മട്ടാഞ്ചേരി: മോഹന്‍ലാല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കൊച്ചിയിലെ വേണു വീണ്ടുമൊരു റിക്ഷാ വണ്ടി ഒരുക്കി. ഇന്നത് തലസ്ഥാന നഗരിയിലേക്ക് വണ്ടി കയറും. ചെറളായി കോച്ചേരി ജിവിപി സൈക്കിള്‍സിലെ വേണു വേലായുധനാണ് പഴമയുടെ സ്മൃതിയുണര്ത്തിയുള്ള റിക്ഷാ വണ്ടി നിര്‍മ്മിച്ചത്.
എട്ടടിയോളം ഉയരമുള്ള റിക്ഷയ്ക്ക് 60 ഇഞ്ച് വ്യാസമുള്ള രണ്ട് വീലുകള്‍, 24ഇഞ്ച് വീതിയില്‍ ഇരിപ്പിടം, വെയില് ഏല്‍ക്കാതിരിക്കാന്‍ മുകള്‍ പരപ്പ്, ആറടി നീളത്തിലുള്ള വലിക്കാനുള്ള കമ്പ്, ബെല്ല്, ഇരുവശത്തും വിളക്കുകള്‍ തുടങ്ങിയവയ്ക്കൊപ്പം വണ്ടിയില്‍ പ്രത്യേക എംബ്ലവുമുണ്ട്. ഈട്ടിയും, പിച്ചള തകിടുമാണ് വണ്ടി നിര്‍മ്മിക്കാന്‍ വേണു ഉപയോഗിച്ചത്. ചക്രത്തിനായി ഇരുമ്പു കമ്പിയും.
ഒരു സിനമാ ചിത്രീകരണത്തിനായി കൊച്ചിയിലെ വ്യാപാരി ഉപയോഗിച്ചിരുന്ന റിക്ഷാ വണ്ടി 2007ല്‍ സെറ്റിലെത്തിച്ചത് വേണുവാണ്. ഇത് കണ്ട മോഹന്‍ലാല്‍ വേണുവിനോട് ഇത്തരമൊരു വണ്ടി ആവശ്യപ്പെട്ടു. മാസങ്ങള്‍ക്കകം നിര്‍മ്മിച്ചു നല്കിയ റിക്ഷാ വണ്ടി ചൈന്നെയിലെ മോഹന്ലാലാലിന്റ വീട്ടില്‍ ഇന്നും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സിനിമകള്‍ക്കായി സൈക്കിള്‍ റിക്ഷയും വലിയ വീല്‍ സൈക്കിളുമടക്കം കൗതുകമുണര്‍ത്തുന്ന ഒട്ടേറെ നിര്‍മ്മാണങ്ങള്‍ വേണുവിന്റെതായുണ്ട്. ഒപ്പം കൊച്ചിന് കാര്‍ണിവലില്‍ കാഴ്ചവിരുന്നൊരുക്കുന്ന നിശ്ചല ദൃശ്യാവതരണത്തിലും വേണു ശ്രദ്ധേയനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: