കൊച്ചി : മോന്സന് മാവുങ്കല്‍ ഒന്നരലക്ഷം രൂപ തട്ടിച്ചെന്ന് ആരോപിച്ച് പരാതി. ആലപ്പുഴ തുറവൂര്‍ സ്വദേശി ബിജു കോട്ടപ്പള്ളിയാണ് പരാതി നല്‍കിയത്. മോന്സന് അറസ്റ്റിലായതിന് പിന്നാലെ പോലീസ് സ്റ്റേഷനില്‍ ഇപ്പോള്‍ ഇയാള്‍ക്കെതിരെയുള്ള പരാതി പ്രവാഹമാണ്. പണം തട്ടിച്ചെന്നാണ് പലരുടേയും പരാതി. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് തുറവൂര്‍ സ്വേദശി ബിജു കോട്ടപ്പള്ളിയുടെത്.
2017 ഡിസംബര്‍ 29 ന് തന്നോട് ഒന്നരലക്ഷം രൂപ മോന്സന് ആവശ്യപ്പെട്ടത്. തന്റെ സഹോദരന് വഴിയാണ് മോന്സന് താനുമായി ബന്ധപ്പെട്ടത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയാണെന്നും തന്റെ കൈയില്‍ പണമില്ലെന്നും പറഞ്ഞു. ഇതോടെ 20 ദിവസത്തിനകം തിരിച്ചു തരുമെന്നും സ്വര്‍ണം പണയം വെച്ചെങ്കിലും പണം കണ്ടെത്താന്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് ഭാര്യയുടെ സ്വര്‍ണം പണയം വെച്ച് തുക ഒപ്പിച്ചു. മോന്സന് ആവശ്യപ്പെട്ട പ്രകാരം 2018 ജനുവരിയില്‍ പണം തുറവൂരിലെ ഒരു കച്ചവടക്കാരനെ ഏല്‍പ്പിച്ചു. ഒരു വര്‍ഷം കഴിഞ്ഞിട്ടും പണം തിരികെ തന്നിട്ടില്ല. വീണ്ടും പണത്തിനായി ചെന്നതോടെ തനിക്ക് ഒരു പജീറോ കൈമാറി. ഇത് പൊളിക്കാന്‍ ഇട്ടിരിക്കുന്ന വണ്ടിയാണെന്ന് പിന്നീടാണ് മനസ്സിലായതെന്നും പരാതിക്കാരന് പറയുന്നു. പണയം വെച്ച സ്വര്‍ണം തിരിച്ചെടുക്കാന്‍ പലിശ സഹിതം ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ വേണം. മോന്‍സനെതിരെ പോലീസ് നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.
ഇതിനിടെ നടനും സംവിധായകനുമായ ശ്രീനിവാസനെതിരെ ക്രൈംബ്രാഞ്ച് കേസിലെ പരാതിക്കാരിലൊരാളായ അനൂപ് അഹമ്മദ് മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസയച്ചു. ഒരു ടിവി ചാനലിന് നല്കിയ അഭിമുഖത്തില്‍ മോന്‍സനെതിരെ പരാതി നല്കിയവര് തട്ടിപ്പുകാരാണെന്ന് വിശേഷിപ്പിച്ചതിനാണ് നടപടി. പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ ഒന്നരക്കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നല്‍കുമെന്നും നോട്ടീസില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: