തിരുവനന്തപുരം: വിവിധ ആളുകളില്‍ നിന്നും പത്തു കോടി തട്ടിയെടുത്ത വ്യാജ പുരാവസ്തു ഇടപാടുകാരന് ചേര്‍ത്തല സ്വദേശി മോന്സണ് മാവുങ്കലിന് പൊലീസിനെ ഉന്നതരുമായുള്ള ബന്ധങ്ങളും പുറത്തുവരുന്നു. മോന്സണ് മാവുങ്കലുമായി ബന്ധപ്പെട്ട മുന്‍ ഡിജിപി ലോക് നാഥ് ബെഹ്റ, എഡിജിപി മനോജ് എബ്രഹാം എന്നിവരുടെ ചിത്രങ്ങളും പുറത്ത് വന്നിരിക്കുകയാണ്.
ബെഹ്റ പുരാവസ്തുവെന്ന നിലയില്‍ കാണാവുന്ന ഒരു കസേരയില്‍ ഇരിക്കുന്നതും മനോജ് എബ്രഹാം പഴയ ഏതോ രാജവംശകാലത്തെ വാള് പിടിച്ചുനില്‍ക്കുന്നതുമാണ് ചിത്രം. ഈ ചിത്രത്തെ പരിഹസിച്ച്കൊണ്ട് രാഷ്ട്രീയ നിരീക്ഷകന് ശ്രീജിത് പണിക്കറുടെ ഫേസ് ബുക്ക് പോസ്റ്റും ചര്‍ച്ച ചെയ്യപ്പെടുകയാണ്. പുരാവസ്തുക്കള്‍ വിദേശത്ത് വിറ്റതിലൂടെ ലഭിച്ച കോടികള്‍ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും ഇത് നിയമപോരാട്ടത്തിലൂടെ സ്വന്തമാക്കാന്‍ സഹായിച്ചാല്‍ ഇരുപത്തിയഞ്ച് കോടി രൂപ പലിശ രഹിത വായ്പ നല്‍കാമെന്നും വിശ്വസിപ്പിച്ചാണ് പലരില്‍ നിന്നായി പത്തു കോടി രൂപ മോന്സണ് മാവുങ്കല്‍ തട്ടിയെടുത്തത്. ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതോടെയാണ് മോന്സണ് മാവുങ്കലിന്റെ തട്ടിപ്പുകളെക്കുറിച്ച് പുറംലോകം അറിയുന്നത്. ശ്രീനാരായണഗുരുവിന്റെ ഊന്നുവടിയും ക്രിസ്തുവിനെ ഒറ്റിയ ജൂദാസിന്റെ മുപ്പത് വെള്ളിക്കാശുകളില്‍ ഒരെണ്ണവും ഉള്‍പ്പെടെ ഒട്ടേറെ വിലപിടിപ്പുള്ള പുരാവസ്തുക്കള്‍ ഉണ്ടെന്നാണ് മോന്സണ് മാവുങ്കല്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇതെല്ലാം വ്യാജമാണെന്നും കൃത്രിമമായി നിര്മ്മിച്ചവയാണെന്നുമുള്ള വിവരങ്ങളാണ് പറത്തുവരുന്നത്.
ഇതിന് പിന്നാലെ മോന്സണ് മാവുങ്കലിന്റെ ഉന്നത ബന്ധങ്ങളും പുറത്തുവരികയാണ്. ഒട്ടേറെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. അക്കൂട്ടത്തില്‍പ്പെട്ട ഒരു ചിത്രമാണ് മോന്സണ് മാവുങ്കലിന്റെ പുരാവസ്തുക്കളുമായി ബെഹ്റയ്ക്കും മനോജ് എബ്രഹാമിനും ഉള്ള ബന്ധമെന്ന ചോദ്യമയരുന്നതിനിടെയാണ് ശ്രീജിത് പണിക്കരുടെ പരിഹാസം നിറഞ്ഞ് ഫേസ് ബുക്ക് പോസ്റ്റ്.
സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥന്മാരുമായി സൗഹൃദം സൃഷ്ടിച്ചായിരുന്നു ഇയാള്‍ ഇടപാടുകാര്‍ക്കിടയില്‍ വിശ്വാസ്യത നേടിയിരുന്നത്. ഇതിനിടെയാണ് മുന്‍ ഡിജിപി ലോകനാഥ് ബെഹ്റയുടേയും, മനോജ് എബ്രഹാം ഐ പി എസിന്റെയും ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. “ചിരപുരാതനമായ അമൂല്യവസ്തുക്കളുടെ ഇടയില്‍ ബഹുമാനപ്പെട്ട ലോകനാഥ് ബെഹ്റ അവര്‍കളും ശ്രീമാന്‍ മനോജ് എബ്രഹാം സെറും നില്ക്കുന്ന ഹൃദയഹാരിയായ കാഴ്ച” എന്ന് പറഞ്ഞുകൊണ്ടാണ് ഇരുവരുടെയും ചിത്രം കൊടുത്തുകൊണ്ടുള്ള ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്.
“ലക്ഷണം കണ്ടിട്ട്, ശ്രീമാന്‍ ബെഹ്ര ജി ഇരിക്കുന്നത് ക്രിസ്തുവിന് 500 വര്‍ഷം മുന്‍പ് മഗധ സാമ്രാജ്യം ഭരിച്ചിരുന്ന ഹര്യങ്ക രാജവംശത്തിലെ ബിംബിസാരന് ഉപയോഗിച്ച സിംഹാസനം ആണ്. അദ്ദേഹത്തെ വധിച്ചശേഷം മകന് അജാതശത്രു ഈ സിംഹാസനം മഗധ മുന്‍സിപ്പല്‍ കോര്പ്പറേഷന് ചെയര്മാന് ലിയനാര്‍ഡോ ഡികാപ്രിയോയുടെ സഹായത്തോടെ ഒരു അശോക് ലെയ്ലാന്‍ഡ് ട്രക്കില്‍ കയറ്റി എവിടെയോ കൊണ്ടുപോയി ഉപേക്ഷിച്ചെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.”- ശ്രീജിത് എഴുതുന്നു.
“ശ്രീമാന്‍ മനോജ് എബ്രഹാം സെറിന്റെ കയ്യില്‍ കാണുന്നത് ഒരുപക്ഷേ അവസാന മൗര്യരാജാവായ ബൃഹദ്രഥനെ വധിക്കാന്‍ അദ്ദേഹത്തിന്റെ സൈന്യാധിപന് ആയിരുന്ന പുഷ്യമിത്ര ശുംഗന്‍ ഉപയോഗിച്ച വാള് ആയിരിക്കണം. ക്രിസ്തുവിന് 180 വര്‍ഷം മുന്‍പാണ് സംഭവം നടന്നത്. ചുരുങ്ങിയത് 2005ല്‍ എങ്കിലും നിര്‍മ്മിക്കപ്പെട്ട ഈ വാളിന് ഒന്നര പതിറ്റാണ്ട് പഴക്കമുണ്ടാകും”.- പരിഹാസപൂര്‍വ്വം ശ്രീജിത് പറയുന്നു.
“എന്റെ പരിമിതമായ ചരിത്രാവബോധത്തില്‍ നിന്നാണ് ഇത്രയും പറഞ്ഞത്. ആധികാരികത അവകാശപ്പെടുന്നില്ല. കാലഗണനയെ കുറിച്ചോ വസ്തുതകളെ കുറിച്ചോ കൂടുതല്‍ അറിവുള്ളവര്‍ എന്നെ തിരുത്തിയാല്‍ സന്തോഷം. ജയ് ചിങ്ചോ!”- ഇങ്ങിനെയാണ് ശ്രീജിത് പണിക്കര്‍ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: