ശ്രീ ജഗത് പ്രകാശ് നദ്ദ,
ദേശീയ പ്രസിഡന്റ്, ഭാരതീയ ജനതാ പാര്‍ട്ടി
ലോകത്തിലെ ഏറ്റവും പ്രശസ്തനായ നേതാക്കളില്‍ ഒരാളും നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുമായ ശ്രീ നരേന്ദ്ര മോദിജിയുടെ ജന്മദിനമാണിന്ന്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍, ആദ്യം ഗുജറാത്ത് മുഖ്യമന്ത്രിയായും ഇപ്പോള്‍ പ്രധാനമന്ത്രിയായും, നീണ്ട 20 വര്‍ഷത്തെ യാത്രയിലൂടെ, അദ്ദേഹം ഏറ്റവും കൂടുതല്‍ കാലം തിരഞ്ഞെടുക്കപ്പെട്ട നേതാക്കളില്‍ ഒരാളായിരിക്കുന്നു. അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവവും, ശക്തമായ രാഷ്ട്രീയ വൈകാരിക ബന്ധവും ഇന്ത്യയിലെ ജനങ്ങളെ സ്വാധീനിച്ചു. അതിനാല്‍തന്നെ, ലോകത്തിലെ ഏറ്റവും പ്രശസ്തനായ രാഷ്ട്രീയ നേതാവായി ശ്രീ നരേന്ദ്ര മോദിയെ ഒരു പ്രമുഖ അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സിയുടെ സര്‍വ്വേ തെരഞ്ഞെടുത്തത് കാണുമ്പോള്‍, നാം ഇന്ത്യക്കാര്‍ക്ക് അതില്‍ ഒട്ടും അതിശയം തോന്നില്ല.
ശ്രീ മോദി വെറും പ്രധാനമന്ത്രി മാത്രമല്ല; ഇന്ത്യയെ ബാധിക്കുന്ന സാമൂഹിക പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും, പിന്നീട് പൊതു പ്രഭാഷണത്തിലൂടെയും പങ്കാളിത്തത്തിലൂടെയും ഫലപ്രദമായി അഭിസംബോധന ചെയ്യുകയും ചെയ്യുന്ന ഒരു പരിഷ്കര്‍ത്താവ് കൂടിയാണദ്ദേഹം. വെളിയിട വിസര്‍ജ്ജന രഹിത ഇന്ത്യ, സ്വച്ഛ് ഭാരത് അഭിയാന്, ബേട്ടി ബച്ചാവോബേട്ടി പഠാവോ, നമാമി ഗംഗേ അഭിയാന് തുടങ്ങിയ പ്രചാരണ പരിപാടികളുടെ വിജയഗാഥകള്‍ അതിന്റെ ഉത്തമ ഉദാഹരണങ്ങളാണ്.
ഉദാത്തമായ ധാര്മ്മികസാമൂഹിക മൂല്യങ്ങളിലൂടെ നമ്മുടെ സമൂഹത്തിന്റെയും രാജ്യത്തിന്റെയും സമഗ്രവികസനത്തില് വിശ്വസിക്കുന്ന ശ്രീ മോദി സ്വയം ‘പ്രധാന് സേവക്’ ആയി കരുതുന്നു. രാജ്യത്തിന്റെ ഏറ്റവും സങ്കീര്‍ണ്ണവും ബുദ്ധിമുട്ടുള്ളതുമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ എപ്പോഴും മുന്നില്‍ നിന്ന് നയിക്കുന്ന അദ്ദേഹം, ഒരിക്കലും തന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നില്ല. ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതുവരെ അദ്ദേഹം വിശ്രമിക്കാറുമില്ല. സാമൂഹിക, രാഷ്ട്രീയ ജീവിതത്തില്‍ അദ്ദേഹത്തിന്റെ സത്യസന്ധത ചോദ്യം ചെയ്യാനാവാത്തതാണ്. നീതിയുക്തമായ ഒരു സമൂഹത്തിന്റെയും ശക്തമായ രാഷ്ട്രത്തിന്റെയും സൃഷ്ടിക്ക് വേണ്ടി അക്ഷീണം പ്രയത്നിച്ച അദ്ദേഹം, ഒരു സന്യാസിയുടെ ജീവിതമാണ് നയിക്കുന്നത്.
ഭരണഘടനയുടെ അനുച്ഛേദം 370 ഉം, 35 അയും റദ്ദാക്കുമെന്ന് ഇന്ത്യക്കാര്‍ എപ്പോഴെങ്കിലും വിശ്വസിച്ചിട്ടുണ്ടോ? ഈ സുപ്രധാന ലക്ഷ്യത്തിലെത്തിച്ചേരാന്‍ നിരവധി പതിറ്റാണ്ടുകള്‍ നഷ്ടപ്പെടുത്തേണ്ടി വന്നു. എന്നാല്‍ 2019 ഓഗസ്റ്റ് 5 ന് ചരിത്രം മാറി. അനുച്ഛേദം 370 റദ്ദാക്കിയതിലൂടെ ശ്രീ നരേന്ദ്ര മോദിയുടെ ശക്തമായ ഇച്ഛാശക്തിയും അചഞ്ചലമായ പ്രതിബദ്ധതയും രാജ്യം വീക്ഷിച്ചു. ‘ഒരു രാജ്യം, ഒരു ഭരണഘടന’ എന്ന ഞങ്ങളുടെ പ്രതിജ്ഞ അത് നിറവേറ്റി, ജമ്മു കശ്മീരിനെ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാക്കി മാറ്റി.
അതുപോലെ, വെറും അധര സേവനം മാത്രം നടത്തിയ മുന്‍ സര്‍ക്കാരുകള്‍ തീവ്രവാദത്തെ ശക്തിയുക്തം നേരിടാനുള്ള ധൈര്യം കാണിച്ചില്ല. സര്‍ജിക്കല്‍ സ്െ്രെടക്കുകളിലൂടെയും വ്യോമാക്രമണങ്ങളിലൂടെയും തീവ്രവാദികള്‍ക്കും രാജ്യവിരുദ്ധ ശക്തികള്‍ക്കും ലോകത്തിനും കര്‍ക്കശമായ സന്ദേശങ്ങള്‍ നല്കാന് ശ്രീ നരേന്ദ്ര മോദിയ്ക്ക് കഴിഞ്ഞു. ‘ഇന്ത്യ മൃദുല ഭാവത്തില്‍ നിന്നും മാറിയിരിക്കുന്നു; ഇന്ത്യ, അതിന്റെ ജനങ്ങളെയും അതിര്‍ത്തികളെയും സംരക്ഷിക്കാന്‍ എല്ലാം ചെയ്യും’ എന്ന ദൃഢവും വ്യക്തവുമായ സന്ദേശമാണ് പ്രധാനമന്ത്രി മുന്നോട്ട് വെച്ചത്.
ലാല്‍ ബഹാദൂര്‍ ശാസ്ത്രിജിയ്ക്ക് ശേഷം, ജനങ്ങളെ ഇത്രത്തോളം സ്വാധീനിച്ചതും, ആഹ്വാനത്തിലൂടെ രാജ്യത്തെ മുഴുവന്‍ ഒന്നിപ്പിച്ചതുമായ ഒരേ ഒരു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജി മാത്രമാണ്. കൊറോണ മഹാമാരി സമയത്ത്, ഓരോ പൗരനും ശ്രീ മോദിയുടെ ആഹ്വാനം നെഞ്ചേറ്റിയത് കൊണ്ടാണ്, ലോകത്തിലെ ഏറ്റവും ശക്തരായ രാജ്യങ്ങള്‍ പോലും ഈ മാരകമായ വൈറസിനെ നേരിടാന്‍ ബുദ്ധിമുട്ടിയപ്പോള്‍, മഹാമാരിക്കെതിരായ പോരാട്ടത്തില്‍ നിര്‍ണായക നേട്ടം കൈവരിക്കാന്‍ നമുക്ക് കഴിഞ്ഞത്. അദ്ദേഹത്തിന്റെ അഭ്യര്‍ഥനയിലൂടെ പിഎം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവനകള്‍ ഒഴുകിയെത്തി. പൗരന്മാരെ സഹായിക്കാന്‍ സന്നദ്ധ സംഘടനകള്‍ മുന്നോട്ടുവരികയും, ലോകത്തിലെ ഏറ്റവും വലുതും വേഗതയേറിയതുമായ വാക്സിനേഷന് യജ്ഞത്തില്‍ ജനങ്ങള്‍ ആശങ്ക ഇല്ലാതെ പങ്കെടുക്കുകയും ചെയ്തു. ഇതുവരെ 75 കോടിയിലധികം ആളുകള്‍ക്ക് വാക്സിന് ഡോസുകള്‍ നല്‍കിക്കൊണ്ട് ഒരു ലോക റെക്കോര്‍ഡ് സൃഷ്ടിക്കാനും നമുക്ക് സാധിച്ചു.
‘പെട്ടെന്നുള്ള തീരുമാനമെടുക്കല്‍’ അദ്ദേഹത്തിന്റെ നൈസര്‍ഗിക സ്വഭാവ ഗുണങ്ങളിലൊന്നാണ്. അത് അദ്ദേഹത്തെ മുന്ഗാമികളില് നിന്നും സമകാലികരില്‍ നിന്നും വ്യത്യസ്തനാക്കുന്നു. കൊറോണ വാക്സിന് വളരെ ചുരുങ്ങിയ സമയം കൊണ്ട് തദ്ദേശീയമായി വികസിപ്പിച്ചതിലൂടെയും, കൊറോണ പ്രതിസന്ധി രൂക്ഷമായി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മെഡിക്കല്‍ ഓക്സിജന്‍ വിതരണം വര്‍ധിപ്പിച്ചതിലൂടെയും അദ്ദേഹം ലോകത്തെ വിസ്മയിപ്പിച്ചു. ഇവ നമ്മുടെ ‘പ്രധാന സേവക’ന്റെ മാസ്മരിക വ്യക്തി പ്രഭാവം പ്രതിഫലിപ്പിക്കുന്നു.
ശ്രീ മോദി ഓരോ ഇന്ത്യക്കാരന്റെയും ചിന്താ ധാരയിലും, ഇന്ത്യയുടെ രാഷ്ട്രീയ പ്രവര്‍ത്തന സംസ്കാരത്തിലും മാറ്റം വരുത്തി. ഇന്ത്യന്‍ രാഷ്ട്രീയം നേരത്തെ ജാതി, വംശം, പ്രീണനം, സ്വജനപക്ഷപാതം എന്നിവയാല്‍ ബുദ്ധിമുട്ടിയിരുന്നു. ജനങ്ങളെയും രാജ്യത്തെയും യാതൊരു ഭയവും പക്ഷപാതവും ഇല്ലാതെ സേവിക്കുക എന്നാണ് രാഷ്ട്രീയത്തിലായിരിക്കുക എന്നതിനര്‍ത്ഥം എന്ന് തെളിയിച്ച ശ്രീ മോദിയുടെ കീഴില്‍ ഇന്ന് ഇന്ത്യയുടെ രാഷ്ട്രീയ സംസ്കാരം ഏറെ മാറി. ജാതി, മത, സംസ്ഥാന, പ്രദേശ ഭേദമില്ലാതെ എല്ലാവര്ക്കും വേണ്ടിയുള്ളതാണ് സര്‍ക്കാര്‍. വികസനാത്മക രാഷ്ട്രീയത്തിന് നമ്മുടെ പ്രധാനമന്ത്രി ശക്തമായ അടിത്തറ പാകിയിരിക്കുന്നു.
2014ന് മുന്‍പ് വോട്ടുകള്‍ സമാഹരിക്കുന്നതിനുള്ള ഒരു ആയുധം എന്ന നിലയ്ക്ക് മാത്രമാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികകള്‍ നിലകൊണ്ടിരുന്നത്. എന്നാല്‍ പ്രധാനമന്ത്രിയായി ശ്രീ നരേന്ദ്ര മോദി ചുമതല എടുത്തത് മുതല്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ ഓരോ വാക്കും ‘പ്രധാന സേവകന്’ പവിത്രമായി മാറി. അതാകട്ടെ ഞങ്ങളുടെ ഭരണകൂടത്തിന് ഏറ്റവും പ്രധാനപ്പെട്ട വഴികാട്ടിയായും വര്‍ത്തിച്ചു. ഇന്ന് ജനങ്ങളും രാഷ്ട്രീയപാര്‍ട്ടികളും തെരഞ്ഞെടുപ്പ് പ്രകടനപത്രികയുടെ പ്രാധാന്യം തിരിച്ചറിയുന്നു. നമ്മുടെ രാജ്യത്തിന്റെ രാഷ്ട്രീയത്തില്‍ നമ്മുടെ പ്രധാനമന്ത്രി കൊണ്ടുവന്ന ഏറ്റവും ദൃശ്യമായ പ്രധാന മാറ്റങ്ങളില്‍ ഒന്നാണ് ഇത്.
നരേന്ദ്ര മോദി ഭരണകൂടത്തിന്റെ പ്രവര്‍ത്തന രീതികളെ വിശേഷിപ്പിക്കാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഒരു വാക്കാണ് ‘പ്രഗതി’ (കാലേകൂട്ടിയുള്ള ഭരണവും സമയോചിതമായ നടപ്പാക്കലും എന്നതാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്). അതാകട്ടെ, അഴിമതിയും സ്വജനപക്ഷപാതവും കൂടാതെ പദ്ധതികളും, പരിപാടികളും കൃത്യസമയത്ത് ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നത് ഉറപ്പാക്കുകയും ചെയ്യുന്നു. ദശാബ്ദങ്ങളായി ഇഴഞ്ഞ് നീങ്ങിയിരുന്ന പല പദ്ധതികളും പൂര്‍ത്തിയാക്കുന്നതിന് ഇത് വഴിതുറന്നു. ജനങ്ങളുമായി നേരിട്ട് ബന്ധം സ്ഥാപിക്കുക എന്ന ചിന്തയോടെ അദ്ദേഹം തുടക്കം കുറിച്ച ാ്യഴീ്.ിശര.ശി എന്ന വെബ്സൈറ്റ് ആകട്ടെ ശ്രീ മോദിയുടെ മറ്റൊരു പ്രധാന മുന്നേറ്റമാണ്. ഏറെ പ്രശസ്തമായ ‘മന് കി ബാത്ത്’ പരിപാടിയിലൂടെ പ്രധാനമന്ത്രി നേരിട്ട് ജനങ്ങളുമായി സംവദിക്കുന്നു.
നമ്മുടെ രാജ്യത്തെ കുട്ടികളുടെ മാര്‍ഗ്ഗദര്‍ശിയും, അവര്‍ക്ക് ഏറെ പ്രചോദനം നല്കുന്ന ഗുരുവുമാണ് നമ്മുടെ പ്രധാനമന്ത്രി. ‘പരീക്ഷാ പേ ചര്‍ച്ച’ എന്ന അതിനൂതനമായ പരിപാടിയിലൂടെ അദ്ദേഹം കുട്ടികളുടെ പരീക്ഷാ സമ്മര്‍ദ്ദം ദൂരീകരിക്കുക മാത്രമല്ല, അതിനൊപ്പം അവര്‍ക്കാവശ്യമായ ആത്മവിശ്വാസം പകരുകയും അവരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു.
അസാധാരണമായ വ്യക്തിത്വം, കുറ്റമറ്റ പ്രതിച്ഛായ, ഫലപ്രദവും കാര്യക്ഷമവുമായ നേതൃത്വം, ദീര്‍ഘവീക്ഷണത്തോടെയുള്ള തീരുമാനങ്ങള്‍, അനുകമ്പ, ക്ഷമ, ജനങ്ങള്‍ക്ക് നന്മ ചെയ്യാനുള്ള ശുഷ്കാന്തി എന്നിവ നമ്മുടെ പ്രധാനമന്ത്രിയുടെ ഗുണമേന്മകളില്‍ ചിലതാണ്. അതാകട്ടെ അദ്ദേഹത്തിന്റെ രാഷ്ട്രീയസാമൂഹിക ജീവിതത്തില്‍ ഓരോ ദിവസവും പ്രതിഫലിക്കുകയും ചെയ്യുന്നു. ഒരു ‘ബാല സ്വയംസേവകനില്‍’ നിന്നും രാജ്യത്തിന്റെ ‘പ്രധാന സേവകനായുള്ള’ ജീവിതത്തിലുടനീളം അദ്ദേഹം അച്ചടക്കമുള്ള ഒരു ജീവിത രീതിയാണ് അവലംബിച്ചത്.
അന്താരാഷ്ട്ര വേദികളിലാകട്ടെ, യൂറോപ്യന്‍ ഗള്‍ഫ് രാജ്യങ്ങള്‍, യുഎസ് എന്നിവരുമായുള്ള നയതന്ത്ര ബന്ധം അദ്ദേഹം ഒരു പുതിയ തലത്തില്‍ എത്തിച്ചു. അടുത്തിടെ സമാപിച്ച ഒളിമ്പിക്സിലും പാരാലിമ്പിക്സിലും ഇന്ത്യ കഴിവ് തെളിയിച്ചു. ശക്തനും, നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുള്ള, വിജയ ദാഹം പേറുന്നതും അനുകമ്പാര്‍ദ്രവുമായ മനസ്സിന് ഉടമയുമായ ഒരു പ്രധാനമന്ത്രി നമ്മുടെ കപ്പിത്താനായി ഉണ്ടായിരുന്നത് കൊണ്ടാണ് ഇതൊക്കെ നമുക്ക് സ്വന്തമാക്കാനായത്.
രാജ്യത്തെ കര്‍ഷകര്‍, ദളിതര്‍, വനിതകള്‍, താഴെക്കിടയിലുള്ളവര്‍, പാര്ശ്വവല്ക്കരിക്കപ്പെട്ടവര്, യുവാക്കള്‍ എന്നിവരുടെ ജീവിതനിലവാരം ഉയര്‍ത്താനാണ് ശ്രീ നരേന്ദ്ര മോദി തന്റെ ജീവിതം സമര്‍പ്പിച്ചിരിക്കുന്നത്. രാജ്യമൊട്ടാകെ മഹാമാരി പടര്‍ന്നുപിടിച്ചപ്പോള്‍ 80 കോടിയോളം ജനങ്ങള്‍ക്കാണ് സൗജന്യ ഭക്ഷ്യധാന്യം വിതരണം ചെയ്തത്. ആയുഷ്മാന്‍ ഭാരത് പദ്ധതി വഴിയായി രാജ്യത്തെ 55 കോടി ജനങ്ങള്‍ക്ക് 5 ലക്ഷം രൂപയുടെ സൗജന്യ മെഡിക്കല്‍ ഇന്‍ഷുറന്‍സ് ലഭ്യമാക്കി. ജീവന്രക്ഷാഅപകട ഇന്‍ഷുറന്‍സ് പരിരക്ഷകള്‍ ആകട്ടെ യഥാക്രമം 330 രൂപയ്ക്കും, 15 രൂപയ്ക്കും നല്കി. കിസാന്‍ സമ്മാന്‍ നിധിയ്ക്ക് കീഴില്‍, 80 ശതമാനത്തോളം ചെറുകിടനാമമാത്ര കര്‍ഷകര്‍ ഉള്‍പ്പെടുന്ന രാജ്യത്തെ ഏകദേശം 12 കോടി കൃഷിക്കാര്‍ക്ക് വാര്‍ഷിക ധനസഹായമായി 6000 രൂപ ലഭ്യമാക്കി. ദരിദ്രര്‍ക്കുള്ള ചിലവ് കുറഞ്ഞ ഭവന നിര്‍മ്മാണത്തിലും പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നു. ശുദ്ധജലം, വൈദ്യുതി, എല്‍പിജി സിലിണ്ടര്‍ കണക്ഷന് എന്നിവ ഇത്തരം ഭവനങ്ങളില്‍ ലഭ്യമാക്കി.
ഇന്നും നമ്മുടെ പ്രധാനമന്ത്രി രാജ്യത്തിന്റെ വികസനത്തിനായി സ്വജീവിതം സമര്‍പ്പിക്കുന്നതിനുള്ള സാധ്യതകള്‍ ആരായുന്നതില്‍ അത്യന്തം ആവേശഭരിതനാണ്. യോഗയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം ഇന്ത്യയുടെ സമ്പന്നമായ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഗരിമ ലോകത്തെ ബോധ്യപ്പെടുത്തി. എല്ലാ വര്‍ഷവും ജൂണ്‍ 21ന് ആചരിക്കുന്ന അന്താരാഷ്ട്ര യോഗ ദിനം മനുഷ്യരാശിക്കുള്ള അദ്ദേഹത്തിന്റെ സമ്മാനമാണ്. അദ്ദേഹത്തിന്റെ ഊര്‍ജ്ജവും കരുത്തും നമുക്കേവര്‍ക്കും പ്രചോദനം തന്നെ.
ശ്രീ നരേന്ദ്ര മോദിയുടെ ജന്മദിനം ബിജെപി എല്ലാ കൊല്ലവും ‘സേവാ ദിവസ്’ ആയി ആഘോഷിച്ചു വരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി ‘സേവ ഹി സംഘടന്’ എന്ന മുദ്രാവാക്യമുയര്‍ത്തി പ്രവര്‍ത്തിക്കുന്നു. ശ്രീ മോദിയുടെ ജന്മദിനത്തില്, രാജ്യമെമ്പാടുമുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് യജ്ഞം വേഗത്തിലാക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ശ്രമിക്കുന്നു. ഈ ദിനത്തില്‍ രാജ്യമെമ്പാടും രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. പാവപ്പെട്ടവര്‍ക്ക് സൗജന്യ ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നു. സമസ്ത സഹായങ്ങളും പിന്തുണയും ആവശ്യക്കാര്‍ക്ക് വാഗ്ദാനം ചെയ്യുന്നു. നമ്മുടെ പ്രധാനമന്ത്രിയുടെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ഈ ദിനത്തില്‍ രാജ്യത്തിനും പൗരന്മാരുടെ ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുമെന്ന് നാമോരോരുത്തരും പ്രതിജ്ഞയെടുക്കണം.
ജനങ്ങളുടെ സൗഖ്യത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള സമ്പൂര്‍ണ്ണ സമര്‍പ്പണത്തിന്റെ അനന്തരഫലമാണ് ശ്രീ നരേന്ദ്ര മോദിയുടെ മികച്ച വിജയം. ഈ വിജയം എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം (‘സബ്കാ സാഥ്സബ്കാ വികാസ്’) ഉറപ്പുവരുത്തുകയും ‘രാഷ്ട്രം ആദ്യം’ എന്ന തത്വം ഊട്ടിയുറപ്പിക്കുകയും ചെയ്തു. ഇന്ത്യയെ ‘വിശ്വഗുരു’ സ്ഥാനത്ത് പ്രതിഷ്ഠിക്കുക മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. തനതായ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി നേതാക്കള്‍ ഇന്ന് ലോകത്തുണ്ട്. അവരില്‍ ഭൂരിഭാഗവും അവരുടെ ജീവിതഗതിയില്‍ ഒന്നോ രണ്ടോ പ്രധാന സംരംഭങ്ങള്‍ക്ക് പേരുകേട്ടവരാണ്. പക്ഷേ, മാര്ഗ്ഗദര്ശകമായ ഒട്ടേറെ വഴിത്തിരിവുകള്‍ നമ്മുടെ പ്രധാനമന്ത്രിക്ക് അവകാശപ്പെടാം. അത് ഇന്ത്യയും ലോകവും എക്കാലവും ഓര്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: