തിരുവനന്തപുരം: ഒന്നരമാസത്തിനിടെ കൃഷിയിടത്തിലിറങ്ങിയ 504 കാട്ടുപന്നികളെ കര്‍ഷകര്‍ വെടിവച്ചുകൊന്നുവെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന് നിയമസഭയില്‍ പറഞ്ഞു. വന്യജീവി ആക്രമണം സംബന്ധിച്ച് അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.
വന്യജീവി ആക്രമണം മുന്‍കൂട്ടി തിരിച്ചറിയാന്‍ 17 വനമേഖലകളില്‍ ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്തുന്നത് പരിഗണനയിലാണ്. 246 പ്രദേശങ്ങളില്‍ ജനജാഗ്രതാ സമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അഞ്ച് വര്‍ഷത്തിനിടയില്‍ 125 പേര് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ചാലക്കുടിയില്‍ മാത്രം ഈവര്‍ഷം ആറു പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടുവെന്നും അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച സണ്ണിജോസഫ് പറഞ്ഞു. വന്യജീവികളുടെ എണ്ണം വര്‍ധിക്കുകയാണ്. 1993ല്‍ 4286 ആനകള്‍ ഉണ്ടായിരുന്നത് 2011ല്‍ 7384 ആയി. ഇപ്പോള്‍ എണ്ണായിരത്തിലധികം വരുമെന്നും അദ്ദേഹം പറഞ്ഞു.
നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുമതി നല്‍കിയിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും യൂണിഫോമിട്ട തോക്ക് കൈകാര്യം ചെയ്യാന്‍ അധികാരമുള്ള ഉദ്യോഗസ്ഥര്‍ക്കും തോക്ക് ലൈസന്‍സുള്ള നാട്ടുകാര്‍ക്കുമാണ് അനുമതി ലഭിച്ചത്.
കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആദിവാസി യുവതിയുടെ കേള്‍വി ശക്തി നഷ്ടമായ സംഭവത്തില്‍ ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന് യുവതിയുടെ ചികിത്സ, നഷ്ടപരിഹാരം, കാട്ടുപന്നി ആക്രമണത്തിനെതിരെ സ്വീകരിച്ച നടപടികള്‍ തുടങ്ങിയ വിശദാംശങ്ങള്‍ 15 ദിവസത്തിനകം അറിയിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു. കാട്ടുപന്നികള്‍ക്ക് പുറമെ കാട്ടാന ശല്യവും രൂക്ഷമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: