കേവലം സെലിബ്രിറ്റി സ്റ്റാറ്റസിനപ്പുറം നിരവധി ചലച്ചിത്ര പിന്നണി പ്രവര്‍ത്തകരുടെ കൂടി ജീവിതമാണ് കൊവിഡ് കാരണം പ്രതിസന്ധിയിലായത്. മറ്റെല്ലാ മേഖലകളെയും പോലെ സിനിമാ വ്യവസായവും കൊവിഡ് വ്യാപനത്തിലും ലോക്ഡൗണിലും ബുദ്ധിമുട്ടിലാണ്. മാസങ്ങളായി തിയേറ്ററുകള്‍ അടഞ്ഞു കിടക്കുകയാണ്. ചെറിയ സിനിമകള്‍ ഒഴികെ മറ്റ് നിര്‍മ്മാണപ്രവര്‍ത്തനങ്ങളും നടക്കുന്നില്ല.
മോഹന്‍ലാല്‍-പ്രിയദര്ശന് ടീമിന്റെ ബിഗ് ബജറ്റ് ചിത്രം ‘മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം’ ഉള്‍പ്പടെ നാല്പതോളം സിനിമകളാണ് ലോക്ഡൗണ്‍ കാരണം റിലീസ്-നിര്‍മ്മാണ പ്രതിസന്ധിയിലായത്. ഇവയുടെ റിലീസ് സാധ്യതകള്‍ എങ്ങനെയാണെന്നതും തിയേറ്റര്‍ തുറക്കുന്നതിനെപ്പറ്റിയും ഇതുവരെ തീരുമാനമായിട്ടില്ല. തിയേറ്ററുകള്‍ തുറന്നാല്‍ തന്നെ പഴയപോലെ സജീവമായി ആളുകള്‍ വരുന്ന സാഹചര്യം ഉണ്ടാകുമോ? ഇങ്ങനെയുള്ള ഉത്കണ്ഠകളുടെ അടിസ്ഥാനത്തില്‍ പൂര്‍ത്തിയായ സിനിമകള്‍ തിയേറ്റര്‍ റിലീസ് കാക്കാതെ നേരിട്ട് വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളില്‍ എത്തിക്കാനുള്ള തീരുമാനങ്ങള്‍ ചില നിര്‍മ്മാതാക്കള്‍ കൈക്കൊണ്ടിട്ടുണ്ട്. എന്നാല്‍ ആ തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു കൊണ്ട് കേരള ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന് രംഗത്ത് വന്നിരുന്നു. കാരണം മറ്റൊന്നുമല്ല, സിനിമാ മേഖല എന്നത് അവര്‍ കൂടി ഉള്‍പ്പെടുന്നതാണല്ലോ.
തിയേറ്റര്‍ ഉടമകളെ സംബന്ധിച്ച് വല്ലാത്തൊരു അവസ്ഥയാണ്. മലയാളസിനിമയിലെ പ്രധാനപ്പെട്ട ഒരു പ്രൊഡ്യൂസര്‍ തന്റെ സിനിമ ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് കൊടുത്താല്‍ തിയേറ്റര്‍ ജീവനക്കാര്‍ എന്താണ് ചെയ്യുക? ഈ സാഹചര്യം മുന്‍കൂട്ടി കണ്ടുകൊണ്ടാണ് ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഒടിടി റിലീസിനെ തിയേറ്റര്‍ ഉടമകള്‍ എതിര്‍ക്കുന്നത്. നല്ലൊരു വിഭാഗം തിയേറ്റര്‍ ഉടമകളും മറ്റ് വരുമാന മാര്‍ഗങ്ങള്‍ ഇല്ലാത്തവരാണ്. അവരൊക്കെ ആത്മഹത്യയുടെ വക്കിലേക്ക് പൊയ്പ്പോവും. തിയേറ്ററിനുള്ളില്‍ ജീവനക്കാരന് ആത്മഹത്യ ചെയ്തത് നമ്മുടെ സംസ്ഥാനത്ത് തന്നെയാണ് എന്നത് വിസ്മരിക്കാനാവില്ലല്ലോ. ചിത്രീകരണം പൂര്‍ത്തിയാക്കിയ മുപ്പതോളം സിനിമകളാണ് ഇപ്പോഴുള്ളത്. തിയേറ്ററുകള്‍ തുറക്കുന്നതിന് മുന്‍പ് സിനിമകള്‍ ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് പോയാല്‍ പിന്നെ തിയേറ്ററുകള്‍ ബാക്കിയുണ്ടാവില്ലെന്ന് ലിബര്‍ട്ടി ബഷീര്‍ അഭിപ്രായപ്പെടുന്നു. മറ്റ് വഴികള്‍ മുന്നില്‍ ഇല്ലാത്തതിനാല്‍ അടഞ്ഞ തിയേറ്ററുകള്‍ക്കുമുന്നില്‍ പകച്ചുനില്‍ക്കുകയാണ് സിനിമാലോകം. വ്യാവസായിക സിനിമകളുടെ മുടക്കുമുതല്‍ തിരിച്ചുകിട്ടണമെന്ന് നിര്‍മാതാക്കളും കരുതുന്നതില്‍ തെറ്റു പറയാനാകില്ല. വലിയ സിനിമകളുടെ വിപണി അവസ്ഥ മോശമാണ്. ഈ സാഹചര്യം സിനിമാ നിര്‍മാതാക്കളുടെ ഉറക്കംകെടുത്തും. ഇന്ന് ഈ പരിവര്ത്തനകാലത്തില് പുതിയ ചിത്രങ്ങളുടെ നിര്‍മാണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. ബിഗ് ബജറ്റ് ചലച്ചിത്രങ്ങള്‍ ചെയ്ത പല നിര്‍മാതാക്കളും ചെറിയ ചിത്രങ്ങള്‍ തുടങ്ങാന്‍ ആലോചിക്കുകയാണ്. ഒടിടിയാണ് ഇവരുടെ ലക്ഷ്യം. വരുമാനം നിലയ്ക്കുമ്പോള്‍ കച്ചവട തന്ത്രങ്ങള്‍ നിര്‍മാതാക്കള്‍ അന്വേഷിക്കുന്നത് സ്വാഭാവികം.
വന്‍തോതിലുള്ള തിയേറ്റര്‍ കളക്ഷന്‍ ഉടനൊന്നും പ്രതീക്ഷിക്കാനാവാത്തതുകൊണ്ട് മുടക്കുമുതല്‍ തിരിച്ചുപോരട്ടെ എന്ന ചിന്ത ഇവര്‍ക്കു വരും. അതിന് മുന്നില്‍ ഒടിടി എന്ന വാതില്‍ തുറക്കുകയാണ്. ചെറിയ സിനിമകള്‍ ആ വഴിക്ക് സഞ്ചരിക്കും എന്നതാണ് ലക്ഷ്യം.
സിനിമയുടെ ന്യുജെന് ആസ്വാദക രീതി കൊവിഡ് രോഗവ്യാപനത്തെത്തുടര്‍ന്ന് സിനിമാ തിയേറ്ററുകള്‍ അനിശ്ചിതകാലം അടച്ചിടുന്ന സാഹചര്യത്തിലാണ് റിലീസിനായി നിര്‍മാതാക്കള്‍ ഓവര്‍ ദി ടോപ് (ഒടിടി) വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളെ ആശ്രയിച്ചത്. ഈ അടുത്തകാലത്ത് നേട്ടമുണ്ടാക്കിയ പ്രധാന വിനോദ വ്യവസായ മേഖല ഒടിടി പ്ലാറ്റ്ഫോമുകളുടേതാണ്. മുന്‍പ് ഉണ്ടായിരുന്ന നെറ്റ്ഫ്ളിക്സും ആമസോണ്‍ പ്രൈമും ആളുകളുടെ എണ്ണത്തില്‍ വര്‍ധന സ്വന്തമാക്കിയ സാഹചര്യത്തില്‍ വിപണി മനസ്സിലാക്കി നിരവധി ചെറുതും വലുതുമായ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് എത്തി.
ഇന്ത്യന്‍ സിനിമയെ പരിഗണിച്ചാല്‍ ഒടിടി പ്ലാറ്റ്ഫോമിലൂടെ ഏറ്റവുമധികം ശ്രദ്ധ നേടിയെടുത്ത സിനിമാ വ്യവസായങ്ങളില്‍ ഒന്ന് മലയാളമാണ് എന്നത് അടിവരയിട്ടു പറയാം. മലയാളികളല്ലാത്ത ഇന്ത്യന്‍ സിനിമാ പ്രേക്ഷകരെ ഒടിടിയിലൂടെ മലയാള സിനിമയുടെ സഹചാരികളാക്കി മാറ്റിയത് കുമ്പളങ്ങി നൈറ്റ്സ് പുറത്തിറങ്ങിയതോടെയാണ്. വലിയ പ്രീ റിലീസ് പബ്ലിസിറ്റി നല്കിയ മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം ലൂസിഫറിനൊപ്പം തന്നെ ശ്രദ്ധേയമായ സിനിമയായി കുമ്പളങ്ങി നൈറ്റ്സും.
തുടര്‍ന്ന് ദൃശ്യം-2, ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, സി യു സൂണ്‍, ജോജി, കപ്പേള, നായാട്ട്, മാലിക്ക്, ഹോം തുടങ്ങിയ ചിത്രങ്ങള്‍ മലയാള പ്രേക്ഷകരെ ഒടിടിയിലേക്ക് പിടിച്ചിരുത്തി. ഏറ്റവുമൊടുവില്‍ ടൊവീനോ തോമസ് നായകനായ ബേസില്‍ ജോസഫ് ചിത്രം മിന്നല്‍ മുരളി പ്രേക്ഷകരിലേക്ക് എത്തിയതും ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സിലൂടെയാണ്. കൊവിഡ് കാലത്തെ പ്രതിസന്ധിക്കപ്പുറവും നാളെ ഒടിടി സിനിമകള്‍ക്ക് മാര്‍ക്കറ്റ് ഉണ്ടെന്ന് തെളിയിക്കുന്നതാണ് ഓവര്‍ ദി ടോപ്പ് സിനിമകളുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: