മുംബൈ: മുംബൈയില്‍ വീണ്ടും വന്‍ ലഹരിമരുന്ന വേട്ട. ഡയറക്ടര്‍ ഓഫ് റവന്യൂ ഇന്റലിജന്‍സ് മുംബൈ സോണല്‍ യൂണിറ്റിന്റെ റെയ്ഡിനിടെ നവി മുംബൈയിലെ നവാ ഷെവ പോര്‍ട്ടിലെ (ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ട്) ഒരു കണ്ടെയ്നറില്‍ നിന്ന് അന്താരാഷ്ട്ര വിപണിയില്‍ 125 കോടി വിലമതിക്കുന്ന 25 കിലോ ഹെറോയിനാണ് പിടിച്ചെടുത്തത്. ബിസിനസുകാരനായ ജയേഷ് സംഘ്വിയെ സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.
നവി മുംബൈയില്‍ നിന്നുള്ള 62-കാരനായ ജയേഷ് ഇറാനില്‍ നിന്ന് നിലക്കടല എണ്ണയില്‍ ഒളിപ്പിച്ച നിലയിലാണ് 25 കിലോഗ്രാം ഹെറോയിന്‍ കടത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഇറാനില്‍ നിന്ന് വന്ന കപ്പലിലെ കണ്ടെയ്നറുകള്‍ നവി മുംബൈയിലെ നാവ ഷെവയില്‍ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ച് തെരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ന്നാണ് ഹെറോയിന്‍ കണ്ടെടുത്തത്.
കഴിഞ്ഞ മാസം മുംബൈ എയര്‍പോര്‍ട്ടില്‍ 5 കിലോ ഹെറോയിനുമായി രണ്ട് സ്ത്രീകളെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിരുന്നു. പിടിച്ചെടുത്ത മരുന്നിന്റെ വില ഏകദേശം 25 കോടി രൂപയായിരുന്നു. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ നിന്ന് എത്തിയ അമ്മയും മകളുമാണ് ട്രോളി ബാഗില്‍ ഹെറോയിന്‍ കടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: