ലഖ്നൗ : ഉത്തര്‍പ്രദേശ് ജയിലില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കാണാന്‍ വ്യാജ ആര്‍ടിപിസിആര്‍ പരിശോധനാഫലവുമായി എത്തിയ മൂന്ന് മലയാളി വനിതകള്‍ അറസ്റ്റില്‍. ലഖ്നൗ ജില്ലാ ജയിലില്‍ കഴിയുന്ന പിഎഫ്ഐ നേതാക്കളായ ഫിറോസ്, അന്‍ഷാദ് ബദറുദ്ദീന്‍ എന്നിവരെ സന്ദര്‍ശിക്കാനെത്തിയ ഇവരുടെ ഭാര്യമാരും ബന്ധുവുമാണ് അറസ്റ്റിലായിരിക്കുന്നത്.
ബദറുദ്ദീന്റെ ഭാര്യ നസീമ ഉള്‍പ്പടെയുള്ളവര്‍ ഞായറാഴ്ചയാണ് യുപിയില്‍ എത്തിയത്. 20നും 30നും പ്രായമുള്ളവരാണ് ഇപ്പോള്‍ അറസ്റ്റിലായത്. വഞ്ചന വ്യാജ രേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജയിലില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുന്നതിനായി സമര്‍പ്പിച്ച ആര്‍ടിപിസിആര്‍ രേഖ വ്യാജമാണെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി.
മൂവരും സമര്‍പ്പിച്ച ആര്‍ടിപിസിആര്‍ റിപ്പോര്‍ട്ടില്‍ അധികൃതര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് ഇവരുടെ റിപ്പോര്‍ട്ടില്‍ പറയുന്ന ലാബുമായും ബന്ധപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ റിപ്പോര്‍ട്ട് വ്യാജമാണെന്ന് കണ്ടെത്തുകയും പ്രാദേശിക പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. നിലവില്‍ മൂന്ന് പേരേയും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
കഴിഞ്ഞ ഫെബ്രുവരി 16നാണ് പിഎഫ്ഐ നേതാക്കളായ ബദറുദ്ദീനും ഫിറോസും പോലീസ് പിടിയിലാകുന്നത്. സംസ്ഥാനത്തെ ഹിന്ദു നേതാക്കളെ ലക്ഷ്യമിട്ട് ഇവര്‍ സ്ഫോടനത്തിന് പദ്ധതിയിടുന്നതായും കണ്ടെത്തിയിരുന്നു. ഇതിനായി പിഎഫ്ഐയിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ ഇരുവകും പദ്ധതി തയ്യാറാക്കിയതായും കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും സ്ഫോടക വസ്തുക്കളും മാരകായുധങ്ങളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: