പാക്കിസ്ഥാനില്‍ പരിശീലനം നേടിയ രണ്ടുപേരടക്കം ആറ് ഇസ്ലാമിക ഭീകരരെ പിടികൂടിയത് രാജ്യത്തിന് വലിയ ആശ്വാസമാണ് നല്‍കുന്നത്. ഉത്സവകാലത്ത് വിവിധയിടങ്ങളില്‍ സ്ഫോടനങ്ങള്‍ നടത്തി ജനങ്ങളെ കൂട്ടക്കൊല ചെയ്യാന്‍ പദ്ധതിയിടുന്നതിനിടെയാണ് രഹസ്യാന്വേഷണ ഏജന്‍സികളും ദല്‍ഹി പോലീസിലെ പ്രത്യേക സെല്ലും സംയുക്തമായി നടത്തിയ നീക്കങ്ങളിലൂടെ ഇവരെ പിടികൂടാന്‍ കഴിഞ്ഞത്. ഇതിലൂടെ വലിയ ആപത്ത് ഒഴിഞ്ഞുപോയിരിക്കുന്നു. മസ്കറ്റില്‍നിന്ന് പാക്കിസ്ഥാനിലേക്ക് കൊണ്ടുവന്ന രണ്ട് ഭീകരര്‍ക്ക് അവിടെ പാക് ചാര സംഘടനയായ ഐഎസ്ഐയും പാക് സൈന്യവും പരിശീലനം നല്കി ഭാരതത്തിലേക്ക് അയയ്ക്കുകയും, മറ്റുള്ളവരുമായി ചേര്‍ന്ന് ഇവിടെ ആക്രമണങ്ങള്‍ നടത്താനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുകയുമായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഈ നീക്കങ്ങളെക്കുറിച്ച് നേരത്തെ വിവരം ലഭിച്ച രഹസ്യാന്വേഷണ ഏജന്‍സികള്‍ അത് പോലീസിനു കൈമാറിയതിനെത്തുടര്‍ന്ന് തീവ്രവാദികള്‍ നിരീക്ഷണത്തിലായിരുന്നു. പാക്കിസ്ഥാനില്‍ ഭീകരപരിശീലനം ലഭിച്ച മുംബൈക്കാരനായ ജാന്‍ മുഹമ്മദ് ഷെയ്ഖ് രാജസ്ഥാനില്‍നിന്ന് ദല്‍ഹിയിലേക്ക് ട്രെയിനില്‍ വരുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്. ഇയാളില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂട്ടാളികളെ ദല്‍ഹി, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്നും പിടികൂടി.
ഐഇഡി ഉള്‍പ്പെടെ വന്‍ സ്ഫോടക ശേഖരവും ആയുധങ്ങളുമായാണ് ഭീകരവാദികള്‍ പിടിയിലായത്. ഇത് ഇവര്‍ക്ക് എത്തിച്ചുനല്‍കിയത് ഡി-കമ്പനി എന്നറിയപ്പെടുന്ന ദാവൂദ് ഇബ്രാഹിമിന്റെ സംഘമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ദാവൂദിന്റെ സഹോദരന് അനീസ് ഇബ്രാഹിമിന്റെ സഹായത്തോടെയാണ് ഇവര്‍ കരുനീക്കങ്ങള്‍ നടത്തിയിരുന്നത്. മുംബൈ ബോംബു സ്ഫോടന പരമ്പരയുടെ സൂത്രധാരനായ ദാവൂദിനൊപ്പം അനീസും പാക്കിസ്ഥാനില്‍ ഒളിച്ചു താമസിക്കുകയാണ്. ഇവര്‍ പാക്കിസ്ഥാനിലുണ്ടെന്ന് പല തെളിവുകളും പുറത്തുവന്നിട്ടും ആ രാജ്യം അത് നിഷേധിച്ചുകൊണ്ടിരിക്കുന്നു. പാക് സൈന്യത്തിന്റെയും ഐഎസ്ഐയുടെയും സംരക്ഷണയില്‍ കഴിയുന്ന ദാവൂദ് ഭാരതത്തിനെതിരായ ഭീകരപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണെന്ന് ഒരിക്കല്‍ക്കൂടി തെളിയുകയാണ്. മുംബൈ ഭീകരാക്രമണക്കേസില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ദാവൂദും സംഘവും നമ്മുടെ രാജ്യത്തിന് ഇപ്പോഴും സുരക്ഷാ ഭീഷണിയാണെന്ന് ഇതില്‍നിന്നു വ്യക്തമാവുന്നു. ദാവൂദിനെ വിട്ടുനല്‍കണമെന്ന ആവശ്യത്തിന് ചെവികൊടുക്കാതെ ഭാരതത്തിനെതിരെ ഇയാളെ പാക്കിസ്ഥാന് ഉപയോഗിക്കുകയാണ്. ഇപ്പോള്‍ പിടിയിലായ ഭീകരരില്‍നിന്ന് ദാവൂദ് സംഘത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. അത് രാജ്യത്തിന്റെ ഭീകരവിരുദ്ധ നടപടികള്‍ക്ക് കൂടുതല്‍ ശക്തി പകരും.
അഫ്ഗാനിസ്ഥാനില്‍ താലിബാന് വീണ്ടും അധികാരം പിടിച്ചതോടെ മേഖലയിലെ അന്തരീക്ഷം വീണ്ടും സ്ഫോടനാത്മകമായിരിക്കുകയാണല്ലോ. ഈ സാഹചര്യം ഭാരതത്തിന്റെ സുരക്ഷയ്ക്ക് ഉയര്‍ത്തുന്ന ഭീഷണി വളരെ വലുതാണ്. അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാനും ചൈനയും താലിബാന് ഭീകരവാഴ്ചയെ പൂര്‍ണമായും പിന്തുണയ്ക്കുന്നതിന്റെ പ്രത്യാഘാതങ്ങള്‍ കാണാനിരിക്കുന്നതേയുള്ളൂ. പാക്കധീന കശ്മീരിനോട് ചേര്‍ന്നു കിടക്കുന്ന അയല്‍ രാജ്യമാണ് അഫ്ഗാനിസ്ഥാന് എന്നതിനാല്‍ കശ്മീരിലെ സമാധാനാന്തരീക്ഷം തകരാനുള്ള എല്ലാ സാധ്യതയുമുണ്ട്. ഇതിനിടെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഫോടനങ്ങളും ഭീകരാക്രമണങ്ങളും നടത്താന്‍ പദ്ധതിയിട്ട സംഘം പിടിയിലായിരിക്കുന്നത്. ഇനിയും പിടിയിലാവാത്തവര് ഈ സംഘത്തിലുള്ളതായാണ് പോലീസ് കരുതുന്നത്. അവര്‍ മറ്റിടങ്ങളില്‍ ഒളിച്ചുകഴിയുകയാവാം. ശ്രീലങ്കയില്‍നിന്ന് ബോട്ടില്‍ വന്ന ഒരു സംഘം കേരളത്തിന്റെ തീരപ്രദേശത്ത് എവിടെയോ രഹസ്യമായി തമ്പടിച്ചിട്ടുണ്ടെന്ന വാര്‍ത്ത ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. രാജ്യത്തിന്റെ രാഷ്ട്രീയ കാലാവസ്ഥ എതിരാണെങ്കിലും വിധ്വംസക പ്രവര്‍ത്തനങ്ങളില്‍നിന്ന് ഭീകരര്‍ പിന്മാറുന്നില്ല. രഹസ്യാന്വേഷണവും തെരച്ചിലുമൊക്കെ ശക്തിപ്പെടുത്തി ഇക്കൂട്ടരെ അമര്‍ച്ച ചെയ്യുക മാത്രമാണ് പോംവഴി. വളരെ ചടുലമായ നീക്കങ്ങളിലൂടെ ഭീകരവാദികളായ വലിയൊരു സംഘത്തെ പിടികൂടാന്‍ കഴിഞ്ഞ ദല്‍ഹി പോലീസ് അഭിനന്ദനമര്‍ഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: