തിരുവനന്തപുരം : സംസ്ഥാന കോണ്‍ഗ്രസ് പുനസംഘടനയില്‍ മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ള എല്ലാവരുമായി ചര്‍ച്ച നടത്തണമെന്ന് കെപിസിസിക്ക് കര്‍ശ്ശന നിര്‍ദ്ദേശം നല്കി ഹൈക്കമാന്‍ഡ്. സംസ്ഥാന കോണ്‍ഗ്രസ്സില്‍ തുടര്‍ച്ചയായുണ്ടാകുന്ന പ്രശ്നങ്ങളെ തുടര്‍ന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറാണ് കെപിസിസിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഇതോടെ സംസ്ഥാന കോണ്‍ഗ്രസ്സില്‍ അഴിച്ചുപണി നടത്താനായി കെ. സുധാകരനും, വി.ഡി. സതീശനും സ്വാതന്ത്ര്യം നല്കിയ നടപടിയില്‍ നിന്ന് ഹൈക്കമാന്‍ഡ് പിന്നോട്ട് പോകുമെന്നാണ് സൂചന. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വി.എം. സുധീരന്, മുല്ലപ്പള്ളി രാമചന്ദ്രന് ഉള്‍പ്പടെയുള്ള നേതാക്കളുമായി ചര്‍ച്ച നടത്താതെയാണ് തീരുമാനം കൈക്കൊള്ളുന്നെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ഹൈക്കമാന്‍ഡിന്റേയും നടപടി. കെ. സുധാകരനും വി.ഡി. സതീശനും അധികാരമേറ്റത് മുതല്‍ തുടങ്ങിയ പരാതിയും പ്രശ്നങ്ങളും ഉടലെടുത്തതാണ്. അടുത്തിടെ വി.എം. സുധീരന് എഐസിസിയില്‍ നിന്നും രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്നും രാജിവെച്ചതോടെ ഇത് കൂടുതല്‍ രൂക്ഷമാവുകയായിരുന്നു.
ഡിസിസി പുനസംഘടനയില്‍ ഒപ്പമുള്ളവരെ അവഗണിച്ചതിലാണ് ഉമ്മന്‍ചാണ്ടിയുടയും ചെന്നിത്തലയുടയും അമര്‍ഷം. സൈബര്‍ യുദ്ധം നടത്തി പ്രസിഡന്റ് സ്ഥാനത്തുനിന്നും ഇറക്കിയതില്‍ തുടങ്ങി ഡിസിസി പുനസംഘടനാ ചര്‍ച്ചക്ക് 20 മിനുട്ട് സ്ലോട്ട് തന്നതിലടക്കമാണ് മുല്ലപ്പള്ളിയുടെ രോഷം. ചര്‍ച്ചയില്ലാത്തതും പ്രവര്‍ത്തകസമിതിയില്‍ പരിഗണിക്കാത്തതുമാണ് സുധീരന്റെ പ്രശ്നം. അതേസമയം ചെന്നിത്തലയും സുധീരനും മുല്ലപ്പള്ളിയുമൊക്കെ ഉന്നയിച്ച പരാതികള്‍ താരിഖ് അന്‍വര്‍ റിപ്പോര്‍ട്ടായി ദല്‍ഹിക്ക് കൈമാറും.
ഇതോടെ ഇനി കാര്യങ്ങളെല്ലാം സുധാകരനും സതീശനും എളുപ്പത്തില്‍ തീരുമാനിക്കാനാകില്ല. എല്ലാവരെയും കേട്ട് മുന്നോട്ട് പോകണമെന്നാണ് താരിഖ് അന്‍വര്‍ നല്കിയ നിര്‍ദ്ദേശം. 30ാംതിയതിക്കുള്ളില്‍ പുനസംഘടനാ പട്ടിക തയ്യാറാക്കാനുള്ള ഇരുവരുടെ നീക്കവും വൈകാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: