ന്യൂദല്‍ഹി: അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് വാര്‍ത്ത വ്യാജമാണ്. ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വ്യാജ വാര്‍ത്തയാണ് അഞ്ചു ലക്ഷം രൂപ സൗജന്യ ചികില്‍സ ലഭിക്കുന്ന ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഇപ്പോള്‍ 50 രൂപ അടച്ച് അംഗമായി ചേരാം എന്നുള്ളത്. ഫോട്ടോയും, ആധാര്‍ കാര്‍ഡും, റേഷന്‍ കാര്‍ഡുമായി ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങളായ സിഎസ്സി കേന്ദ്രങ്ങളിലോ, അക്ഷയ കേന്ദ്രങ്ങളിലോ ചെന്ന് രജിസ്റ്റര്‍ ചെയ്താല്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് ലഭിക്കും എന്നുള്ളതാണ് വാര്‍ത്ത. ഇത് തികച്ചും വാസ്തവ വിരുദ്ധമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇതിന്റെ സത്യാവസ്ഥ എന്താണെന്നു വെച്ചാല്‍ 2021 സപ്തംബര്‍ 27ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്റെ ഭാഗമായി പുറത്തിറക്കിയ ആരോഗ്യ കാര്‍ഡിന് അഞ്ചു ലക്ഷം രൂപയുടെ ചികില്‍സ സൗജന്യം ലഭിക്കും എന്ന് തെറ്റിദ്ധരിച്ചാണ് ഇങ്ങനെ ഒരു വാര്‍ത്ത പ്രചരിപ്പിക്കുന്നത്.
ഓരോ പൗരന്റെയും സമ്പൂര്‍ണ്ണ ആരോഗ്യ വിവരങ്ങള്‍ സൂക്ഷിക്കാനായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയാണ് ആരോഗ്യ ഐഡി കാര്‍ഡ്. ഇതിന്റെ രജിസ്ടേഷന് ഇപ്പോള്‍ ആരംഭിച്ചിരിക്കുകയാണ്. 2020 ആഗസ്ത് 15ന് ആറു കേന്ദ്ര ഭരണപ്രദേശങ്ങളില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പിലാക്കിയ പദ്ധതിയാണ് ഇപ്പോള്‍ രാജ്യവ്യാപകമായി നടപ്പിലാക്കിയിരിക്കുന്നത്. ഇത് പൊതുജനങ്ങള്‍ക്കു പുറമെ ഡോക്ടര്‍മാര്‍ക്കും, ആശുപത്രികള്‍ക്കും, ലാബ്, ഫാര്‍മസി മുതലായ എല്ലാ ആരോഗ്യ സംവിധാനങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യാവുന്നതും പരസ്പരം ബന്ധിപ്പിക്കാവുന്നതുമാണ്.
ഉപഭോക്താവിന്റെ ആരോഗ്യ വിവരങ്ങള്‍ ആരോഗ്യ ഐഡി രജിസ്റ്റര്‍ ചെയ്ത അക്കൗണ്ടുമായി ബന്ധിപ്പിക്കാവുന്നതാണ്. ഇത്തരത്തില്‍ ബന്ധിപ്പിച്ച അക്കൗണ്ടില്‍ നിന്നും ഉപഭോക്താവിന്റെ അനുമതിയോടു കൂടി രാജ്യത്തെവിടെയുമുള്ള ഇതില്‍ രജിസ്റ്റര്‍ ചെയ്ത ചികില്‍സ കേന്ദ്രത്തിന് ഉപഭോക്താവിന്റെ സമ്പൂര്‍ണ്ണ ആരോഗ്യ വിവരങ്ങള്‍ ലഭിക്കുന്നതാണ്.
ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്റെ ഭാഗമായിട്ടുള്ളതിനാല്‍ നിലവില്‍ രാജ്യത്ത് നടപ്പിലാക്കിയ 5 ലക്ഷം രൂപയുടെ ചികില്‍സ സൗജന്യം ലഭിക്കുന്ന ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഗുണഭോക്താക്കളെ ഇതുമായി ബന്ധപ്പെടുത്തിയിരിക്കുകയാണ്. ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഗുണഭോക്താക്കളെല്ലാത്തവര്ക്കും ഇതില്‍ രജിസ്റ്റര്‍ ചെയ്ത് ആരോഗ്യ ഐഡി കാര്‍ഡ് എടുക്കാവുന്നതാണ്.
ചുരുക്കി പറഞ്ഞാല്‍ ആരോഗ്യ ഐഡി കാര്‍ഡ് ഉള്ളവര്‍ക്ക് നിലവില്‍ ചികില്‍സ തേടുന്ന ആശുപത്രിയില്‍ നിന്നും രാജ്യത്തെവിടെയുമുള്ള മറ്റേതെങ്കിലും ആശുപത്രിയില്‍ വിദഗ്ദ ചികില്സക്കോ മറ്റോ പോകേണ്ടി വന്നാല്‍ നമ്മുടെ ആരോഗ്യ ഐഡി കാര്‍ഡ് മാത്രം കാണിച്ചാല്‍ നമ്മുടെ അതുവരെയുള്ള ചികില്‍സയുടെ പൂര്‍ണ്ണരൂപവും നമ്മുടെ ആരോഗ്യസ്ഥിതിയും മനസ്സിലാക്കുവാന്‍ സാധിക്കും.
കൂടാതെ ടെലി മെഡിസിന് സംവിധാനം വഴി രാജ്യത്തെ പ്രമുഖ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് ആരോഗ്യ ഐഡി കാര്‍ഡ് നമ്പര്‍ നല്കിയാല് നമ്മുടെ പൂര്‍ണ്ണ ആരോഗ്യസ്ഥിതി മനസ്സിലാക്കി നമ്മളെ ചികിത്സിക്കുവാന്‍ സാധിക്കും. കേരളത്തെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക മുന്‍പ് കേരള സര്‍ക്കാറിന്റെ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ളവരും, കേന്ദ്ര സര്‍ക്കാര്‍ 2017ലെ സാമ്പത്തിക സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ കണ്ടെത്തി പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് നേരിട്ട് ഈ പദ്ധതിക്ക് അര്‍ഹരാണെന്ന് അറിയിച്ചു കൊണ്ട് കത്ത് ലഭിച്ചിട്ടുള്ളവര്‍ക്കും മാത്രമാണ്. പുതിയതായി ഈ പദ്ധതിയില്‍ ചേരുവാന്‍ കേരളത്തില്‍ സാധ്യമല്ല. അതുകൊണ്ട് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള ആരോഗ്യ ഐഡി കാര്‍ഡ് എടുക്കുന്നവര്‍ക്ക് 5 ലക്ഷം രൂപയുടെ സൗജന്യ ചികില്‍സ ലഭിക്കും എന്നുള്ളത് വ്യാജ വാര്‍ത്തയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: