സ്ത്രീകള്‍ മാത്രം പൂജ ചെയ്യുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന ഹൈന്ദവാഘോഷങ്ങള്‍ക്ക് പ്രസിദ്ധമാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കര്‍ണാടകയും ആന്ധ്രപ്രദേശും. രണ്ടിടത്തും ആഘോഷങ്ങള്‍ക്ക് സമാനതകളും ഏറെയാണ്. വിനായക ചതുര്‍ഥിക്ക് മുന്നോടിയായ സ്വര്‍ണഗൗരീ വ്രതമെന്ന ‘ഗൗരീഹബ്ബ’ ഉദാഹരണം.
കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ നാളുകള്‍ നീണ്ട ആഘോഷമാണ് ഗണേശോത്സവം. വിനായക ചതുര്ഥിയുടെ ഭാഗമായി വീടുകളിലും പൊതുഇടങ്ങളിലും അലങ്കരിച്ച ഗണേശ വിഗ്രഹങ്ങളുള്ള പന്തലുകള്‍ നിറയുന്ന കാലം. ഈ ആഘോഷങ്ങള്‍ക്ക് ചാരുത പകരുന്നുന്നതാണ് വിനായക ചതുര്‍ഥിക്ക് മുമ്പുള്ള സ്വര്‍ണ ഗൗരീവ്രതം. ഗൗരിയുടെ അനുഗ്രഹത്താല്‍ ഭര്ത്താക്കന്മാര്ക്ക് ആയുരാരോഗ്യ സൗഖ്യമുണ്ടാവാനായി സുമംഗലികളായ സ്ത്രീകളെടുക്കുന്ന വ്രതം.
അശുദ്ധികളെല്ലാമകറ്റി വീട് വൃത്തിയാക്കുന്നതാണ് ആദ്യപടി. സ്ത്രീകളും പെണ്‍കുട്ടികളും പരമ്പരാഗത വേഷമണിഞ്ഞ് പൂജയ്ക്കൊരുങ്ങുന്നു. വീടുകളിലെ പൂജാമുറികളിലാണ് ഗൗരിയെ പ്രതീകാത്മകമായി ഒരുക്കിയിരുത്തി പൂജിക്കുന്നത്.
വിവാഹം ചെയ്തയച്ച പെണ്‍കുട്ടികള്‍ ഭര്‍തൃഗൃഹത്തില്‍ നിന്ന് സ്വന്തം വീട്ടിലെത്തുന്നതു പോലെ ഗൗരീബ്ബയ്ക്ക്, ഗൗരി ഓരോ വീടുകൡലുമെത്തി പൂജയിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നു എന്നാണ് വിശ്വാസം. പിറ്റേന്നാള്‍ മകന് ഗണേശന് അമ്മയെ തിരിച്ചു കൈലാസത്തിലേക്ക് കൊണ്ടുപോകാന്‍ വരുമെന്നുത് മറ്റൊരു കഥ. അതു കൊണ്ട് ഗൗരീഗണേശ എന്നും ഈ ആഘോഷങ്ങള്‍ അറിയപ്പെടുന്നു. മഹാരാഷ്ട്രയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഇത് ഹര്‍ത്താലിക തീജ് എന്നാണ് അറിയപ്പെടുന്നത്.
ഗൗരിയെ കമനീയമായി അലങ്കരിച്ചാണ് പൂജവയ്പ്പ്. വെള്ളിയോ, ചെമ്പോ കൊണ്ടുണ്ടാക്കിയ കലശത്തിനു മീതെ ഗൗരിയുടെ ചെറിയൊരു മണ്‍വിഗ്രഹം അലങ്കരിച്ചു വയ്ക്കുന്നു. കലശം അരി നിറച്ചൊരു പ്ലേറ്റില്‍ ഇറക്കി വയ്ക്കും. പാത്രത്തില്‍ മഞ്ഞള്‍ കൊണ്ടുണ്ടാക്കിയ
പിരമിഡു പോലൊരു രൂപവും വയ്ക്കും. വാഴത്തണ്ടും ഇലയും കൊണ്ട് ഇതിനു ചുറ്റിലും മണ്ഡപമൊരുക്കുന്നു. ആഭരണങ്ങളണിയിച്ച് , കുങ്കുമവും മഞ്ഞളും വര്‍ണാഭമായ പൂക്കളും ചാര്‍ത്തി ദേവിയെ മനോഹരിയാക്കുന്നു. നിവേദ്യമായി പലയിനം പഴങ്ങളും ബോളി ഉള്‍പ്പെടെയുള്ള പലഹാരങ്ങളും ഒരുക്കും. ചിത്രാന്ന, പായസം, കായി ഹോളിഗെ, രസം, കായി കടബു, പല്യ, കൊസംബരി, അംബോഡെ തുടങ്ങി എരിവും മധുരവും ചേര്‍ന്ന വിഭവങ്ങള്‍.
പൂജയ്ക്കെത്തുന്നവര്‍ക്കെല്ലാം ഇവ പ്രസാദമായി നല്‍കും.
ബന്ധുവീടുകളിലെയും അയല്‍വീടുകളിലെയും വിവാഹിതകളായ സ്ത്രീകളെ ഗൗരീപൂജയ്ക്ക് പ്രത്യേകം ക്ഷണിച്ച് മണ്ഡപത്തിനു മുമ്പില്‍ ആദര
പൂര്‍വമിരുത്തി ഒരു മുറത്തിനകത്ത് സമ്മാനങ്ങള്‍ നല്കുന്ന ചടങ്ങാണ് ഗൗരീപൂജയെ വ്യത്യസ്തമാക്കുന്നത്.
ഒമ്പതു തരം സാമഗ്രികള്‍ നിറച്ച മുറമാണ് നല്‍കുക. അവയെല്ലാം വളരെ പവിത്രമായാണ് കാണുന്നത്. നവധാന്യങ്ങള്‍, ശര്‍ക്കര, വളകള്‍, മഞ്ഞള്‍, ബ്ലൗസ്പീസ്, കുങ്കുമം, വെറ്റില, പഴം, പണം എന്നിങ്ങനെ ഒമ്പത് ഇനങ്ങള്‍.
‘മൊറദ ബാഗിന’ എന്നാണിതിനു പൊതുവെ പറയുന്നത്. മൊറദ ബാഗിനയില്‍ ഒന്ന് ദേവിക്കുള്ളതാണ്.
വിനാക ചതുര്‍ഥിക്കു ശേഷം ഗണേശവിഗ്രഹം നിമജ്ജനം ചെയ്യുമ്പോള്‍ ഗൗരീവിഗ്രഹവും ജലസമാധിയാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: