എരുമേലി: എരുമേലി അസംപ്ഷന്‍ ഫെറോന പള്ളിയുടെ സെമിത്തേരിയിലെ അറയ്ക്കല്‍ പിതാവിന്റെ കുടുംബ കല്ലറയ്ക്ക് മുകളില്‍ സാമൂഹിക വിരുദ്ധര്‍ മാലിന്യം തള്ളി. ഇന്നു രാവിലെയാണ് സെമിത്തേരിയില്‍ മാലിന്യം തള്ളിയ നിലയില്‍ കണ്ടെത്തിയത്. രാവിലെ സെമിത്തേരിയില്‍ പ്രാര്‍ത്ഥിക്കാനായെത്തിയ വിശ്വാസികളാണ് ഈച്ച പിടിച്ച് ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ ചാക്ക് കെട്ട് കണ്ടെത്തിയത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മത്സ്യാവശിഷ്ടമാണെന്ന് മനസിലായത്. എരുമേലി പ്രധാന പാതയില്‍ സെന്റ് തോമസ് സ്കൂള്‍ വഴി നേര്‍ച്ചപ്പാറയിലേക്ക് പോകുന്ന റോഡില്‍ നിന്നും മാലിന്യം നിറച്ച ചാക്ക് സെമിത്തേരിക്ക് എറിയുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് എരുമേലി അസംപ്ഷന്‍ ഫെറോന പള്ളി വികാരി ഫാ. വര്‍ഗ്ഗീസ് പുതുപറമ്പില്‍ പോലീസില്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ എരുമേലി എസ്എച്ച്ഒ മനോജ് മാത്യുവിന്റെ നേതൃത്ത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. പ്രാഥമിക പരിശോധനയില്‍ മത്സ്യ മാലിന്യമാണ് തള്ളിയതെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് സമീപത്തുള്ള മഠത്തിലെ സിസിറ്റിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: