തിരുവനന്തപുരം: നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ പാലാ ബിഷപ്പിനെ വിമര്‍ശിച്ച് തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ പറഞ്ഞ അഭിപ്രായങ്ങള്‍ തങ്ങളുടേതല്ലെന്ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ. വഴിയില്‍ പോകുന്ന വയ്യാവേലി എല്ലാം തോട്ടി ഇട്ടു പിടിച്ചു മലങ്കര സഭയെ പ്രതിസന്ധിയിലാക്കരുത്. ഒരു അഭിപ്രായം പറയുവാന്‍ അദ്ദേഹത്തെ മലങ്കര ഓര്‍ത്തഡോക്സ് സഭ ചുമതലപ്പെടുത്തിയിട്ടില്ല. ആവശ്യത്തിനും അനാവശ്യത്തിനും ചാനല്‍ ചര്‍ച്ചകള്‍ക്ക് പോകുന്ന കോമരങ്ങള്‍ക്ക് അവരുടേതായ താല്പര്യങ്ങള് കാണും. അതില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുമായി ഒരു ബന്ധവും കാണുകയില്ല. പൊതു സമൂഹത്തിനു അതുമൂലം ഉണ്ടായ ആശങ്കയില്‍ വിഷമം അറിയിക്കുന്നുവെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
തൃശൂര്‍ ഭദ്രാസനാധിപനും മലങ്കര സഭയും –
മാധ്യമങ്ങളില്‍ വന്ന ചില വാര്‍ത്തകളുടെ നിജസ്ഥിതി അറിയാതെ പോകുന്ന പൊതു സമൂഹത്തോട് ഒന്ന് പറയട്ടെ; മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ പറഞ്ഞ അഭിപ്രായങ്ങള്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടേത് എന്നു ആരും കരുതരുത്. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായോ അദ്ദേഹത്തിന്റേതായ ചില നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ വരുന്ന അഭിപ്രായം മാത്രം ആണ്, ഇതുപോലെ ഒരു അഭിപ്രായം പറയുവാന്‍ അദ്ദേഹത്തെ മലങ്കര ഓര്‍ത്തഡോക്സ് സഭ ചുമതലപ്പെടുത്തിയിട്ടില്ല എന്ന കാര്യം ഓര്‍ക്കണം. ആവശ്യത്തിനും അനാവശ്യത്തിനും ചാനല്‍ ചര്‍ച്ചകള്‍ക്ക് പോകുന്ന കോമരങ്ങള്‍ക്ക് അവരുടേതായ താല്പര്യങ്ങള് കാണും. അതില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുമായി ഒരു ബന്ധവും കാണുകയില്ല. പൊതു സമൂഹത്തിനു അതുമൂലം ഉണ്ടായ ആശങ്കയില്‍ വിഷമം അറിയിക്കുന്നു.
പൗരസ്ത്യ പാരമ്പര്യത്തില്‍ മെത്രാപ്പോലീത്തന്മാര് വാഴിക്കപ്പെടുന്നത് അവരെ സന്യാസ ജീവിതത്തിലേക്ക് പ്രവേശിപ്പിച്ചിട്ടാണ് എന്നത് തന്നെ ലോകമയം വ്യക്തിമയം എല്ലാം ഉപേക്ഷച്ചു എന്നതിന്റെ ഉറപ്പോട് കൂടിയാണ്.
സഭയാണ്, ക്രിസ്തുവാണ് എല്ലാം. അല്ലാതെ വായില്‍ തോന്നിയത് ……. പാട്ട് എന്നത് അല്ല ആ ജീവിതം. അത് സ്വന്ത താല്പര്യങ്ങള് വിളമ്പാനും വിഴുപ്പ് അലക്കാനും ഉള്ളത് അല്ല ക്രിസ്തുവിന്റെ മണവാട്ടി ആയ തിരുസഭയുടെ പുരോഗതിക്കും മഹത്വത്തിനും ആണെന്ന് ഓര്‍മ്മിക്കുന്നത് നല്ലത് ആണ്. ഇട്ടിരിക്കുന്ന ചുവപ്പ് പോലും കൊടി മരത്തിലെ ചുവപ്പ് അല്ലെന്നും കാല്‍വറിയിലെ രക്തം മുതല്‍ ഹാബേലിന്റെ രക്തം തൊട്ട് ഇങ്ങോട്ട് അനേകം സഹദ്ദേന്മാരുടെ രക്തത്തിന്റെ ഓര്‍മ്മകള്‍ കൂടി ഉണര്‍ത്തിവിടുന്ന ഒന്നാണെന്ന് കൂടി ഓര്‍ക്കണം. ചാനല്‍ ചര്‍ച്ചകള്‍ക്ക് പോയ മെത്രാച്ചനോട്: അഭിപ്രായങ്ങള്‍ പറയുമ്പോള്‍ പ്രത്യേകം പറയുവാന്‍ ശ്രദ്ധിക്കുക ഇത് എന്റെ സ്വന്തം അഭിപ്രായം ആണ് എന്നുള്ളത്.
മലങ്കര സഭ ഔദ്യോഗികമായി ചുമതലപെടുത്താതെ പോകുന്ന ചര്‍ച്ച ആണെങ്കില്‍ ചാനലില്‍ പേര് എഴുതുമ്പോള്‍ ഉദാഹരണത്തിന് മാര്‍ മിലിത്തിയോസ് എന്ന് മാത്രം ഉള്‍പെടുത്തുക , കൂടെ മലങ്കര ഓര്‍ത്തഡോക്സ് സഭ , ഭദ്രാസനം എന്ന ലേബല്‍ ചേര്‍ക്കാതിരിക്കുക. വഴിയില്‍ പോകുന്ന വയ്യാവേലി എല്ലാം തോട്ടി ഇട്ടു പിടിച്ചു മലങ്കര സഭയെ ബുദ്ധിമുട്ടിക്കരുത് എന്ന കാര്യം കൂടെ പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.
സാധിക്കുമെങ്കില്‍ ഒരു ചാനല്‍ പ്രവര്ത്തകന് തന്നെ ചര്‍ച്ചക്ക് വിളിക്കുമ്പോള്‍, അതിന്റെ ഉദ്ദേശ്യശുദ്ധി സ്വയം ചിന്തിച്ചെടുക്കുകയും അന്നത്തെ വിഷയത്തില്‍ താന്‍ പങ്കെടുത്തു ഒരു അഭിപ്രായം പറഞ്ഞാല്‍ തന്റെ സഭയെയും, വിശ്വാസികളെയും ബാധിക്കുമോ എന്നും,ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ ഗതി മുന്‍കൂട്ടി എന്താകുമെന്ന് ഒന്ന് സ്വയം ചിന്തിക്കണമെന്ന് താഴ്മയായി അഭ്യര്‍ത്ഥിക്കുന്നു. ഈ സഭയുടെ അച്ചടക്കത്തെ കളങ്കം വരുത്തുവാന്‍ ശ്രമിക്കുന്ന തല്പര കക്ഷികള്‍ ആരാണെങ്കിലും അതിനെ ചെറുക്കുക തന്നെ വേണം.
പൊതു സമൂഹത്തിന്റെ മുന്നില്‍ വ്യത്യസ്തനാകുവാന്‍ ഉള്ള വ്യഗ്രതയില്‍ മറന്നത് ഈ സഭയെ ആണ് എന്നുള്ളതും പ്രതിഷേധത്തോടെ ഓര്‍മ്മിപ്പിക്കുന്നു. തുടര്‍ന്ന് ഇതുപോലുള്ള നടപടികള്‍ തുടര്‍ന്നാല്‍ അതിനെ ചെറുക്കുക തന്നെ ചെയ്യും എന്ന കാര്യം കൂടെ ഓര്‍മ്മിപ്പിക്കട്ടെ. മാര്‍ മിലിത്തിയോസ് മെത്രാച്ചന്റെ അഭിപ്രായ പ്രകടനങ്ങള്‍ പൊതു സമൂഹത്തില്‍ അറിയുന്നതും , വിലയിരുത്തപ്പെടുന്നതും മലങ്കര സഭയുടെ അഭിപ്രായം ആയിട്ടാണ്.അതിനാല്‍ ഇങ്ങനെ അനാവശ്യമായി ചര്‍ച്ചയില്‍ പങ്കെടുത്തു വര്‍ത്തമാന കാലത്തെ സംഭവ വികാസങ്ങള്‍ മനസിലാക്കാതെ വിവാദ പ്രസ്താവനകള്‍ നടത്തുന്നത് പ്രതിഷേധാര്‍ഹമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: