ചെന്നൈ: തമിഴ് താരം അജിത്തിന്റെ വീടിന് മുന്നില്‍ യുവതിയുടെ ആത്മഹത്യ ശ്രമം. അജിത്തും ശാലിനിയും കാരണം തന്റെ ജോലി നഷ്ടമായെന്ന് ആരോപിച്ചാണ് ഫര്‍ഹാന തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. യുവതിയെ പൊലീസും നാട്ടുകാരും ചേര്‍ന്ന് ദേഹത്ത് വെള്ളമൊഴിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. ഇവരെ പിന്നീട് അറസ്റ്റ് ചെയ്തു. യുവതിയ്ക്ക് കൗണ്‍സിലിങ് നല്കി കേസെടുക്കാതെ വിട്ടയയ്ക്കുകയായിരുന്നു.
ഫര്‍സാന നഴ്സായി ജോലി ചെയ്തിരുന്ന തെയ്നാംപേട്ടിലെ സ്വകാര്യ ആശുപത്രിയില്‍ 2020ല്‍ അജിത്തും ശാലിനിയും വന്നപ്പോള്‍ ഇരുവര്‍ക്കുമൊപ്പം നിന്ന് ഫര്‍സാന വീഡിയോ എടുത്തിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ വൈറലാവുകയും ജോലി സ്ഥലത്തെ നിയമങ്ങള്‍ ലംഘിച്ചു എന്ന് ആരോപിച്ച് ഫര്‍സാനയെ ജോലിയില്‍ നിന്ന് പുറത്താക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് ജോലി തിരികെ കിട്ടാന്‍ സഹായമഭ്യര്‍ഥിച്ച് ഫര്‍സാന ശാലിനിയെ സമീപിച്ചിരുന്നുവെങ്കിലും അനുകൂലമായ മറുപടി ലഭിച്ചില്ല.
ഇതോടെ മറ്റൊരു സ്ത്രീക്കൊപ്പം ഫര്‍സാന അജിത്തിന്റെ വീട്ടിലേക്ക് എത്തി തന്റെ ജോലി നഷ്ടപ്പെടാന്‍ കാരണം അജിത്താണെന്നും തനിക്ക് അജിത്തിനെ കാണണമെന്നും പറഞ്ഞ് ഇവര്‍ ഉറക്കെ കരയുകയും തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. ഉടനെ തന്നെ പൊലീസും നാട്ടുകാരും ചേര്‍ന്ന് ഇവരുടെ ദേഹത്തേക്ക് വെള്ളമൊഴിച്ച് തീയണച്ചതിനാല്‍ അപകടം ഒഴിവാക്കാനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: