ന്യൂദൽഹി: വാക്സിനേഷനിൽ പുതിയ ദൂരം താണ്ടി ഇന്ത്യ. തിങ്കളാഴ്ചയോടെ രാജ്യത്ത് കൊറോണ പ്രതിരോധ കുത്തിവെയ്പ്പ് 75 കോടി മറികടന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. ഇക്കാര്യം അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചു.
ഇത്തരത്തിൽ വാക്സിനേഷൻ പുരോഗമിക്കുകയാണെങ്കിൽ 2021 ഡിസംബറോടെ ജനസംഖ്യയുടെ പകുതിയോളം പേർക്കും വാസ്കിനേഷൻ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
“എല്ലാവരുടെയും ഒപ്പം എല്ലാവർക്കും വികസനമെന്ന പ്രധാനമന്ത്രിയുടെ സ്വപ്നത്തിനൊപ്പം ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിനേഷൻ ക്യാമ്പയിൻ പുതിയ ഉയരങ്ങള്‍ താണ്ടി കുതിക്കുകയാണ്. രാജ്യത്ത് ‘സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവ’മെന്ന 75-ാം വാർഷികാഘോഷത്തിന്റെ ഈ വേളയിൽ രാജ്യത്തിന്റെ വാക്സിനേഷന് 75 കോടി പിന്നിട്ടു,” കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.
ഇന്ത്യയുടെ വാക്സിനേഷന് 75 കോടി പിന്നിട്ടതില്‍ ലോകാരോഗ്യസംഘടനയും (ഡബ്ല്യുഎച്ച് ഒ) ഇന്ത്യയെ അഭിനന്ദിച്ചു. വെറും 10 ദിവസത്തിനുള്ളില്‍ 65 കോടിയില്‍ നിന്നും 75 കോടിയിലെത്തിയ ഇന്ത്യയുടെ വാക്സിനേഷന് കുതിപ്പിനെയും ഡബ്ല്യുഎച്ച്ഒയുടെ തെക്ക് കിഴക്കന്‍ ഏഷ്യയുടെ പ്രാദേശിക ഡയറക്ടറായ ഡോ. പൂനം ഖെത്രപാല്‍ സിംഗും അഭിനന്ദിച്ചു.
2021 അവസാനത്തോടെ ജനസംഖ്യയുടെ 60 ശതമാനം ആളുകളെങ്കിലും കുത്തിവെയ്പ്പ് പൂർത്തിയാക്കിയാല്‍ കോവിഡ് മൂന്നാം തരംഗത്തെ തടയാനാകുമെന്ന ലക്ഷ്യവും കൈവരിക്കാന്‍ കുതിക്കുകയാണ് ഇന്ത്യ. ഡിസംബറോടെ 200 കോടി ഡോസുകൾ കുത്തിവെയ്പ്പ് നടത്തുകയെന്ന വലിയ ലക്ഷ്യവും കൈവരിക്കാന്‍ സർക്കാര്‍ പ്രയത്നിക്കുന്നു. വാക്സിനേഷന് മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്ന ആരോഗ്യപ്രവര്‍ത്തകരെയും പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രി അനുരാഗ് താക്കൂറും അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: