മങ്കൊമ്പ: എസി റോഡ് പുനരുദ്ധാരണം കുട്ടനാട്ടുകാരെ വലയ്ക്കുന്നു. റോഡില്‍ ഏര്‍പ്പെടുത്തിയിട്ടുളള നിയന്ത്രണങ്ങള്‍ക്ക് ബദല്‍ മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്താന്‍ അധികാരികള്‍ക്ക് കഴിയാത്തത് എസി റോഡിനെ ആശ്രയിക്കുന്നവര്‍ക്ക് വിലങ്ങുതടിയാവുകയാണ്. ഇരുചക്ര സ്വകാര്യവാഹനങ്ങള്‍ ഉള്ളവര്‍ക്ക് മാത്രമേ എസി റോഡില്‍കൂടി നിലവിലുള്ള യാത്ര സുഗമമാവൂ. ബാക്കിയുള്ളവര്‍ക്ക് യഥാസമയം ലക്ഷ്യസ്ഥാനത്ത് എത്താനാകുന്നില്ല. കൂടാതെ ധനനഷ്ടവും സമയനഷ്ടവും ഉണ്ടാകുകയാണെന്ന് പരിതപിക്കുന്നു.
കുട്ടനാട്ടിലെ വിവിധ സ്ഥങ്ങളിലും ആലപ്പുഴ, ചങ്ങനാശേരി തുടങ്ങിയ നഗരങ്ങളിലേയ്ക്കും ഉള്ള ഏകറോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി ബദല്‍മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടു. കുട്ടനാട്ടില്‍ ജോലിചെയ്യുന്ന നിരവധിപേര്‍ക്ക് യഥാസമയം ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയാത്തതിനാല്‍ ഇവിടുത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഹാജര്‍ നില പകുതിയോളമായി.
ആലപ്പുഴയില്‍നിന്ന് ചങ്ങനാശേരിക്ക് എസി റോഡിലൂടെ പോയാല്‍ 24 കിലോമീറ്റര്‍ ദൂരമേ മുന്‍പ് ഉണ്ടായിരുന്നു. എന്നാല്‍ പക്കി, പൊങ്ങ പാലങ്ങള്‍ പൊളിച്ചതോടെ ആലപ്പുഴ-വളഞ്ഞവഴി-പൂപ്പള്ളി വഴി ചങ്ങനാശേരി പോകണം. അപ്പോള്‍ 38 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കേണ്ടിവരുന്നു. പുനരുദ്ധാരണത്തിന്റെ ഭാഗമായി എസി റോഡിലൂടെയുള്ള കെഎസ്ആര്‍ടിസി സര്‍വീസുകളില്‍ മുടക്കം വരില്ലായെന്നു അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നു.നിലവില്‍ കളര്‍കോട്, പൊങ്ങപാലങ്ങള് പൊളിച്ചിട്ടിരിക്കുകയാണ്. അതിനാല്‍ കൈതവന മുതല്‍ പൊങ്ങപ്പള്ളി വരെയുള്ള അഞ്ച് കിലോമീറ്റര്‍ ഭാഗത്ത് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നില്ല.
ഈ ഭാഗങ്ങളില്‍ കെ.എസ്ആര്ടിസി മിനി ബസ് സര്‍വീസ് നടത്തുമെന്ന് എംഎല്‍എ തോമസ് കെ. തോമസ് വാഗ്ദാനം നല്‍കിയിരുന്നെങ്കിലും നടപടിയൊന്നുമായില്ല. ഈ അഞ്ചു കിലോമിറ്റര്‍ മറികടക്കാന്‍ കളര്‍കോട്-വളഞ്ഞവഴി-നെടുമുടി പൂപ്പള്ളി വഴി 20 കിലോമീറ്റര്‍ സഞ്ചരിക്കേണ്ടിവരും.
ഇതിന് ഏകദേശം 45 മിനിറ്റോളം അധികമായി വരും ബസ് നിരക്കിലും വര്‍ധവ് ഉണ്ടാകും. ഇതിന് പരിഹാരം കാണാന്‍ പക്കിപാലത്തിനും പൊങ്ങപ്പാത്തിനുമിടയില് കെഎസ്ആര്‍ടിസി മിനിബസ് സംവിധാനം കൊണ്ടുവരുമെന്ന് എംഎല്‍എ വാഗ്ദാനം നല്‍കിയിരുന്നു. ഗതാഗതം മുടങ്ങി മൂന്നാഴ്ച പിന്നിട്ടിട്ടും ഇതിന് പരിഹാരമായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: