കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസില്‍ പിടിയലായ മോന്സന് മാവുങ്കലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സാമ്പത്തിക തട്ടിപ്പ്കേസിലും ഭൂമിയിടപാട് കേസിലുമാണ് മോന്സന് ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍ ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നും ജാമ്യം നല്‍കരുതെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
എറണാകുളം സിജെഎം കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. മോന്സന് ഉന്നത സ്വാധീനങ്ങളുണ്ട്. ഇതിലൂടെ കക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ട്. അതിനാല്‍ ജാമ്യം നല്‍കരുതെന്നാണ് പ്രോസിക്യൂഷന് കോടതിയില്‍ അറിയിച്ചത്. എന്നാല്‍ ആരോപണങ്ങള്‍ ജാമ്യം നിഷേധിക്കുന്ന തരത്തിലുള്ള ഗൗരവമുള്ളതല്ലന്നായിരുന്നു മോന്‍സന്റെ വാദം.
അതേസമയം കെപിസിസി പ്രസിഡന്റ് കെ. സുധാകരന് വന്നത് ചികിത്സക്കെന്ന് മോന്സന് അന്വേഷണസംഘത്തിന് മുമ്പാകെ വെളിപ്പെടുത്തി. സുധാകരന് മോന്‍സനൊപ്പം നില്ക്കുന്ന ചിത്രം പുറത്തുവരികയും ഇത് വിവാദമാവുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി. ചികിത്സയ്ക്കായി ആറ് തവണ അദ്ദേഹം തന്റെ വീട്ടില്‍ വന്നിട്ടുണ്ട്. എന്നാല്‍ വീട്ടില്‍ താമസിച്ചിട്ടില്ല. ചികിത്സയ്ക്കായി വന്ന് പോവുകയായിരുന്നു. അതുകഴിഞ്ഞ് മടങ്ങുകയും ചെയ്തെന്നും മോന്സന് വെളിപ്പെടുത്തി.
കെ. സുധാകരന്റെ സാന്നിധ്യത്തിലാണ് മോന്സന് 25 ലക്ഷം രൂപ കൈമാറിയതെന്ന പരാതിക്കാരനില്‍ ഒരാള്‍ വെളിപ്പെടുത്തിയിരുനുന്നു. 2018 നവംബറിലായിരുന്നു ആ കൂടിക്കാഴ്ച. ഇത് കൂടാതെ ദല്‍ഹിയിലെ വിഷയങ്ങള്‍ പരിഹരിക്കാമെന്ന് സുധാകരന് അപ്പോള്‍ വാക്കുനല്‍കിയതായും ക്രൈംബ്രാഞ്ചിന് നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: