തൃശൂര്‍: തിയറ്ററുകള്‍ തുറക്കാന്‍ സാഹചര്യം അനുകൂലമാണെന്ന സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയെ സിനിമാലോകം വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. തിയറ്ററുകള്‍ തുറക്കുന്നത് പരിഗണനയിലാണെന്ന് മന്ത്രി വ്യക്തമാക്കിയതോടെ പ്രതിസന്ധിയിലായിരിക്കുന്ന സിനിമകള്‍ക്ക് പുതുജീവന്‍ ലഭിക്കും.
ആദ്യഘട്ട കൊവിഡ് വ്യാപനത്തിന് ശേഷം തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ രണ്ടാം തംരംഗത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ വര്‍ദ്ധിച്ചതോടെ തിയ്യറ്ററുകള്‍ വീണ്ടും അടച്ചു. കൊവിഡ് വന്നതിന് ശേഷം തിയേറ്റര്‍ ഉടമകള്‍ രൂക്ഷമായ പ്രതിസന്ധിയാണ് നേരിടുന്നത്. കൊവിഡ് മഹമാരിയില്‍ കനത്ത തിരിച്ചടിയെ സിനിമ മേഖല നേരിട്ടു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തിയേറ്റര്‍ റിലീസുകള്‍ക്ക് നിയന്ത്രണങ്ങള്‍ വന്നതോടെ സൂപ്പര്‍താരങ്ങളുടെയടക്കം പല പുതിയ സിനിമകളും ഓണ്‍ലൈനായാണ് റിലീസ് ചെയ്തത്. സര്‍ക്കാര്‍ എടുക്കുന്ന തീരുമാനം അനുസരിച്ച് സിനിമ റിലീസ് ചെയ്യാന്‍ ബിഗ് ബജറ്റ് സിനിമകള്‍ കാത്തിരിക്കുകയാണ്. മോഹന്‍ലാല്‍-പ്രിയദര്ശന് ടീമിന്റെ ‘മരയ്ക്കാരും’ വെളിച്ചം കാണാതെ പെട്ടിയ്ക്കുള്ളിലാണ്.
തിയറ്ററുകള്‍ തുറക്കണമെന്ന ആവശ്യം ചലച്ചിത്ര പ്രവര്‍ത്തകര്‍ നിരന്തരം ഉന്നയിച്ചു വരികയായിരുന്നു. സംസ്ഥാനത്ത് കൊവിഡ് ആശങ്ക കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ തീയേറ്ററുകള്‍ തുറക്കാന്‍ ഡിസംബര്‍ വരെ കാത്തിരിക്കേണ്ടി വരില്ലെന്നാണ് സൂചന. ഒക്ടോബറോടെ തീയേറ്ററുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നറിയുന്നു. സംസ്ഥാനത്ത് ടിപിആര്‍ കുറഞ്ഞുവരുന്നതും വാക്സിനേഷന് 90 ശതമാനത്തോളം ജനങ്ങളിലെത്തിയെന്നുമുള്ള വിലയിരുത്തലിനെ തുടര്‍ന്നാണ് തിയേറ്ററുകള്‍ തുറക്കുന്ന കാര്യം സര്‍ക്കാര്‍ ഇപ്പോള്‍ പരിഗണിക്കുന്നത്.
സര്‍ക്കാരിന് കോടികളുടെ വരുമാനം നല്കുന്ന സിനിമാ വ്യവസായം തകര്‍ച്ചയിലാണിപ്പോള്‍. നിലവിലെ സാമ്പത്തിക പ്രശ്നങ്ങള്‍ മറികടക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പദ്ധതി പ്രഖ്യാപിക്കണമെന്ന് തിയേറ്റര്‍ ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് പേര് തൊഴിലും വരുമാനവുമില്ലാതെ ബുദ്ധിമുട്ടുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങളോടെ തിയ്യയറ്ററുകള് തുറക്കാനുള്ള തീരുമാനത്തിലേക്ക് ഇപ്പോള്‍ സര്ക്കാരെത്തിയിട്ടുള്ളത്. സംസ്ഥാനത്ത് സീരിയല്‍-സിനിമാ ചിത്രീകരണത്തിന് അനുമതിയുണ്ട്. കോളേജുകളും സ്കൂളുകളും തുറക്കാനും ഒരുങ്ങുകയാണ്. ഇതിനാല്‍ തിയേറ്ററുകള്‍ തുറക്കുന്നതും ആലോചിക്കാമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ആരോഗ്യ വിദഗ്ധരോടടക്കം കൂടിയാലോചിച്ചതിന് ശേഷമായിരിക്കും അന്തിമ തീരുമാനം.
പുതിയ സിനിമകള്‍ക്കായി പ്രേക്ഷകര്‍ കാത്തിരിക്കുന്നു
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തിയറ്ററുകള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എത്രയും പെട്ടെന്ന് തയ്യാറാവണം. പതിനായിരക്കണക്കിന് പേര് തൊഴിലെടുക്കുന്ന സിനിമാ മേഖലയിലെ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ തീരുമാനം വളരെ അശ്വാസകരമാകും. തിയ്യറ്ററുകളിലെത്തുന്ന പുതിയ സിനിമകള്‍ക്കായി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അടച്ചിടലുകളുടെയും വീടിനകത്തെ ഒറ്റപ്പെടലുകളില്‍ നിന്നും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മാനസികോല്ലാസത്തിന് തിയ്യറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് വളരെയധികം ഗുണം ചെയ്യും.
-കെ.വിഷ്ണു (സിനിമാസ്വാദകന്, പുന്നയൂര്‍ക്കുളം)
തീരുമാനത്തെ സ്വാഗതം ചെയ്യുന്നു
സിനിമാ തിയ്യറ്ററുകള്‍ തുറക്കുമെന്നുള്ള സര്‍ക്കാര്‍ തീരുമാനത്തെ വളരെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. കോടിക്കണക്കിന് രൂപ മുടക്കി നിര്‍മ്മിച്ച 200ഓളം ചിത്രങ്ങളാണ് റിലീസിന് കാത്തുകിടക്കുന്നത്. സിനിമാമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഫിലിം റപ്രസെന്ററ്റിവ് മുതലുള്ള ആയിരങ്ങളുടെ ജീവിതം ഇപ്പോള്‍ ദുരിതപൂര്‍ണമാണ്. ലോക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് ഈവര്‍ഷം ഏകദേശം രണ്ടു മാസമാണ് തിയ്യറ്റര്‍ തുറന്ന് പ്രവര്‍ത്തിച്ചത്. തിയ്യറ്ററുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ തിയ്യറ്റര്‍ ഓപ്പറേറ്റര്‍മാര്‍, ടിക്കറ്റ് കൗണ്ടര്‍ സ്റ്റാഫുകള്‍, സെക്യൂരിറ്റിക്കാര്‍ തുടങ്ങിയവര്‍ക്കൊന്നും തന്നെ തൊഴിലില്ലാതെയായി. സിനിമ പ്രദര്ശിച്ചാലും ഇല്ലെങ്കിലും തിയ്യറ്റര്‍ ഉടമകള്‍ വൈദ്യുതി ബില്‍ ഇനത്തില്‍ പ്രതിമാസം ലക്ഷങ്ങളാണ് രണ്ടുവര്‍ഷമായി അടയ്ക്കുന്നത്.
-എ.കെ സുനില്‍ (പ്രൊപ്രൈറ്റര്‍, തൃശൂര്‍ രാഗം തിയ്യറ്റര്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: