കൊല്ലം : സുരേഷ് ഗോപി സല്യൂട്ട് ചോദിച്ചു വാങ്ങേണ്ടി വന്നത് ഉദ്യോഗസ്ഥന്റെ കുഴപ്പമാണെന്ന് ഗണേഷ് കുമാര്‍ എംഎഎല്‍എ. ഉദ്യോഗസ്ഥര്‍ ഈഗോ കൊണ്ടു നടക്കരുതെന്നും പോലീസ് എസ്‌ഐയെക്കൊണ്ട് സല്യൂട്ട് അടിപ്പിച്ച സംഭവത്തില്‍ സുരേഷ് ഗോപിയെ പിന്തുണച്ച് ഗണേഷ് കുമാര്‍ പ്രതികരിച്ചു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ പാര്‍ലമെന്റില്‍ അംഗമായ ഒരു വ്യക്തിയെ പോലീസ് ഉദ്യോഗസ്ഥന്‍ സല്യൂട്ട് ചെയ്യണം. സുരേഷ് ഗോപിയെന്ന ഒരു വ്യക്തിയെ അല്ല. അത് മര്യാദയാണ്. പ്രോട്ടോക്കോള്‍ വിഷയമൊക്കെ വാദപ്രതിവാദത്തിനു വേണ്ടി ഉന്നയിക്കുന്നതാണ്. സുരേഷ്ഗോപി സല്യൂട്ട് ചോദിച്ചല്ല വാങ്ങേണ്ടത്. എംപിയാണെന്ന് അറിയാവുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ബഹുമാനിക്കേണ്ടതാണ്.
പഴയ മന്ത്രിയാണെങ്കില്‍ പോലും അവരെ ബഹുമാനിക്കണം. അവര്‍ ഏത് പാര്‍ട്ടിക്കാരനോ ആകട്ടെ. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, എ.കെ. ആന്റണി, വി.എം. സുധീരന്‍ ഇവരൊക്കെ മുതിര്‍ന്ന നേതാക്കളാണ്. അവര്‍ക്ക് ഇപ്പോള്‍ പദവി ഉണ്ടോ എന്നത് നോക്കേണ്ട കാര്യമില്ല. അവരെ ബഹുമാനിക്കുന്നത് കൊണ്ട് യാതൊരു വിഷയവുമില്ല. അത്തരം ഈഗോ ഉദ്യോഗസ്ഥര്‍ മനസില്‍ കൊണ്ടു നടക്കരുത്. പദവിയില്ലെങ്കില്‍ പ്രായത്തിന്റെ പേരിലാണെങ്കിലും ബഹുമാനിക്കണം
സുരേഷ് ഗോപിയുടെ വിഷയം വലിയ വിവാദമാക്കേണ്ട കാര്യമില്ല. അദ്ദേഹം ഏത് പാര്‍ട്ടിക്കാരനാണ് എന്ന് നോക്കേണ്ട കാര്യമില്ല. അദ്ദേഹമെന്ന നടനെയല്ല നോക്കേണ്ടത്. അദ്ദേഹം പാര്‍ലമെന്റ് അംഗമാണ്. ആ പദവിയില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തെ മാനിക്കണം. നമ്മളെക്കാള്‍ മുതിര്‍ന്ന ഒരു വ്യക്തിയെ കണ്ടാല്‍ ബഹുമാനിക്കണം. അത് ഗുരുത്വമാണ്. ഭാരത സംസ്‌കാരത്തിന്റെ ഭാഗമാണ്.
കൊടിക്കുന്നില്‍ സുരേഷ് എന്റെ നാട്ടിലെ എംപിയാണ്. അദ്ദേഹത്തെ പോലീസുകാര്‍ സല്യൂട്ട് ചെയ്യണ്ടേ, ചെയ്യണമല്ലോ. അദ്ദേഹത്തെ ഞാനും ബഹുമാനിക്കുന്നുണ്ട്. അദ്ദേഹം വേദിയിലേക്ക് വരുമ്പോള്‍ ഞാന്‍ എഴുന്നേറ്റ് നില്‍ക്കാറുണ്ട്. ഒരാളെ ബഹുമാനിക്കുന്നത് കൊണ്ട് ഒന്നും സംഭവിക്കാനില്ല. എന്റെ നാട്ടിലെ പഞ്ചായത്ത് പ്രസിഡന്റുമാരേയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരേയുമെല്ലാം ഞാന്‍ മാനിക്കുന്നുണ്ട്’ ഗണേഷ്‌കുമാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ആദിവാസി മേഖലയിലെ റോഡുപണിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിനിടെ കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങാതിരുന്ന ഒല്ലൂര്‍ എസ്.ഐയെ വിളിച്ചുവരുത്തി സുരേഷ് ഗോപി സല്യൂട്ട് ചെയ്യിപ്പിച്ചിരുന്നു. ‘ഞാന്‍ എംപിയാ കേട്ടോ, മേയറല്ല. ഒരു സല്യൂട്ടാവാം. ശീലങ്ങളൊന്നും മറക്കരുത്’ എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: