രാഷ്ട്രീയവും മതപരവും സാമ്പത്തികവുമായ സ്ഥാപിതതാല്പ്പര്യങ്ങള് മുന്‍നിര്‍ത്തി ചരിത്രത്തിന്റെ മേഖലയില്‍ വ്യാജനിര്‍മിതികള്‍ക്ക് ശ്രമിക്കുന്നവര്‍ക്കുള്ള തിരിച്ചടിയാണ് ‘പാമ’ എന്ന സ്വകാര്യ ഏജന്‍സി വടക്കന്‍ പറവൂരിനടുത്ത പട്ടണം എന്ന പ്രദേശത്ത് നടത്തിവന്ന ഉത്ഖനനത്തിന് കേന്ദ്ര പുരാവസ്തു വകുപ്പ് അഥവാ എഎസ്ഐ അനുമതി നിഷേധിച്ച നടപടി. എഎസ്ഐയുടെ പേരും മുദ്രയും അനധികൃതമായി ഉപയോഗിച്ചതും ചരിത്രഗവേഷണത്തിന് ഇന്റേണ്‍ഷിപ്പ് എന്ന പേരില്‍ നിയമവിരുദ്ധമായി പണപ്പിരിവ് നടത്തിയതും കണ്ടെത്തിയാണ് ഉത്ഖനനത്തിന് അനുമതി നിഷേധിച്ചിട്ടുള്ളതെങ്കിലും, ഈ രംഗത്ത് ആസൂത്രിതവും സംഘടിതവും ഗൂഢവുമായി അരങ്ങേറുന്ന ചെയ്തികളുടെ ആപല്‍ക്കരമായ സ്വഭാവത്തിലേക്ക് വിരല്‍ചൂണ്ടുന്ന നടപടിയാണിത്. രണ്ടാം ചേരസാമ്രാജ്യത്തിന്റെ കാലത്ത് നിലനിന്നതായി കരുതപ്പെടുന്ന കൊടുങ്ങല്ലൂരിലെ പ്രാചീന തുറമുഖമായ മുസിരിസ്സിന്റെ ചരിത്രം അട്ടിമറിക്കാനുള്ള ശ്രമമാണ് ‘പാമ’യുടെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഭാരതീയ വിചാരകേന്ദ്രത്തിന്റെയും വൈചാരികരംഗത്ത് ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രജ്ഞാപ്രവാഹ് എന്ന സംഘടനയുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് എഎസ്ഐ ഇക്കാര്യം പരിശോധിച്ചതും സമയോചിതമായ ഇടപെടലുകള്‍ ഉണ്ടായതും. പട്ടണം ഉത്ഖനനം തുടക്കം മുതല്‍ തന്നെ അതിന് നേതൃത്വം നല്‍കിയവരുടെ രാഷ്ട്രീയ-മത പക്ഷപാതം കൊണ്ടും ക്രമക്കേടുകള്‍കൊണ്ടും വിവാദത്തില്‍പ്പെട്ടിരുന്നു.
ഖനനത്തിന്റെ ചുമതലയുണ്ടായിരുന്ന ഡോ. പ്രീതാ നായര്‍ക്ക് മൂന്നു ലക്ഷത്തിലേറെ രൂപ കെസിഎച്ച്ആര്‍ അനധികൃതമായി നല്‍കിയതിനെ അക്കൗണ്ടന്റ് ജനറല്‍ വിമര്‍ശിക്കുകയുണ്ടായി. ഖനനത്തിനു നേതൃത്വം നല്കിയ കെസിഎച്ച്ആറിന്റെ ഡയറക്ടറായിരുന്ന ഇടതുപക്ഷ ചരിത്രകാരന് പി.ജെ. ചെറിയാന്റെ ചില നടപടികള്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തുകയും ചെയ്തു. ഖനനത്തിനായി പട്ടണം പ്രദേശം തെരഞ്ഞെടുത്തതില്‍ത്തന്നെ പലരും വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. നിരന്തരമായ മഴയും വെള്ളപ്പൊക്കവുമുള്ളതിനാല്‍ ഇവിടുത്തെ കുഴഞ്ഞ മണ്ണില്‍ ‘സാംസ്കാരിക നിക്ഷേപങ്ങള്‍’ ഉണ്ടാകില്ല എന്നതായിരുന്നു പ്രധാന കാരണം. ഇവിടെ കുഴിച്ചപ്പോള്‍ മുഖ്യമായും കിട്ടിയിട്ടുള്ളത് പണ്ടുകാലത്തെ ഇറ്റാലിയന്‍ മദ്യക്കുപ്പികളുടെ അവശിഷ്ടങ്ങളും ചില റോമന്‍ നാണയങ്ങളുമൊക്കെയാണ്. ഇവ തീരദേശത്ത് പലയിടത്തുനിന്നും ലഭിക്കുന്നതുമാണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പലയാവര്‍ത്തി ആവശ്യപ്പെട്ടിട്ടും ഖനനം സംബന്ധിച്ച ശരിയായ റിപ്പോര്‍ട്ടുകള്‍ കൊടുക്കാത്തതിനെത്തുടര്‍ന്ന് എഎസ്ഐ തുടര്‍ഖനനത്തിന് അനുമതി നിഷേധിക്കുകയുണ്ടായി.
പിന്നീടാണ് ‘പാമ’ എന്ന സംഘടനയ്ക്ക് രൂപം നല്കി എഎസ്ഐയുടെ ഉപദേശകസമിതിയില്‍ കയറിക്കൂടിയ ചില വിധേയന്മാര് വഴി ഖനനത്തിന് അനുമതി നേടിയെടുത്തത്. അക്കാദമിക് അംഗീകാരമുള്ള ആര്‍ക്കിയോളജിസ്റ്റുകളുടെ അഭാവത്തിലാണ് പട്ടണത്തില്‍ ഉത്ഖനനം നടത്തിയതും തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിച്ചുപോന്നതും. പ്രശസ്ത പുരാവസ്തു വിദഗ്ധരായ ദിലീപ് കെ. ചക്രവര്‍ത്തി, വസന്ത് ഷിന്‍ഡെ, നാഗസ്വാമി, സത്യമൂര്‍ത്തി, വിഖ്യാത ചരിത്രകാരനായ എം.ജി.എസ്. നാരായണന് എന്നിവര്‍ പട്ടണത്തെ ഖനനരീതിയേയും ഇതിന് ചില അന്താരാഷ്ട്ര സംഘടനകളും സ്ഥാപനങ്ങളുമായുള്ള ബന്ധത്തെയും രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്.
പട്ടണം ഉത്ല്‍ഖനനവുമായി ബന്ധപ്പെട്ട് കെസിഎച്ച്ആറിന്റെയും ‘പാമ’യുടെയും മതപക്ഷപാതം പലപ്പോഴും പ്രകടമാവുകയുണ്ടായി. പട്ടണത്തിന് ഈജിപ്തും ഇസ്രായേലും തുര്‍ക്കിയുമൊക്കെയായുള്ള ബന്ധത്തെക്കുറിച്ച് വാചാലരാവുകയും തമിഴ്നാടും ഡെക്കാനും മറ്റുമായുള്ള ബന്ധത്തെക്കുറിച്ച് പറയാതിരിക്കുകയും ചെയ്തത് ഒരു അജണ്ടയുടെ ഭാഗമായിരുന്നു. കേരളത്തിന്റെ പ്രാചീന ചരിത്രത്തെ ബിബ്ലിക്കല്‍ ചരിത്രവുമായി ബന്ധപ്പെടുത്തുന്നതിനുവേണ്ടിയായിരുന്നു ഇത്. ഇതിനുപിന്നില്‍ പല ദുഷ്ടലാക്കുകളുമുണ്ട്. ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ടില്‍ സെന്റ് തോമസ് കേരളം സന്ദര്‍ശിച്ചുവെന്ന കെട്ടുകഥയ്ക്ക് ചരിത്രത്തിന്റെ പരിവേഷം നല്‍കുക. ഇതുവഴി ആഗോളതലത്തിലുള്ള ക്രൈസ്തവ സ്രോതസുകളില്‍നിന്ന് വന്‍തോതില്‍ പണം സമാഹരിക്കുക. കടുത്ത ഇന്ത്യാവിരോധം പുലര്‍ത്തുകയും ദേശവിരുദ്ധ ശക്തികള്‍ക്കുവേണ്ടി പണമൊഴുക്കുകയും ചെയ്യുന്ന ഹോളണ്ടിലെ ജോര്‍ജ് സോറസുമായിപ്പോലും ബന്ധം സ്ഥാപിച്ചതായാണ് വിവരം. ഇതിനൊക്കെ തിരിച്ചടിയാണ് ഉത്ഖനനത്തിന് എഎസ്ഐ അനുമതി നിഷേധിച്ചത്. ഇത് വകവയ്ക്കാതെ വീണ്ടും ഉത്ഖനനം നടത്തി മുന്നോട്ടുപോകാനാണ് ‘പാമ’യുടെ നീക്കം. എഎസ്ഐയുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങളുടെ ഒത്താശ ഇതിനു ലഭിക്കുന്നുണ്ടെന്നും പറയപ്പെടുന്നു. ഇപ്പോള്‍ അനുമതി നിഷേധിച്ചിട്ടുള്ളതുതന്നെ ചില പഴുതുകള്‍ ഇട്ടുകൊണ്ടാണെന്ന ആക്ഷേപമുണ്ട്. ചരിത്രത്തിന്റെയും പുരാവസ്തു ഗവേഷണത്തിന്റെയും മേഖലയില്‍ ഇത്തരം സ്ഥാപിതതാല്പര്യങ്ങള് ഒരുതരത്തിലും വച്ചുപൊറുപ്പിക്കാനാവില്ല. എഎസ്ഐയുടെ ഭാഗത്തുനിന്ന് ശക്തമായ തുടര്‍നടപടികളുണ്ടാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: