കോഴ്സുകളില്‍ പങ്കെടുത്തു. ഇപ്രകാരം എന്നില്‍ തന്നെ നിക്ഷേപം നടത്താനാണ് ഞാന്‍ ശ്രമിച്ചത്.
യഥാര്‍ത്ഥ റാങ്ക് ജേതാക്കള്‍
സ്കൂള്‍ പഠനകാലത്തൊന്നും ഒരു ഫസ്റ്റ് റാങ്കുകാരനുമായിരുന്നില്ല. ബിസിനസ് വളര്‍ത്തണമെങ്കില്‍ മറ്റു ബിസിനസുകാരെയും നേതാക്കളെയും കണ്ടു പഠിക്കണമെന്ന് എനിക്ക് തോന്നി. മഹാത്മാ ഗാന്ധി, നെല്‍സണ്‍ മണ്ടേല തുടങ്ങി മഹാന്മാരുടെയെല്ലാം ജീവചരിത്രം വായിച്ചു. എന്നെ അല്‍ഭുതപ്പെടുത്തിയ കാര്യം, ജീവിതവിജയം വരിച്ച നേതാക്കളും മഹാന്മാരുമൊന്നും റാങ്ക് ജേതാക്കളൊന്നുമായിരുന്നില്ല, അവരെല്ലാം പടിപടിയായി ഉയര്‍ന്നു വന്നവരാണെന്നതാണ്. ഇത്തരത്തില്‍ നിരവധി ആളുകള്‍ എന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്. ജെആര്‍ഡി ടാറ്റ, രത്തന്‍ ടാറ്റ, നാരായണമൂര്‍ത്തി, അസിം പ്രേജി, ഗോദ്റെജ് എന്നിങ്ങനെ വിജയം നേടിയവരുടെ ജീവചരിത്രം കൗതുകത്തോടെ പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതിന്റെ സ്വാധീനം എന്നിലും ഉണ്ടായിട്ടുണ്ടാവാം. നമുക്ക് ആവശ്യമായ മേഖലകളില്‍ വിജ്ഞാനം ആര്‍ജ്ജിക്കേണ്ടതിന്റെ ആവശ്യകത ഏറെയാണ്.
തീരുമാനമെടുക്കുന്ന നേതാവ്
സംരംഭത്തില്‍ ഒപ്പമുള്ളവര്‍ക്കെല്ലാം അധികാരവും സ്വാതന്ത്ര്യവും നല്കി ഒപ്പം കൊണ്ടുനടക്കുന്നയാളാണ് ഞാന്‍. എല്ലാവരുടെയും അഭിപ്രായം കേള്‍ക്കുമെങ്കിലും അന്തിമ തീരുമാനം എന്റേതായിരിക്കും. സംരംഭകന് സ്വന്തം തീരുമാനത്തില്‍ ഉറച്ചു നില്‍ക്കണം, അത് മുറുകെപ്പിടിക്കണം, വിജയിപ്പിച്ചു കാണിച്ചു കൊടുക്കണം. അപ്പോഴാണ് നേതാവായി അംഗീകരിക്കപ്പെടുക.
സംരംഭകനെന്ന ഓള്‍റൗണ്ടര്‍
സംരംഭകന് ഒരു ഓള്റൗണ്ടറായിരിക്കണം. സംരംഭത്തിലെ എല്ലാ മേഖലകളെയും പറ്റി ശരാശരി ഗ്രാഹ്യം വേണം. മറ്റ് പ്രൊഫഷനുകളില്‍ ഉള്ളവര്‍ക്ക് അതാത് മേഖലകളില്‍ പ്രാവീണ്യം മതിയാകും. എന്നാല്‍ സംരംഭകനാവട്ടെ ബാക്കും ഫോര്‍വേഡും കളിക്കുന്ന, ഗോള്‍പോസ്റ്റിലും നില്ക്കുന്ന ഒരു ഓള്റൗണ്ടറാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: