തിരുവനന്തപുരം : 18 വയസ്സ് കഴിഞ്ഞവരില്‍ കോവിഡ് വാക്സിന് വിതരണം പൂര്‍ത്തിയാക്കുകയെന്ന ലക്ഷ്യം കൈവരിക്കാനാകാതെ കേരളം. മതപരമായ വിശ്വാസങ്ങളും അലര്‍ജി ഉള്‍പ്പടെയുള്ള രോഗങ്ങളും മൂലം സംസ്ഥാനത്ത് 21 ലക്ഷം പേരാണ് വാക്സിന് എടുക്കുന്നതിനോട് വിമുഖത കാണിക്കുന്നത്.
സംസ്ഥാനത്ത് 18 വയസ് കഴിഞ്ഞവരില്‍ 92.5% പേരാണ് ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവര്‍. രണ്ടുഡോസും കിട്ടിയവര്‍ 41 ശതമാനവുമാണ്. രണ്ടു കോടി അറുപത്തെട്ട് ലക്ഷം പേരില്‍ ആദ്യ ഡോസ് വാക്സിന് പൂര്‍ത്തിയാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. എന്നാല്‍ നല്ലൊരു വിഭാഗം വാക്സിന് സ്വീകരിക്കുന്നതിനോട് വിമുഖത പ്രകടിപ്പിച്ചതോടെ 21 ലക്ഷം പേര് വാക്സിന് പ്രതിരോധത്തിന് പുറത്താണ്.
ആലപ്പുഴ, കോട്ടയം ജില്ലകളാണ് വാക്സിനേഷനില്‍ ഏറ്റവും പിന്നിലുള്ളത്. ചിലര്‍ കുത്തിവയ്പെടുക്കുന്നതിനോട് കടുത്ത എതിര്‍പ്പിലാണ്. വാക്സിന് പകരം ഇതര ചികിത്സാ മാര്‍ഗ്ഗങ്ങളാണ് കോവിഡിനെ പ്രതിരോധിക്കുന്നതെന്ന് വിശ്വസിക്കുന്നവരുമുണ്ട്. അലര്‍ജിയുള്ളവര്‍ക്കും വാക്സീന് പേടിയുണ്ട്. മറ്റ് ഗുരുതര അസുഖങ്ങുള്ളഒരു വിഭാഗവും വാക്സീനെടുത്തിട്ടില്ല. തീവ്രമത വിശ്വാസങ്ങള്‍ വാക്സിന് സ്വീകരിക്കുന്നതില്‍ നിന്നും പിന്നോട്ട് പോകുന്നുണ്ട് ഇത് കൂടാതെ കോവിഡ് പോസിറ്റീവായി 90 ദിവസം കഴിയാത്തതിനാല്‍ കുത്തിവെയ്പ്പെടുക്കാന്‍ സാധിക്കാത്തവരുമുണ്ട്.
അതേസമയം എറണാകുളം ജില്ലയില്‍ പൂര്‍ത്തീകരിച്ചു. പത്തനംതിട്ട 99 ശതമാനത്തിനും വയനാട് 98 ശതമാനത്തിനും ഇടുക്കിയില്‍ 94 ശതമാനംപേര്‍ക്കും ആദ്യ ഡോസ് ലഭിച്ചു. ജനസാന്ദ്രത കൂടുതലുള്ള മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകള്‍ 93% ലക്ഷ്യം കൈവരിച്ചെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
രാജ്യത്തെ പ്രതിദിന കോവിഡ് കണ്ക്കുകളില് ഏറ്റവും കൂടുതല്‍ ഉള്ളത് കേരളത്തിലേതാണ്. സംസ്ഥാനത്ത് ഇപ്പോഴും പ്രതിദിനം 100ലേറെ പേര് കോവിഡ് ബാധിച്ചു മരിക്കുന്നു. ഏറെയും വാക്സീന് സ്വീകരിക്കാത്തവരോ രണ്ടു ഡോസും പൂര്ത്തീകരിക്കാത്തവരോ ആണ്. ഇതു ചൂണ്ടിക്കാട്ടി എത്രയും വേഗം പ്രതിരോധ കുത്തിവെയ്പ് എടുക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: