കെ. സുരേന്ദ്രന്
ബിജെപി സംസ്ഥാന അധ്യക്ഷന്‍
ജീവിച്ചിരുന്നപ്പോഴും തന്റെ കാലശേഷവും ലക്ഷക്കണക്കിന് പേര്‍ക്ക് പ്രേരണ സ്രോതസ്സും വഴികാട്ടിയുമായ ദേശീയ നേതാവാണ് ഭാരതീയ ജനസംഘത്തിന്റെ സ്ഥാപക നേതാക്കളില്‍ പ്രമുഖനും സംഘാടകനും സൈദ്ധാന്തികനുമായ ദീനദയാല്‍ ഉപാദ്ധ്യായ.
ഇന്ന് ലോകത്തിന്റെ പല ഭാഗത്തുമുള്ള ഒട്ടേറെ പേര് ദീനദയാല്‍ ഉപാദ്ധ്യായയുടെ സംഭാവനകളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. ബിജെപിയുടെ മുന്‍രൂപമായ ഭാരതീയ ജനസംഘത്തിന് ആശയപരമായ അടിത്തറ പാകുന്നതില്‍ മുഖ്യപങ്ക് വഹിച്ച വ്യക്തിയെക്കുറിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളും സ്വാഭാവികം മാത്രം. എന്നാല്‍ ദീനദയാല്‍ ഉപാദ്ധ്യായയെക്കുറിച്ചോ അദ്ദേഹത്തിന്റെ ബൗദ്ധികമായ സംഭാവനകളെക്കുറിച്ചോ ആരും പഠിക്കരുതെന്ന് നിര്‍ബന്ധിക്കുന്ന സങ്കുചിത ചിന്താഗതിക്കാരും അടഞ്ഞ മനസ്സുള്ളവരും ഇപ്പോഴും കേരളത്തില്‍ ഉണ്ടെന്നതില്‍ സഹതപിക്കാനേ കഴിയൂ.
ജീവിതത്തിലെ ഏതാണ്ടെല്ലാ കാര്യങ്ങളിലും മൗലികമായ കാഴ്ചപ്പാടുണ്ടായിരുന്നു എന്നതാണ് ദീനദയാലിന്റെ പ്രത്യേകത. ഇന്ത്യയിലെ അന്നത്തെ പ്രധാനപ്പെട്ട രാഷ്ട്രീയപാര്‍ട്ടിയുടെ നേതാവായിരുന്ന അദ്ദേഹം സ്വന്തം പ്രശസ്തിക്ക് വേണ്ടി ഒരിക്കലും ശ്രമിച്ചിരുന്നില്ല. രാഷ്ട്രീയമെന്നാല്‍ പ്രശസ്തിക്കും അധികാരം കൈയാളുന്നതിനും വേണ്ടിയാണെന്ന് ചിന്തിച്ചവരുടെ കാലത്താണ് ഈ വ്യതിരിക്ത സമീപനം എന്നത് ഓര്‍ക്കണം. ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ മേല്‍ ധാര്‍മ്മികമായ നിയന്ത്രണമുണ്ടായിട്ടും അദ്ദേഹം പദവികള്‍ക്ക് പിറകേ പോയില്ല. എല്ലാവര്ക്കും പ്രേരണയും പ്രചോദനവും മാര്‍ഗദര്‍ശനവും അദ്ദേഹത്തില്‍ നിന്ന് ലഭിച്ചിരുന്നു. ദീനദയാലാണ് തങ്ങളുടെ വഴികാട്ടിയെന്ന് ധരിച്ചവര്‍ സാമൂഹ്യജീവിതത്തിന്റെ ഉന്നതശ്രേണിയില്‍ എത്തിയപ്പോഴാണ് ദീനദയാല്‍ ജിയുടെ വലുപ്പം രാജ്യത്തിന് മനസ്സിലായത്. എത്ര ശുദ്ധമായ മനസ്സിന്റെ ഉടമയായിരുന്നു ദീനദയാല്‍ എന്നറിയാന്‍ എല്‍.കെ. അദ്വാനി തന്റെ പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുള്ള, ജനസംഘത്തിന്റെ മുതിര്‍ന്ന നേതാവായിരുന്നു നാനാജി ദേശ്മുഖ് പറഞ്ഞ ഉദാഹരണം മാത്രം മതി. ആഗ്രയില്‍ ബിരുദാനന്തര പഠനത്തിനായി നാനാജി ദേശ്മുഖിനോടൊടൊപ്പമാണ് ദീനദയാല്‍ താമസിച്ചിരുന്നത്. ഒരു ദിവസം പച്ചക്കറി വാങ്ങാനായി രണ്ടുപേരും കൂടെ ചന്തയില്‍ പോയി. രണ്ടു പൈസയ്ക്കാണ് പച്ചക്കറി വാങ്ങിയത്. തിരിച്ചു മുറിയിലെത്തിയ ദീനദയാല്‍ തന്റെ പോക്കറ്റിലുണ്ടായിരുന്നു നാല് നാണയങ്ങളില്‍ ഉപയോഗശൂന്യമായ ഒന്നുണ്ടായിരുന്നെന്നും അതാണ് അബദ്ധത്തില്‍ പച്ചക്കറി വില്പനക്കാരിക്ക് കൊടുത്തതെന്നും ഓര്‍ത്തു. പിന്നെ അത് തിരിച്ചുകൊടുക്കാന്‍ വീണ്ടും ചന്തയിലേക്ക് പോകുകയാണ്. നിങ്ങളുടെ എടുക്കാത്ത നാണയം തപ്പിയെടുക്കാന്‍ കഴിയില്ലെന്നും അത് സാരമില്ലെന്നുമായിരുന്നു കച്ചവടക്കാരുടെ മറുപടി. എന്നാല്‍ അവര്‍ കൂട്ടിയിട്ടിരുന്ന നാണയക്കൂമ്പാരത്തില് നിന്നും എടുക്കാത്ത നാണയം തപ്പിയെടുത്ത ദീനദയാല്‍ അവര്‍ക്ക് പകരം നല്ല നാണയം നല്‍കുകയും ചെയ്തു.
വളരെ ചെറുപ്പത്തിലേ അച്ഛനുമമ്മയും നഷ്ടപ്പെട്ട ദീനദയാല്‍ അമ്മാവന്റെ സംരക്ഷണയിലാണ് വളര്‍ന്നത്. പിലാനിയിലെ ബിര്‍ളാ കോളേജില്‍ നിന്ന് പ്രീയൂണിവേഴ്സിറ്റിയും കാണ്‍പൂരില്‍ നിന്ന് ബിരുദവും ആഗ്രയില്‍ നിന്ന് ബിരുദാനന്തര ബിരുദവുമൊക്കെ ഉന്നത ശ്രേണിയില്‍ വിജയിച്ച അദ്ദേഹം ഒടുവില്‍ നാടിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ അവസരം ചോദിച്ച് അമ്മാവനയ്ക്കുന്ന കത്ത് ഹൃദയസ്പര്‍ശിയാണ്. നാമെല്ലാവരും ഭൂമിയില്‍ നിന്ന് കായ്കളും ഫലങ്ങളും എടുക്കുമ്പോള്‍ ആരെങ്കിലും മണ്ണിന് വളമായി മാറേണ്ടേ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. തന്റെ പ്രവൃത്തി വലിയ ത്യാഗമായൊന്നും കാണാതെ, നാടിനോടുള്ള കടമ മാത്രമായാണ് അദ്ദേഹം കണ്ടത്.
കേന്ദ്ര കാബിനറ്റില്‍ നിന്ന് രാജിവച്ച ശ്യാമപ്രസാദ് മുഖര്‍ജി ഭാരതീയ ജനസംഘം രൂപീകരിച്ചപ്പോള്‍, ഗുരുജി ഗോള്‍വല്‍ക്കര്‍ ദീനദയാല്‍ ഉപാദ്ധ്യായയുടെ സേവനം പാര്‍ട്ടിക് വിട്ടുനല്‍കി. മുഖര്‍ജിയുടെ വിയോഗത്തിന് ശേഷം ജനസംഘത്തെ വളര്‍ത്തേണ്ട ഭാരം ദീനദയാലിന്റെ ചുമലിലായി. അന്ന് 37 വയസ്സ് മാത്രമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. കൂടെയുണ്ടായിരുന്നത് തീരെ പ്രായവും പക്വതയും ഇല്ലാത്ത ഏതാനും ചെറുപ്പക്കാരും. അതുകൊണ്ട് തന്നെ ജനസംഘത്തെ ആരും കാര്യമായി ഗൗനിച്ചിരുന്നില്ല. എന്നാല്‍ ഇന്ത്യയുടെ രാഷ്ട്രീയ ചിത്രം മാറ്റിമറിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ട്രെയിനിലായിരുന്നു ദീനദയാലിന്റെ യാത്രകള്‍ കൂടുതലും. ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ മാത്രമേ വിമാനത്തില്‍ കയറിയിരുന്നുള്ളൂ. കൂടുതല്‍ ആളുകളോട് ഇടപെടാന്‍ കഴിയും എന്നതും എഴുതാനും വായിക്കാനും സമയം കിട്ടും എന്നതുമായിരുന്നു ഇതിന്റെ കാരണം. ഒടുവില്‍ ഒരു ട്രെയിന്‍ യാത്രയ്ക്കിടയില്‍ തന്നെ അദ്ദേഹത്തിന്റെ അന്ത്യവും സംഭവിച്ചു എന്നതും വളരെ ദുഃഖകരം. 1967 ഡിസംബറില്‍ കോഴിക്കോട് നടന്ന സമ്മേളനത്തില്‍ വച്ച് അദ്ദേഹത്തെ ജനസംഘത്തിന്റെ ദേശീയ അദ്ധ്യക്ഷനായി തിരഞ്ഞെടുത്തു. രണ്ടുമാസത്തിനുള്ളില്‍ ഫെബുവരി 11 ന് ബിഹാറിലെ മുഗള്‍സരായി റെയില്‍ സ്റ്റേഷനടുത്തുള്ള റെയില്‍വേ പാളത്തിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഇക്കാര്യം അന്വേഷിച്ച വൈ.വി.ചന്ദ്രചൂഡ് കമ്മിഷന് രാഷ്ട്രീയവിരോധം കാരണമല്ലെന്നും സാധാരണ കൊള്ളക്കാരാണ് സംഭവത്തിന് പിന്നിലെന്നുമുള്ള അനുമാനത്തിലാണ് എത്തിയതെങ്കിലും അദ്ദേഹത്തിന്റെ ലക്ഷക്കണക്കിന് സഹപ്രവര്‍ത്തകര്‍ക്ക് അത് വിശ്വാസ്യയോഗ്യമായിരുന്നില്ല.
നാം നമ്മുടെ നാടിന്റെ സംസ്കാരത്തിലും പാരമ്പര്യത്തിലും അഭിമാനം കൊള്ളുന്നു എന്നു പറഞ്ഞ അദ്ദേഹം അതേ സമയം ഇന്നത്തെ സാഹചര്യത്തെക്കുറിച്ചും യാഥാര്‍ത്ഥ്യത്തെക്കുറിച്ചും ബോധവാനായിരുന്നു. എന്നാല്‍ ഇന്നില്‍ നാം കെട്ടിയിടപ്പെടരുത്. മറിച്ച് ഭാവിയുടെ ആവശ്യങ്ങളെക്കുറിച്ചാണ് നാം നോക്കേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യങ്ങളാക്കി മാറ്റാന്‍ കഴിയുന്ന കര്‍മ്മയോഗികളെ സൃഷ്ടിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. അന്ന് മുതലാളിത്തവും കമ്യൂണിസവും ആണ് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരുന്നത്. പരസ്പരം രണ്ടു ധ്രുവങ്ങളിലാണ് അവ നില്ക്കുന്നതെങ്കിലും രണ്ടിനും സമാനതകളുണ്ടെന്ന് അദ്ദേഹം കണ്ടെത്തി. രണ്ടും മനുഷ്യനെ ഭാഗികമായി കാണുന്നതും ഭൗതികമായ ആവശ്യങ്ങളെ മാത്രം കേന്ദ്രീകരിക്കുന്നതുമായിരുന്നു. ഒന്ന് ചൂഷണത്തിലും അനി
യന്ത്രിതമായ മത്സരത്തിലും അധിഷ്ഠിതമാണെങ്കില്‍ കമ്മ്യൂണിസമാകട്ടെ നല്ലതു ചെയ്യണമെങ്കില്‍ പോലും നിര്‍ദ്ദേശം കിട്ടേണ്ട, നിയമങ്ങളാല്‍ കര്ശനമാകപ്പെട്ട കഠിന വ്യവസഥയായി മാറും എന്നദ്ദേഹം കണ്ടത്തെി. രണ്ടിലും രാഷ്ട്രീയവും സാമ്പത്തികവുമായ അധികാരം കേന്ദ്രീകരിക്കപ്പെടുകയാണ്. മനുഷ്യനും മനുഷ്യനും തമ്മിലും വ്യക്തിയും സമൂഹവും തമ്മിലും മനുഷ്യനും പ്രകൃതിയും തമ്മിലും ഉള്ള സംഘര്‍ഷമാണ് രണ്ടിടത്തും. രണ്ടും അമാനവീകരണത്തിലേക്കാണ് നയിക്കുക. എണ്‍പതുകളുടെ അവസാനവും 90 കളുടെ ആദ്യവും സോവിയറ്റ് യൂണിയനിലെയും കിഴക്കന്‍ യൂറോപ്പിലെയും കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ തകര്‍ച്ച അത് തെളിയിച്ചു. സോവിയറ്റ് യൂണിയന്റെ ഇരുമ്പു മറകളും സ്വന്തം പാര്‍ട്ടിക്കാരെ വരെ കൊല്ലുന്ന കൂട്ടക്കൊലകളും കോണ്സണ്ട്രേഷന് ക്യാമ്പുകളെക്കുറിച്ചും നേരത്തെ തന്നെ പുറത്തുവന്നിരുന്നല്ലോ. കമ്യൂണിസത്തിന്റെ ന്യൂനതകളെയും ആന്തരിക വൈരുദ്ധ്യത്തെയും അദ്ദേഹം എടുത്തുകാട്ടി. മറിച്ച് ഭാരതീയ ചിന്തയാകട്ടെ ചതുര്വിധ പുരുഷാര്ഥങ്ങളെക്കുറിച്ചും നാല് തലങ്ങളിലുടെ കടന്നുപോകുന്ന മനുഷ്യ ജീവിതത്തെക്കുറിച്ചും ആണ് പ്രതിപാദിക്കുന്നത്. നമ്മുടേതാകട്ടെ മനുഷ്യനെ സംബന്ധിച്ച സമഗ്രമായ സമീപനമാണ്. മനുഷ്യരിലും സമൂഹത്തിലും ശാന്തിയും സമാധാനവും കളിയാടണം. സംഘര്‍ഷത്തിന് പകരം സഹകരണത്തിന്റെയും സമന്വയത്തിന്റേയും പാതയാണ് അദ്ദേഹം സ്വീകരിച്ചത്. പാശ്ചാത്യ ചിന്തയെ മൊത്തം തള്ളിപ്പറയുകയല്ല മറിച്ച് അതിന്റെ അപര്യാപ്തതയെ ചൂണ്ടിക്കാട്ടുകയാണ് അദ്ദേഹം ചെയ്തത്.
തികച്ചും സംഘര്‍ഷാത്മകമായ ഒരു ലോകസാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. പാശ്ചാത്യ ദര്‍ശനങ്ങള്‍ പ്രശ്നപരിഹാരമല്ലെന്ന് തെളിഞ്ഞു. മതഭീകരത അതിന്റെ എല്ലാ ദംഷ്ടകളുമുയര്ത്തി നില്‍ക്കുകയാണ്. ലോകരാജ്യങ്ങളില്‍ ഇന്ന് നമുക്ക് നേതൃപരമായ പങ്ക് വഹിക്കാന്‍ കഴിയും. ഏതൊരു പ്രതിസന്ധിയെയും അതിജീവിക്കാന്‍ കഴിയുന്ന ശക്തമായ നേതൃത്വം നമുക്കുണ്ട്. നമ്മുടെ നേതൃത്വത്തെയും പ്രവര്‍ത്തകരെയും പ്രചോദിപ്പിക്കാനും വഴികാട്ടാനും ദീനദയാല്‍ ഉപാദ്ധ്യായയുടെ ചിന്തകള്‍ക്കും പ്രവര്‍ത്തന പദ്ധതിക്കും കഴിയും എന്ന കാര്യത്തില്‍ ഒട്ടും സംശയമില്ല. ദീനദയാല്‍ എന്ന മാനവികതയുടെ പ്രചാരകന്റെ ആശയങ്ങള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഭാരത സര്‍ക്കാരിന,് ലോകത്തിന് വഴികാട്ടിയാവാന്‍ സാധിക്കുമെന്ന് ലോകം അംഗീകരിച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: