അഞ്ചല്‍: കോണ്‍ഗ്രസ് നേതാവായിരുന്ന നെട്ടയം രാമഭദ്രനെ കമ്മ്യൂണിസ്റ്റ് കൊലയാളികള്‍ ഭാര്യയുടേയും പെണ്മക്കളുടേയും മുന്നിലിട്ട് വെട്ടിനുറുക്കി കൊന്നിട്ട് ഒരു പതിറ്റാണ്ടു കഴിഞ്ഞു. കേസിന്റെ വിചാരണയുടെ കാലതാമസം ചൂണ്ടിക്കാട്ടി രാമഭദ്രന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് കേസിന്റെ വിചാരണ തിരുവനന്തപുരം സിബിഐക്കോടതിയില്‍ ഒക്ടോബര്‍ 19ന് ആരംഭിക്കുകയാണ്.
രക്തസാക്ഷിയുടെ കുടുംബ സംരക്ഷകരായി ചമഞ്ഞെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ കൊലയാളികളില്‍ ചിലരുമായി ഒത്തുതീര്‍പ്പിലും രമ്യതയിലും എത്തിയെങ്കിലും നിയമത്തിലും നീതിയിലും വിശ്വാസമര്‍പ്പിച്ചിരിക്കുകയാണ് അനാഥരാക്കപ്പെട്ട കുടുംബം. 2010 ഏപ്രില്‍ 10ന് രാത്രിയിലാണ് വീടു തല്ലിത്തകര്‍ത്ത് അകത്തു കയറിയ കൊലയാളികള്‍ ഭാര്യക്കും മക്കള്‍ക്കുമൊപ്പം അത്താഴം കഴിച്ചുകൊണ്ടിരുന്ന രാമഭദ്രനെ വെട്ടിനുറുക്കിയത്. പ്രദേശത്തെയാകെ പിടിച്ചുകുലുക്കിയ കൊലപാതകം നടത്തിയത് ജില്ലയിലെ കണ്ണൂര്‍ മോഡല്‍ കൊലയാളി സംഘമായിരുന്നു.
മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ പേഴ്സണല്‍ സ്റ്റാഫ് മാക്സണ്‍, സിപിഎം ഏരൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി.അഫ്സല്, ഡിവൈഎഫ്.ഐ പുനലൂര്‍ ഏരിയാ നേതാവ് റിയാസ്, ഇളമാട് വില്ലേജ് സെക്രട്ടറി മുനീര്‍ എന്നിവര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളതായി അന്വേക്ഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. സിപിഎം ഏരൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പത്മകുമാര്‍, ജില്ലയിലെ പ്രമുഖ നേതാവ് എസ്.ജയമോഹന് എന്നിവരും ഗൂഡാലോചനയിലും പ്രതികള്‍ക്ക് ഒളിത്താവളമൊരുക്കിയതിലും സിബിഐ പിടിയിലായി.
പ്രമുഖര്‍ പിടിയിലായതോടെ മാര്‍ക്സിസ്റ്റ് ഗ്രൂപ്പിസത്തിന്റെ ഇരകളായി ജില്ലാ കമ്മിറ്റി അംഗം കെ. ബാബു പണിക്കരും അഞ്ചല്‍ ഏരിയാ സെക്രട്ടറി പി.എസ്.സുമനും സഖാക്കളുടെ കൊടുംചതിയില്‍ പ്രതി പട്ടികയിലിടം പിടിച്ചു. ലോക്കല്‍ പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേക്ഷണത്തിലൊന്നും ഇവരുടെ പേരില്ലായിരുന്നു. പാര്‍ട്ടി ഉന്നതരുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്തതും ചില വമ്പന്മാരുടെ കണ്ണിലെ കരടായതും ഇവര്‍ക്ക് വിനയായി. അന്വേക്ഷണം ജില്ലാ സെക്രട്ടറിയേറ്റംഗത്തിലെത്തിയപ്പോള് എതിര് ചേരിക്കാരെ കൂടി കുടുക്കുകയായിരുന്നു. സ്വന്തം പാര്‍ട്ടി നേതാക്കളെ പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തിടുക്കം കാണിച്ചവര്‍ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തോട് സന്ധി ചെയ്തു.
കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനും ഡിവൈഎഫ്ഐ പ്രവര്‍ത്തകനും യൂത്ത് ബ്രിഗേഡ് പരിശീലകനും സിബിഐ അന്വേക്ഷണത്തിനു വേണ്ടി കോടതി കയറിയ ഡിസിസി സെക്രട്ടറിയും രഹസ്യമായി ഇവര്‍ തമ്മിലുള്ള കേസുകള്‍ ഒത്തുതീര്‍പ്പാക്കിയ വിചിത്രമായ രാഷ്ട്രീയവും അരങ്ങേറി.
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അന്തരിച്ച ഐഎന്‍ടിയുസി നേതാവ് ചിത്രാംഗദന്‍ മുഖേന ആഭ്യന്തര വകുപ്പിനെ സ്വാധീനിച്ച് ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശ പ്രകാരം കേസ് ഒത്തുതീര്‍ത്തിരുന്നു. ഏരൂര്‍ സ്റ്റേഷനില്‍ ചാര്‍ജ് ചെയ്ത 887/10, 888/10 എന്നീ കേസുകളാണ് കോണ്‍ഗ്രസ്-മാര്‍ക്സിസ്റ്റ് നേതൃത്വം രഹസ്യമായി ഒത്തു തീര്‍ത്തത്. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് കാണിച്ച് കൊലപാതകസമയം ഡിവൈഎഫ്ഐ വാളണ്ടിയര്‍ സേനയുടെ ചുമതലക്കാരനായിരുന്ന ജില്ലാ സെക്രട്ടറിയേറ്റംഗം എസ്.ജയമോഹന് നല്കിയ വിടുതല്‍ ഹര്‍ജി കോടതി തള്ളി. രാമഭദ്രന് കൊലപാതകം ചുരുളഴിയുമ്പോള്‍ യഥാര്‍ത്ഥ കൊലപാതകികളും കൊല്ലിച്ചവരും ഇരുമ്പഴിക്കുള്ളിലാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: