ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാരിന് കീഴില്‍ ന്യൂനപക്ഷങ്ങള്‍ ‘100 ശതമാനം സുരക്ഷിതരാണെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന് അധ്യക്ഷ ഇക്ബാല്‍ സിംഗ് ലാല്‍പുര. ബിജെപി ഭരണകാലത്ത് വിദ്വേഷ സംഭവങ്ങള്‍ വര്‍ദ്ധിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണ്. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ വളര്‍ത്തുന്ന ‘തെറ്റായ വിവരണങ്ങള്‍’ ഇല്ലാതാക്കുകയാണ് എന്നതിനാണ് തന്റെ മുന്‍ഗണന എന്ന് ചുമതലേറ്റ് ശേഷം അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ചില മാധ്യമങ്ങളും ഇതിനു കൂട്ടു നില്‍ക്കുകയാണ്. എന്നാല്‍, കമ്മിഷന്റെ മുന്നില്‍ കൃത്യമായ കണക്കുകളുണ്ട്. സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിച്ചാല്‍ മതത്തിന്റെ പേരിലുള്ള കലാപം, കൊലപാതകം, ആള്‍ക്കൂട്ട കൊലപാതകം തുടങ്ങിയ സംഭവങ്ങള്‍ അപൂര്‍വമാണെന്ന് ലാല്‍പുര വ്യക്തമാക്കി.
ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തും മുന്‍പു അലിഗഡില്‍ കലാപത്തിന്റെ വാര്‍ത്തകള്‍ സ്ഥിരമായി കേള്‍ക്കാറുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ അതല്ല സ്ഥിതി. അരക്ഷിതാവസ്ഥ തോന്നിയാല്‍ സര്‍ക്കാര്‍ ഇടപെടല്‍ ശക്തമാണ്.നമ്മള് ഇന്ത്യക്കാരാണ്, രാജ്യത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കണം. ഒരു വ്യക്തിയും ഏത് മതത്തില്‍ പെട്ടവരാണെങ്കിലും അവരുടെ മതത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്നത് തടയുന്നതിനാണ് മുന്‍ഗണനയെന്നും ലാല്‍പുര.
നിര്‍ബന്ധിത മതപരിവര്‍ത്തനമോ പ്രേരണകളോ പ്രോത്സാഹിക്കപ്പെടരുതെന്നും ലാല്‍പുര. 2003 മുതല്‍ 2006 വരെ കമ്മീഷന്റെ തലവനായിരുന്ന എസ് തര്‍ലോചന്‍ സിംഗിന് ശേഷം നിയമാനുസൃത കമ്മീഷന്റെ തലവനായ രണ്ടാമത്തെ സിഖുകാരനാണ് ലാല്‍പുര.ബിജെപി വക്താവായിരുന്ന പഞ്ചാബ് സ്വദേശിയായ ലാല്‍പുര സിഖ് തത്ത്വചിന്തയെയും ചരിത്രത്തെയും കുറിച്ചുള്ള നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
രാഷ്ട്രപതിയുടെ പോലീസ് മെഡല്‍, മെറിറ്റോറിയസ് സേവനങ്ങള്‍ക്കുള്ള പോലീസ് മെഡല്‍, ശിരോമണി സിഖ് സാഹിത്കര് അവാര്‍ഡ്, സിഖ് പണ്ഡിത അവാര്‍ഡ് തുടങ്ങിയ നിരവധി അവാര്‍ഡുകളും അദ്ദേഹം നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: