ന്യൂദൽഹി: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി, കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കമ്മ്യൂണിറ്റി എന്റർപ്രൈസ് ഫണ്ട് (സിഇഎഫ്) വായ്പ അനുവദിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ 2614 സ്വയം സഹായ സംഘ സംരംഭകർക്ക്(എസ്എച്ച്ജി) 8.60 കോടിയാണ് വായ്പയായി അനുവദിച്ചത്. 19 സംസ്ഥാനങ്ങളിലായി സ്റ്റാർട്ട് അപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിന് കീഴിൽ സ്വന്തം ഗ്രാമങ്ങളിൽ സൂക്ഷ്മ സംരംഭങ്ങൾ ആരംഭിക്കുന്നതിനാണ് വായ്പ.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ആഘോഷവേളയിൽ, 2021 സെപ്റ്റംബർ 6 മുതൽ 12 വരെയുള്ള ആഴ്ചയിൽ സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിന് (എസ് വി ഇ പി) കീഴിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ഈ പരിപാടികൾ എസ്.വി.ഇ.പി സ്കീമിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിലും ഗ്രാമപ്രദേശങ്ങളിൽ സൂക്ഷ്മ സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന എസ്എച്ച്ജി അംഗങ്ങളെ പിന്തുണയ്ക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പരിപാടികളിൽ പൊതു പ്രതിനിധികളും, സർക്കാർ ഉദ്യോഗസ്ഥരും സാമൂഹ്യ സംഘടനകളും പങ്കെടുത്തു.
സിഇഎഫ് വായ്പ നൽകുന്നതിനുമുമ്പ്, എസ്എച്ച്ജി സംരംഭകർക്ക് സംരംഭകത്വത്തെക്കുറിച്ച് പ്രാഥമിക പരിശീലനം നൽകുകയും അവരുടെ നിർദ്ദിഷ്ട ബിസിനസ്സിന്റെ വിശദമായ പദ്ധതി തയ്യാറാക്കുകയും ചെയ്തു. ഈ സംരംഭത്തിൽ ആന്ധ്ര, അസം, ബീഹാർ, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന, ജാർഖണ്ഡ്, കേരളം, മധ്യപ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, ഒഡീഷ, പഞ്ചാബ്, രാജസ്ഥാൻ, തെലങ്കാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾ പങ്കാളികളായി.
സ്റ്റാർട്ട്-അപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിന് കീഴിൽ (എസ്.വി.ഇ.പി) ലഭിച്ച പിന്തുണയും അവരുടെ ഗ്രാമങ്ങളിൽ സ്വന്തമായി സംരംഭങ്ങൾ തുടങ്ങിയതിലെ അനുഭവങ്ങളും പുരോഗതിയും എസ്എച്ച്ജി സംരംഭകർ പങ്കുവച്ചു. വിജയകരമായി ബിസിനസ്സ് ചെയ്യുന്നതിന്റെ വിവിധ ഘട്ടങ്ങൾ മനസിലാക്കുന്നതിനും ശക്തമായ വിപണി ബന്ധങ്ങൾ സൃഷ്ടിക്കുന്നതിനും ആവശ്യമായ നിരന്തര ശ്രമങ്ങളെ സംബന്ധിച്ച് അവർ ഊന്നിപ്പറഞ്ഞു.
ഗ്രാമീണ മേഖലയിലെ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന് കീഴിലുള്ള ഒരു ഉപ പദ്ധതിയാണ് സ്റ്റാർട്ട്-അപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: