പത്തനംതിട്ട: സീതത്തോട് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടിൽ ബാങ്ക് സെക്രട്ടറിയും സിപി ഐഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ കെ.യു ജോസിനെ സസ്പെൻഡ് ചെയ്തു. ഏഴരക്കോടി രൂപയുടെ ക്രമക്കേടുണ്ടായെന്നാണ് സീതത്തോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിക്കുന്നത്. ഇതിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് വിജിലൻസിന് പരാതി നൽകിയിരുന്നു.
2013 മുതൽ 2018 വരെയുള്ള കാലയളവിലായി സസ്പെൻസ് അക്കൗണ്ടുകൾ മുഖേനയും അല്ലാതെയുമുള്ള ക്രമക്കേടുകൾ ബാങ്കിൽ നടന്നതായാണ് ആരോപണം. രേഖകളിൽ കൃത്രിമം കാട്ടി 1.65 കോടി രൂപയുടെ ക്രമക്കേട് നടത്തിയതായാണ് ബാങ്കിന്റെ കണ്ടെത്തൽ.
സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ബാങ്ക് സെക്രട്ടറിയും സിപിഐഎം ലോക്കൽ കമ്മറ്റിയംഗവുമായ കെ.യു ജോസിനെ പാർട്ടിയിൽ നിന്ന് നേരത്തെ തന്നെ പുറത്താക്കിയിരുന്നു . ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകളിൽ ജോസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് സിപിഐഎം വിലയിരുത്തൽ. ആങ്ങമുഴി ലോക്കൽ കമ്മറ്റിയംഗവും സീതത്തോട് മുൻ ലോക്കൽ സെക്രട്ടറിയും പഞ്ചായത്ത് അംഗവുമാണ് ജോസ്. 2018 മുതൽ സീതത്തോട് സഹകരണ ബാങ്കിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: