ന്യൂദല്‍ഹി: കുട്ടികള്‍ക്കും വാക്സിന് നല്‍കിയാലേ രാജ്യം കൊവിഡ് മഹാമാരിയില്‍ നിന്ന് മോചനമാകൂവെന്ന് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഡയറക്ടര്‍ ഡോ.രണ്‍ദീപ് ഗുലേറിയ. കുട്ടികളിലെ പ്രതിരോധ ശേഷി മുതിര്‍ന്നവരുടേതില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. അവരില്‍ രോഗബാധ തീവ്രമാകുന്നതിനുള്ള സാധ്യത കുറവായതിനാലാണ് വാക്സിനേഷന് അവസാന ഘട്ടത്തിലേക്ക് മാറ്റിയത്. ഇനിയുള്ള ലക്ഷ്യം അവരാകണം.
രാജ്യത്ത് എട്ടു മുതല്‍ പന്ത്രണ്ട് വയസ് വരെ പ്രായമുള്ള കുട്ടികളില്‍ കൊവിഡ് വാക്സിനേഷന് നടപടി വേഗത്തിലാക്കണം. സ്കൂളുകള്‍ ഓരോ ഘട്ടങ്ങളിലായി തുറക്കുന്നതിനും വാക്സിനേഷന് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസമാണ് ദല്‍ഹിയില്‍ ഒമ്പത് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓഫ്ലൈന് പഠനം ആരംഭിച്ചത്. ദല്‍ഹിയില്‍ സ്കൂള്‍ തുറക്കുന്നതില്‍ അടുത്ത ഘട്ടം തീരുമാനിക്കാനും വാക്സിനേഷന് നടപടികള്‍ വിലയിരുത്താനും ദുരന്ത നിവാരണ അതോറിറ്റി യോഗം ചേര്‍ന്നു.
കൊവിഡിനെതിരായ പോരാട്ടം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും എയിംസ് ഡയറക്ടര്‍ ഓര്‍മപ്പെടുത്തി. ഉത്സവ വേളകള്‍ കൂടുതലായി വരുന്ന സാഹചാര്യത്തില്‍ അടുത്ത ആറാഴ്ച മുതല്‍ എട്ടാഴ്ച വരെ എല്ലാവരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ് വരുത്താനാകണം.
ഭാരത് ബയോടെകിന്റെ കൊവിഡ് വാക്സിനായ കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കോവിഷീല്‍ഡ്, കോവാക്സിനുകള്ക്ക് പുറമേ അഹമ്മദാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സൈഡസ് കാഡിലയുടെ നേസല്‍ വാക്സിനായ സൈക്കൊവ് ഡി ഉടന്‍ തന്നെ പരീക്ഷണമാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: