ന്യൂദല്‍ഹി: ഗോതമ്പിന്റെ താങ്ങുവില 40 രൂപ വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ക്വിന്റലിന് 1,975 രൂപ ആയിരുന്നത് 2,015 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. ലോകത്തിലെ രണ്ടാമത്തെ വലിയ ഗോതമ്പ് ഉത്പാദകരായ ഇന്ത്യയിലെ ലക്ഷക്കണക്കിന് കര്‍ഷര്‍ക്ക് പ്രയോജനകരമാണ് കേന്ദ്രതീരുമാനം. ഗോതമ്പ് കൃഷിയിലെ ലാഭം നൂറുശതമാനമാക്കി മാറ്റിയ തീരുമാനം വടക്കേന്ത്യയിലെ കര്‍ഷക സമൂഹത്തെ വലിയ തോതില്‍ സ്വാധീനിക്കും.
മോദി സര്‍ക്കാര്‍ 2014ല്‍ അധികാരത്തിലെത്തുമ്പോള്‍ 1,400 രൂപയായിരുന്നു ഗോതമ്പിന്റെ എംഎസ്പി. എന്നാല്‍ ഏഴുവര്‍ഷം കൊണ്ട് ക്വിന്റലിന് വര്‍ധിപ്പിച്ചത് 615 രൂപയാണ്. ഗോതമ്പ് ഉത്പാദനചെലവിന്റെ ഇരട്ടിയാണ് താങ്ങുവില എന്നതാണ് ശ്രദ്ധേയം. 1,008 രൂപയാണ് ഒരു ക്വിന്റല്‍ ഗോതമ്പ് ഉത്പാദിപ്പിക്കുന്നതിന് നിലവില്‍ ചെലവാകുന്നത്. ഇതിന്റെ ഇരട്ടി രൂപയ്ക്ക് സര്‍ക്കാര്‍ ഗോതമ്പ് കര്‍ഷകരില്‍ നിന്ന് വാങ്ങും. രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനമാണ് ഇതിലൂടെ യാഥാര്‍ഥ്യമായത്.
ഗോതമ്പ് അടക്കം ആറു റാബി വിളകളുടെ എംഎസ്പിയാണ് ഇന്നലെ ഉയര്‍ത്തിയത്. ബാര്‍ളിക്ക് ക്വിന്റലിന് 35 രൂപ ഉയര്‍ത്തി 1635 രൂപയാക്കി. 1,019 രൂപയാണ് ബാര്‍ളിയുടെ ഉത്പാദന ചെലവ്. കടലയ്ക്ക് 130 രൂപ എംഎസ്പി ഉയര്‍ത്തി 5,230 രൂപയാക്കി. 3,004 രൂപയാണ് കടലയുടെ ഉത്പാദന ചെലവ് കണക്കാക്കിയിരിക്കുന്നത്. ചുവന്ന പരിപ്പിന് 5,500 രൂപയാണ് എംഎസ്പി ലഭിക്കുന്നത്. 400 രൂപയാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. 3,079 രൂപയാണ് ഉത്പാദന ചെലവ്. കടുകിന് 5050 രൂപ എംഎസ്പി വില ലഭിക്കും. 400 രൂപ എംഎസ്പി കടുകിന് ഇന്നലെ വര്‍ധിപ്പിച്ചിട്ടുണ്ട്. എംഎസ്പിയുടെ പകുതിയായ 2,523 രൂപയാണ് ഒരു ക്വിന്റല്‍ കടുകിന്റെ ഉത്പാദന ചെലവ്. സാഫ്ളവര്‍(കുയുമ്പപ്പൂ) എംഎസ്പി 5,441 രൂപയാക്കി വര്‍ധിപ്പിച്ചു. 114 രൂപ ഉയര്‍ത്തി. 3,627 രൂപയാണ് എണ്ണ ഉത്പാദനത്തിനുള്ള കുയുമ്പപ്പൂവിന്റെ ഉത്പാദന ചെലവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: