തിരുവനന്തപുരം: തലസ്ഥാനത്തെ എംഎല്‍എ ഹോസ്റ്റലില്‍ വച്ച് ഡിവൈഎഫ്ഐ ഭാരവാഹിയായ 19കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ മുന്‍ ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയെ ഹാജരാക്കാന്‍ തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവ്. ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയായിരുന്ന ആര്.എല്‍. ജീവന്‍ലാല്‍ ആണ് മാനഭംഗ കേസിലെ പ്രതി. പ്രതി 2022 ഫെബ്രുവരി മൂന്നിന് ഹാജരാകാനാണ് മജിസ്ട്രേറ്റ് അഭിനിമോള്‍ രാജേന്ദ്രന് ഉത്തരവിട്ടത്.
2018 ജൂലൈ 11ന് ഇരിങ്ങാലക്കുട എംഎല്‍എ കെ.യു. അരുണന്റെ മുറിയില്‍ വച്ചാണ് സംഭവം. തലസ്ഥാനത്തെ എന്‍ജിനീയറിങ് കോച്ചിങ് ക്ലാസ് പ്രവേശന ശുപാര്‍ശയ്ക്ക് വേണ്ടിയാണ് തൃശ്ശൂരില്‍ നിന്ന് ജീവന് ലാലിനൊപ്പം പെണ്‍കുട്ടി ജൂലൈ ഒമ്പതിന് വൈകിട്ടോടെ എംഎല്‍എ ഹോസ്റ്റലില്‍ എത്തിയത്. സീറ്റ് റെഡിയായി 11ന് മടങ്ങാന്‍ ഒരുങ്ങവെ ജീവന്‍ലാല്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ കൈയേറ്റവും ബലപ്രയോഗവും നടത്തുകയും അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നുമാണ് പരാതി. വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞു. പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് ഇരിങ്ങാലക്കുട ഡിവൈഎസ്പിക്ക് പരാതി നല്കി.
എംഎല്‍എ ഹോസ്റ്റല്‍ രജിസ്റ്റര്‍, ജീവനക്കാരുടെ മൊഴി എന്നിവ എംഎല്‍എ ഹോസ്റ്റലില്‍ യുവതിയും ജീവന്‍ലാലും താമസിച്ചതായി സാധൂകരിക്കുന്നു. ജീവന്‍ലാലിനെതിരെ പോലീസ് കേസെടുത്ത വിവരം മാധ്യമവാര്‍ത്തയായതോടെ പ്രതിക്കെതിരെ ഇരിങ്ങാലക്കുടയിലെ പാര്‍ട്ടി പ്രവര്‍ത്തകരായ രണ്ടു പെണ്‍കുട്ടികള്‍ കൂടി നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. സംഭവങ്ങള്‍ വിവാദമായതോടെ നേതൃത്വം ജീവന്‍ലാലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി മുഖം രക്ഷിച്ചു.
2018 ഡിസംബര്‍ അഞ്ചിന് മ്യൂസിയം പോലീസാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. തുടര്‍ന്ന് 2020 ഫെബ്രുവരി 12ന് പ്രതി കോടതിയില്‍ ഹാജരായി ജാമ്യമെടുത്തിരുന്നു. വിചാരണയ്ക്കു മുന്നോടിയായി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച് കുറ്റം ചുമത്തുന്നതിലേക്കായാണ് പ്രതിയെ കോടതി വീണ്ടും വിളിച്ചു വരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: