തൃശൂര്‍: സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടും കലാപരിശീലന കേന്ദ്രങ്ങളുടെ വാതില്‍ അടഞ്ഞു തന്നെ. സിനിമാ തിയറ്ററുകള്‍ കൂടി തുറക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമ്പോള്‍ നൃത്തം, സംഗീതം, ചിത്രകല, നാടകം തുടങ്ങിയ പരിശീലന സ്ഥാപനങ്ങളെല്ലാം രണ്ടു വര്‍ഷമായി അടഞ്ഞു കിടക്കുകയാണ്.
കലാപരിശീലന കേന്ദ്രങ്ങള്‍ ഇനിയും അടച്ചിടുന്നത് അനീതിയാണെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു. കലാപരിശീലന രംഗത്തുള്ള ആയിരക്കണക്കിന് അധ്യാപകരാണ് തൊഴിലും വരുമാനവുമില്ലാതെ ദുരിത ജീവിതം നയിക്കുന്നത്. പരിപാടികളില്ലാത്തതിനാല്‍ കലാകാരന്മാരുടെ കുടുംബങ്ങള്‍ പട്ടിണിയിലായിട്ടും സര്‍ക്കാര്‍ യാതൊരു നടപടിയുമെടുക്കുന്നില്ല. നൃത്തവും സംഗീതവും അഭ്യസിക്കുന്ന കുട്ടികള്‍ കലാപരിശീലന സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ പരിശീലനം നടത്താനാകാതെ കഷ്ടപ്പെടുകയാണ്. തുടര്‍ച്ചയായി പരിശീലനം നടത്താത്തതിനാല്‍ തങ്ങളുടെ കലാപ്രതിഭ തെളിയിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കാകുന്നില്ല.
വിവിധ മേഖലകളില്‍ വളര്‍ന്നുവരുന്ന യുവകലാകാരന്മാരും വേദികള്‍ കിട്ടാതെ ബുദ്ധിമുട്ടുകയാണ്. നവരാത്രി ദിനങ്ങളില്‍ നൃത്ത-സംഗീത രംഗത്തുള്ള കലാകാരന്മാര്ക്ക് നിരവധി പരിപാടികള്‍ അവതരിപ്പിക്കാന്‍ വേദികള്‍ ലഭിക്കാറുണ്ട്. വിജയദശമി ആഘോഷളുടെ ഭാഗമായി ക്ഷേത്രങ്ങളിലും മറ്റുമായി പരിപാടികള്‍ക്ക് അവസരം കിട്ടുന്നവരാണ് നൃത്ത-സംഗീത-ക്ഷേത്ര കലാകാരന്മാര്. നവരാത്രി ആഘോഷങ്ങള്ക്കെങ്കിലും കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ അനുമതി നല്കുകയാണെങ്കില് ഇപ്പോഴത്തെ ദുരിതത്തിന് കുറച്ചെങ്കിലും പരിഹാരമാകുമെന്ന് കലാകാരന്മാര് പറയുന്നു.
നൃത്ത-സംഗീത രംഗത്തെ പോലെ മിമിക്രി, നാടക, ഗാനമേള മേഖലയിലുള്ള ആയിരക്കണക്കിന് കലാകാരന്മാരും പ്രതിസന്ധിയിലാണ്. സിനിമ ഷൂട്ടിങ് തുടങ്ങുകയും ഒടിടി വഴി പുറത്തിറക്കുകയും ചെയ്യുന്നുണ്ട്. നാടകത്തിലേയും മിമിക്രിയിലേയും കലാകാരന്മാര് വേദികള്‍ക്കായി ഇപ്പോഴും കാത്തിരിക്കുകയാണ്. ഓഡിറ്റോറിയങ്ങള്‍ തുറക്കുമ്പോള്‍ അവിടെ രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനങ്ങളും വിവാഹവുമെല്ലാം നടത്തുന്നുണ്ട്. കലാകാരന്മാര്ക്ക് മാത്രം തുറന്ന വേദികളില്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കാത്ത സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ല. സിനിമാ തിയറ്റര്‍ തുറക്കാനുളള തീരുമാനമെടുക്കുമ്പോള്‍ രണ്ടു വര്‍ഷമായി അടഞ്ഞു കിടക്കുന്ന കലാപരിശീലന സ്ഥാപനങ്ങളുടെ കാര്യം കൂടി പരിഗണിക്കണമെന്ന് ഈരംഗത്തുള്ളവര്‍ ആവശ്യപ്പെടുന്നു.
അരങ്ങിലെ ജീവിതങ്ങളെ സര്‍ക്കാര്‍ അവഗണിക്കുന്നു
കലാപരിശീലന കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുവദിക്കാതെ അരങ്ങിലെ ജീവിതങ്ങളെ സര്‍ക്കാര്‍ അവഗണിക്കുകയാണ്. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷമായി കലാപരിശീലന കേന്ദ്രങ്ങള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ കലാതൊഴിലില് ഏര്‍പ്പെട്ടിട്ടുള്ളവര്‍ പട്ടിണിയിലാണ്. ഇവരെ ഇനിയും വിധിക്ക് വിട്ടുകൊടുക്കരുത്. ഇത്തരം കേന്ദ്രങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിദ്യാര്‍ത്ഥികളെ ബാച്ചുകളായി പരിശീലിപ്പിക്കാന്‍ അനുവദിക്കണം. വിജയദശമി ആഘോഷത്തിനെങ്കിലും നൃത്ത-സംഗീത-ക്ഷേത്ര കലാകാരന്മാര്ക്ക് കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കണം.
-രവി കേച്ചേരി (നന്മ-മലയാള കലാകാരന്മാരുടെ ദേശീയ സംഘടന, സംസ്ഥാന ജന.സെക്രട്ടറി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: