കൊച്ചി: വ്യാജമായി നിര്‍മ്മിച്ച പുരാവസ്തുഉല്പന്നങ്ങളുടെ വില്പനയിലൂടെ കോടികള്‍ തട്ടിയ മോന്സണ് മാവുങ്കലിന്റെ വീട്ടില്‍ റെയ്ഡ്. കലൂര്‍ വൈലോപ്പിള്ളി ലെയ്നിലുള്ള കൊട്ടാരസമാനമായ വീട്ടിലാണ് കസ്റ്റംസും വനം വകുപ്പും ചൊവ്വാഴ്ച പരിശോധന നടത്തിയത്.
ആഡംബര കാറുകളെയും പുരാവസ്തുക്കളെയും ചുറ്റിപ്പറ്റിയായിരുന്നു പ്രധാനമായും കസ്റ്റംസിന്റെ പരിശോധന. കലൂരിലെയും ചേര്‍ത്തലയിലെയും വീടുകളില്‍ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയില്‍ 30 ആഡംബര കാറുകള്‍ കണ്ടെത്തിയിരുന്നു.
വീട്ടിലുള്ള വിദേശനിര്‍മിത വാഹനങ്ങളുടെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. വനംവകുപ്പ് മണിക്കൂറുകളോളമാണ് പരിശോധന നടത്തിയത്. ആനക്കൊമ്പ് അടക്കം വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലായിരുന്നു വനം വകുപ്പിന്റെ പരിശോധന. വീട്ടിലെ പുരാവസ്തു മ്യൂസിയത്തില്‍ ആനക്കൊമ്പ് പിടിപ്പിച്ച ഇരിപ്പിടമുള്ളതിന്റെ ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ സത്യാവസ്ഥ കണ്ടെത്താനാണ് വനം വകുപ്പ് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: