സുധാകര്‍ജി പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനായതോടെ കാര്യങ്ങള്‍ക്കൊരു തുടിപ്പും തടിപ്പും വന്നിട്ടുണ്ട്. പഴയ പഴയ എഫ് ഐആറുകള്‍ പൊടിതട്ടിയെടുത്ത് മാധ്യമമഹിതാശയരെ കാണിച്ച് ചിലരെ വെള്ളം കുടിപ്പിക്കുന്നു. ഒന്നിന് പത്തായ് പത്തിന് നൂറായ് ശരവര്‍ഷം നടത്തുന്നു. ഒക്കെക്കൂടി തനി കേഡറിയന്‍ ശൈലി. ഇപ്പോഴിതാ ഇതിഹാസ കഥാപാത്രത്തെയും രാഷ്ട്രീയ ജീവിതത്തില്‍ കണ്ടെത്തിയിരിക്കുന്നു!
ഓര്‍മയുണ്ടോ ശിഖണ്ഡിയെ? ടിയാനെ (അതോ ടിയാളോ)മുന്‍നിര്‍ത്തിയായിരുന്നില്ല മഹാഭാരത യുദ്ധമെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? അങ്ങനെയെങ്കില്‍ മാറ്റിയെഴുതേണ്ടി വരുമായിരുന്ന ആ മഹാഭാരതത്തെപ്പറ്റി ഒരു മാത്ര ഓര്‍ത്തു നോക്കിന്!ഒരര്‍ഥത്തില്‍ പാണ്ഡവന്മാര്ക്ക് കൃഷ്ണനോടല്ല, പതിന്മടങ്ങ് സ്നേഹവും കടപ്പാടും വേണ്ടത് ശിഖണ്ഡിയോടാണ്. അജയ്യനായി നില്ക്കാന് സദാ സര്‍വ്വഥാ യോഗ്യനായ പടനായകനെ നിഷ്പ്രഭനാക്കി യുദ്ധത്തിന്റെ ഗതി തന്നെ മാറ്റിയ ശിഖണ്ഡിയുടെ അസാമാന്യമായ വ്യക്തിപ്രഭാവത്തെക്കുറിച്ച് തെല്ലിട ആലോചിച്ചു നോക്കൂ. ഇതിനെക്കുറിച്ചൊന്നും നമ്മള് അത്ര ബോധവാന്മാരായിരുന്നില്ല എന്ന് സുധാകര്‍ജി കൃത്യമായി നമ്മോടു പറയുന്നു.
കോണ്‍ഗ്രസ്സിന്റെ പുതുനായകന് പുലിക്കുട്ടി(എല്ലാവര്ക്കും ആ അഭിപ്രായമില്ല) സുധാകര്‍ജി ചരിത്രവും പുരാണവും വായിച്ചു പഠിച്ച് അതില്‍ നിന്നും ഊര്‍ജം സംഭരിച്ച് സെമി കേഡര്‍ പാര്‍ട്ടിക്ക് രൂപം നല്കുന്ന തിരക്കിലാണെന്ന് നമുക്കറിയാം. അത്തരമൊരു നിര്‍ണായക നിമിഷത്തിലാണ് അദ്യം ശിഖണ്ഡിയുടെ തലയിലെഴുത്ത് യാദൃച്ഛികമായി കാണുന്നത്. വിസ്മയവും ഭ്രമാത്മകവുമായ ഒട്ടേറെ സംഭവ ഗതികള്‍ അദ്യത്തിന് കണ്ടെത്താനായി എന്നതത്രേ ശ്രദ്ധിക്കേണ്ടത്.
ദൈവത്തിന്റെ സ്വന്തം രാജ്യമായാലും ഇവിടെയും ഒരു യുദ്ധം തന്നെയാണ് നടക്കുന്നത്. അധുനാധുന ആയുധങ്ങളും രീതികളും സുലഭം. അതിനാല്‍തന്നെ ഏതൊരു യുദ്ധതന്ത്രവും ഇവിടെ പ്രസക്തമെന്നു മാത്രമല്ല പ്രയോഗ സാധുവുമാണ്. അതുകൊണ്ട് യുദ്ധമുഖത്താരാണ്, തന്ത്രമെന്താണ്, നീക്കം എങ്ങോട്ടാണ് എന്നിത്യാദി കാര്യങ്ങള്‍ കൃത്യമായി വ്യവച്ഛേദിച്ചറിയേണ്ടതുണ്ട്. അങ്ങനെ ആളും തരവും നോക്കുമ്പോഴാണ് ആധുനിക ശിഖണ്ഡിയുടെ സമ്മോഹിത രൂപം മുമ്പില്‍ അവതീര്‍ണമായത്. ഒരു യുദ്ധത്തിലെ വിജയം എന്നു പറയുന്നത് ഒടുവില്‍ സംഭവിക്കുന്നതല്ല. ഒടുവിലേക്കെത്താന്‍ നടത്തുന്ന ക്രിയാത്മകവും ക്രാന്തദര്‍ശിത്വമാര്‍ന്നതുമായ നീക്കങ്ങളാണ്. ആ വിജയം ആരും കാണുന്നേയില്ല എന്നിടത്താണ് ഒരു പക്ഷേ, വിജയവും പരാജയവും. സുധാകര്‍ജിയുടെ വിജയത്തിന് തടസ്സം നില്‍ക്കുന്നുവരെ കണ്ടെത്താനുള്ള ആദ്യശ്രമം വിജയിച്ചതിന്റെ സൂചനയാണ് ശിഖണ്ഡിയെ കണ്ടെത്തിയത്. ശിഖണ്ഡി മുമ്പിലുണ്ടെങ്കില്‍ സുധാകരപ്പട നിഷ്പ്രഭരാവും എന്നത്രേ പിണറായിപ്പട കരുതിയത്. എന്നാല്‍ കൃത്യസമയത്ത് അത് കണ്ടെത്തുകയും അതിനെ മറികടക്കാനുള്ള തന്ത്രങ്ങള്‍ വിജയകരമായി മെനഞ്ഞെടുക്കുകയും ചെയ്തു സുധാകര്‍ജി. പടയുടെ നാട്ടില്‍ നിന്നെത്തിയവരാണ് ഇരുപടനായകരുമെങ്കിലും ആഭ്യന്തരയുദ്ധത്തില്‍ മേല്‍ക്കൈ സുധാകര്‍ജിക്കായതിനാല്‍ ഏതു ശിഖണ്ഡിയുണ്ടെങ്കിലും പ്രശ്നമുണ്ടാവില്ല എന്നായിരിക്കുന്നു.
ശിഖണ്ഡിയെ മുന്‍നിര്‍ത്തിയുള്ള യുദ്ധത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ തയാറായാല്‍ ഒരു പക്ഷേ, വിജയിക്കാന്‍ പോലും പിണറായിപ്പടയ്ക്കാവും എന്ന് സൂചിപ്പിച്ചതാവുമോ സുധാകര്‍ജി എന്ന സംശയം മാലോകര്‍ക്കൊക്കെയുണ്ട്. എന്നാല്‍ ഒന്നും കാണാതെ ഘടോല്‍ക്കചനെ യുദ്ധത്തിനയക്കില്ലെന്ന നിലപാടും ഓര്‍ക്കേണ്ടതുണ്ട്. ഇവിടെ പക്ഷേ, ഒരു സംശയം പിന്നെയും മുന്നിട്ടു നില്ക്കുന്നു. മഹാഭാരതത്തിലെ ശിഖണ്ഡിയ്ക്ക് ഭീഷ്മരോട് വ്യക്തിപരമായി വിദ്വേഷമുണ്ടായിരുന്നു.പാണ്ഡവ പക്ഷത്തിന്റെ വിജയത്തെക്കാള്‍ തന്റെ പ്രതിജ്ഞ നിറവേറ്റാനും പ്രതികാരം തീര്‍ക്കാനുമാണ് യുദ്ധസന്ദര്ഭം വിനിയോഗിച്ചത്. സുധാകര്‍ജിയുടെ കാര്യത്തില്‍ അത്തരമൊരു പ്രതിജ്ഞയോ പ്രതികാരമോ ഉള്ളതായി അറിവൊന്നുമില്ല. ഇനി ഏതെങ്കിലും കാലത്ത് അങ്ങനെയെന്തെങ്കിലും ഉണ്ടായിട്ടുണ്ടാവുമോ?പെട്ടെന്ന് സുധാകര്‍ജി എങ്ങനെ ശിഖണ്ഡിയെ തിരിച്ചറിഞ്ഞു? കലാലയ കാലത്തെ കലിപ്പുകള് നമ്മള് കുറെ കണ്ടതും അനുഭവിച്ചതും ആയതുകൊണ്ട് ഒന്നും പറയാനാവില്ല. മഹാഭാരതത്തിലെ വീരനായക(നായിക)നെ തിരിച്ചറിയാനും അതിന് പുതിയ ഭാവം നല്‍കാനും സുധാകര്‍ജിക്കു കഴിഞ്ഞു എന്നതില്‍ കോണ്ഗ്രസ്സുകാര്ക്കു മാത്രമല്ല സകലമാന പേര്‍ക്കും ഒരു ധാരണ കിട്ടി എന്നത് മഹത്തായകാര്യം തന്നെ.ഒരു നേതാവ് എങ്ങനെയാണ് കാര്യങ്ങള്‍ കാണുന്നതും വ്യാഖ്യാനിക്കുന്നതും എന്നതിന് കൂടുതല്‍ ഉദാഹരണങ്ങള്‍ എന്തിന്? ശിഖണ്ഡിയെ തിരിച്ചറിഞ്ഞ സുധാകര്‍ജിയുടെ യുദ്ധതന്ത്രങ്ങളും നൈപുണ്യവും ഇനിയെന്തൊക്കെയാവുമെന്ന് ആലോചിക്കാന്‍ കൂടി കഴിയുന്നില്ല. ആലോചിച്ചു വരുമ്പോഴേക്ക് സെമികേഡര്‍ കേഡര്‍ ആവുമോ, ശിവ ശിവ!
———————————————-
നേര്‍മുറി
ഇരു ഭാഗത്തും ശിഖണ്ഡിമാര്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടുവെങ്കില്‍ ആത്യന്തികഫലം എന്തായിരിക്കുമെന്നതിനെക്കുറിച്ച് സുധാകര്‍ജിയുടെ അഭിപ്രായം എന്താണാവോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: