കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷയില്ലെന്ന് കസ്റ്റംസും ഡിആര്‍ഐയും. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള കേസുകള്‍ നിയമ നടപടികളിലേക്ക് എത്തുമ്പോഴാണ് അന്വേഷണസംഘം സുരക്ഷ പ്രധാന വിഷയമായി ഉയര്‍ത്തുന്നത്.
കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ സ്വര്‍ണവുമായി പോവുകയായിരുന്ന കള്ളക്കടത്ത് സംഘം വിമാനത്താവള റോഡില്‍ ഇവരുടെ വാഹനം തടഞ്ഞ ഡിആര്‍ഐ ഉദ്യോഗസ്ഥരെ ഇടിച്ച് തെറിപ്പിച്ചിരുന്നു. 2021 ജനുവരി ആറിനായിരുന്നു സംഭവം. ഇതില്‍ വധശ്രമത്തിന് പോലീസെടുത്ത കേസിന് പുറമെയാണ് ഡിആര്‍ഐയുടെ പ്രോസിക്യൂഷന്റെ പരാതിയും കോടതിയിലെത്തുന്നത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് കസ്റ്റംസ് ആക്ട് 133 ചുമത്തിയിട്ടുണ്ട്. ചീഫ് കമ്മിഷണറുടെ പ്രോസിക്യൂഷന് അനുമതിയായാലുടന് പരാതി ഫയല്‍ ചെയ്യും. സ്വര്‍ണക്കടത്ത് കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മതിയായ സുരക്ഷയില്ലെന്നും, ജീവന് പോലും അപകടത്തിലാണെന്നും കാണിച്ചാകും ഡിആര്‍ഐ കോടതിയെ സമീപിക്കുന്നത്.
കസ്റ്റംസും ഇതോടൊപ്പം തങ്ങളുടെ സുരക്ഷ പ്രധാനമായി ഉയര്ത്താനൊരുങ്ങുന്നുവെന്നാണ് വിവരം. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ്, കോഴിക്കോട് കഴിഞ്ഞ ജനുവരിയില്‍ ഡിആര്‍ഐയും തുടര്‍ന്ന് കസ്റ്റംസും പിടികൂടിയ സ്വര്‍ണക്കടത്ത് കേസുകള്‍, സിപിഎം ക്രിമിനലായ അര്ജുന് ആയങ്കി ഉള്‍പ്പെട്ട രാമനാട്ടുകര കേസുകള്‍ എന്നിവയിലാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് ഭീഷണിയുള്ളത്. ഇതിന് പുറമേ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടും കസ്റ്റംസിനടക്കം ഭീഷണിയുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ നില്ക്കുന്ന നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണമടക്കം അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോഴാണ് സുരക്ഷ ആവശ്യപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. കേസ് അന്വേഷണത്തിന് നേതൃത്വം നല്കുന്ന ഉദ്യോഗസ്ഥര്‍ക്കടക്കം വലിയ സുരക്ഷാ ഭീഷണിയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കസ്റ്റംസ് പ്രിവന്റീവ് ചീഫ് കമ്മിഷണറായിരുന്ന സുമിത് കുമാറിനെ ആക്രമിക്കാനടക്കമുള്ള ശ്രമമുണ്ടായിരുന്നു. അര്‍ധസൈനിക വിഭാഗങ്ങളായ സിഐഎസ്എഫ്, സിആര്‍പിഎഫ് അടക്കമുള്ള സേനാവിഭാഗങ്ങളുടെ സുരക്ഷയാണ് കേന്ദ്ര ഏജന്‍സികള്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: