കൊല്ലം: പിരിവു കൊടുത്തില്ലെങ്കില്‍ സ്ഥലത്ത് കൊടികുത്തുമെന്ന് വിദേശമലയാളിയായ വ്യവസായിയെ ഭീഷണിപ്പെടുത്തിയ സിപിഎം നേതാവിനെ പാര്‍ട്ടി ആദ്യം സംരക്ഷിക്കാന്‍ നോക്കിയെങ്കിലും പിടിച്ചുനില്‍ക്കാനാവാതെ വന്നപ്പോള്‍ സസ്പെന്ഷന്.
കണ്വെന്ഷന് സെന്റര്‍ ഉടമയായ അമേരിക്കന്‍ മലയാളിയെയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ ബിജു ശ്രീനിത്യം ഫോണില്‍ ഭീഷണിപ്പെടുത്തിയത്. സിപിഎം ചവറ മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറിയാണ് ബിജു ശ്രീനിത്യം. ആദ്യം ബിജുവിനെ രക്ഷിക്കാനായിരുന്നു സിപിഎം കൊല്ലം ജില്ലാകമ്മിറ്റി ശ്രമിച്ചത്. നിലം നികത്താന്‍ സഹായം ചെയ്യാത്തതിന്റെ പേരില്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ വ്യാജ പ്രചാരണം നടത്തുകയാണെന്നാണ് സിപിഎം കൊല്ലം ജില്ലാ നേതൃത്വം എടുത്ത നിലപാട്.
എന്നാല്‍ വ്യവസായികളെ ഭീഷണിപ്പെടുത്തുന്നത് അനുവദിക്കില്ലെന്ന പ്രസ്താവനയുമായി മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ മന്ത്രി വി.ശിവന്‍കുട്ടി കടന്നുവന്നതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. പൊതുവേ കിറ്റെക്സ് കമ്പനിയിലെ പരിശോധനകളുടെ പേരിലും മറ്റും നാണം കെട്ടിരിക്കുന്ന പ്രതിച്ഛായയില്‍ ഇനിയും വ്യവസായികള്‍ക്ക് നേരെയുള്ള സഖാക്കളുടെ അതിക്രമങ്ങള്‍ വെച്ചുപൊറുപ്പിക്കേണ്ടെന്ന ഒരു നിലപാട് പാര്‍ട്ടി സംസ്ഥാനനേതൃത്വത്തിലും ഭരണതലത്തിലും ഉയര്‍ന്നുവന്നു. ഇതാണ് ബിജുവിന് പാരയായത്.
കൊല്ലം ചവറ മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജു വ്യവസായിയെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. ഇത് സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പടെ വാര്‍ത്തയാവുകയും ചെയ്തു. സിപിഎം രക്തസാക്ഷി സ്മാരക നിര്‍മാണത്തിനായി 10,000 രൂപ സംഭാവനയായി ആവശ്യപ്പെട്ടിട്ട് നല്കാത്തതിനാല് 10 കോടി മുടക്കി പണിത കണ്വെന്ഷന് സെന്ററിന് മുന്നില്‍ കൊടികുത്തുമെന്നായിരുന്നു ചവറ പാര്‍ട്ടി സെക്രട്ടറി ബിജു, വ്യവസായി ഷാഹി വിജയനെ ഭീഷണിപ്പെടുത്തിയത്. സിപിഎം നേതാവിന്റെ ഭീഷണിക്ക് പിന്നാലെ വില്ലേജ് ഓഫീസര്‍ കണ്വെന്ഷന് സെന്ററിലെത്തി ഭൂമി പരിശോധനയും നടത്തി.
അധികം വൈകാതെ എവയ് ലെബിള് കൊല്ലം ജില്ല സെക്രട്ടേറിയറ്റ് യോഗം ചേരുന്നു. പ്രശ്നത്തില്‍ നിന്നും എങ്ങിനെയെങ്കിലും തലയൂരണമെന്നതായിരുന്നു ജില്ലാ നേതാക്കളുടെ ചിന്ത. സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്ക്ക് നേരെയുള്ള മാധ്യമവിചാരണയും ഓരോ മണിക്കൂറിലും വര്‍ധിച്ചുവന്നു. സമൂഹമാധ്യമങ്ങളിലാകട്ടെ ട്രോളുകളുടെ പെരുമഴയായിരുന്നു. ഇതോടെ ബിജു ശ്രീനിത്യത്തെ സസ്പെന്റ് ചെയ്ത് തടിയൂരാന്‍ പാര്‍ട്ടി ജില്ല നേതൃത്വം തീരുമാനിച്ചു. വൈകാതെ ബിജു ശ്രീനിത്യത്തെ സസ്പെന്റ് ചെയ്തതായി കൊല്ലം ജില്ലാ സെക്രട്ടറി എസ്. സുദേവിന്റെ പ്രസ്താവന പുറത്തുവന്നു. പാര്‍ട്ടിക്ക് അവമതി ഉണ്ടാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചതിന്റെ പേരിലാണ് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതെന്നും കൊല്ലം ജില്ലാ സെക്രട്ടറി പ്രസ്താവനയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: