കണ്ണൂര്‍ : കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ നിന്നും മാരാകായുധങ്ങളും മൊബൈലുകളും ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. തടവുകാര്‍ മൊബൈല്‍ സ്ഥിരമായി ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ഇവ കണ്ടെത്തിയത്.
ജയില്‍ ഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞാഴ്ച മുതല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പരിശോധന തുടങ്ങിയിരുന്നു. തടവുകാരെ പാര്‍പ്പിച്ചിരിക്കുന്ന സെല്ലുകളില്‍ ആദ്യം തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് ശനിയാഴ്ച മുതലാണ് ജയില്‍ വളപ്പ് കിളച്ച് പരിശോധന തുടങ്ങിയത്.
സിം കാര്‍ഡില്ലാത്ത രണ്ട് മൊബൈല്‍ ഫോണ്‍, നാല് പവര്‍ ബാങ്ക്, അഞ്ച് ചാര്‍ജറുകള്‍, രണ്ട് കത്തി, മഴു, വ്യായാമത്തിന് ഉപയോഗിക്കുന്ന ഡമ്പല്‍ എന്നിവയാണ് ആദ്യ ദിവസം കണ്ടെത്തിയത്. കാലപ്പഴക്കം ചെന്ന ഉപകരണങ്ങളാണ് കിട്ടിയത്. ജില്ലാ ജയിലിലേയും, സ്പെഷ്യല്‍ സബ് ജയിലിലേയും സെന്‍ട്രല്‍ ജയിലിലെയും ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് പരിശോധന നടത്തിയത്.
വര്‍ഷങ്ങള്‍ക്ക് മുമ്പേ കുഴിച്ചിട്ടതാകാമെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥര്‍. ആയുധങ്ങള്‍ അടക്കം കണ്ടെത്തിയ സാഹചര്യത്തില്‍ ജയില്‍ വളപ്പില്‍ വ്യാപക പരിശോധന നടത്താനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: