കൊച്ചി: കൊവിഷീല്‍ഡ് വാക്സിന്റെ രണ്ടാം ഡോസ് നാലാഴ്ച കഴിഞ്ഞ് (28 ദിവസം) എടുക്കാന്‍ അനുവദിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇത്തരത്തില്‍ സര്‍ക്കാരിന്റെ കൊവിന്‍ പോര്‍ട്ടലില്‍ മാറ്റം വരുത്തണമെന്നും കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്കി. ആദ്യ ഡോസ് വാക്സിനെടുത്ത് 12 ആഴ്ച (84 ദിവസം) കഴിഞ്ഞ് രണ്ടാം ഡോസ് എടുത്താല്‍ മതിയെന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ നിലനില്‍ക്കെയാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറിക്ക് ഈ നിര്‍ദേശം നല്‍കിയത്. എന്നാല്‍ പണം മുടക്കി വാക്സിനെടുക്കുന്ന വ്യക്തികള്‍ക്കാണ് ഇടവേളയില്‍ ഇളവു നല്കാന് നിര്‍ദേശിച്ചിട്ടുള്ളതെന്നും സര്‍ക്കാര്‍ സൗജന്യമായി നല്കുന്ന വാക്സിന്റെ കാര്യത്തില്‍ ഇളവു നല്കുന്നതു പരിഗണിച്ചിട്ടില്ലെന്നും ഹൈക്കോടതിയുടെ വിധിയില്‍ പറയുന്നു.
വാക്സിനെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നതുപോലെ രണ്ടാം ഡോസ് എടുക്കാനുള്ള കാലയളവിന്റെ കാര്യത്തിലും നിര്‍ബന്ധം പാടില്ല, പ്രത്യേകിച്ച് പണം നല്കി വാക്സിന് എടുക്കാന്‍ തയ്യാറാകുന്നവരുടെ കാര്യത്തില്‍, ഉത്തരവില്‍ വ്യക്തമാക്കുന്നു.
നാലാഴ്ച കഴിഞ്ഞ് രണ്ടാം ഡോസ് എടുത്താല്‍ സംരക്ഷണം ലഭിക്കുമെങ്കിലും 84 ദിവസം കഴിഞ്ഞെടുത്താല്‍ കൂടുതല്‍ മികച്ച സംരക്ഷണം ഉറപ്പാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. മികച്ച സുരക്ഷയാണോ പരമാവധി നേരത്തെയുള്ള സുരക്ഷയാണോ വേണ്ടതെന്നാണ് വിഷയം. വിദേശത്തേക്ക് പോകുന്നവരുടെ കാര്യത്തില്‍ ഇത്തരം തെരഞ്ഞെടുപ്പ് അനുവദിക്കാമെങ്കില്‍ മറ്റുള്ളവര്‍ക്കുമാകാം.
ഇന്ത്യയിലുള്ളവരും ജോലി, പഠനം തുടങ്ങിയ കാരണങ്ങളാല്‍ വാക്സിന് നേരത്തെ വേണമെന്നാവശ്യപ്പെട്ടാല്‍ നിഷേധിക്കാനാവില്ല, കോടതി വ്യക്തമാക്കി. കിറ്റക്സ് കമ്പനിയിലെ 10,000ത്തിലേറെ തൊഴിലാളികള്‍ക്ക് ആദ്യ ഡോസെടുത്ത് 45 ദിവസം കഴിഞ്ഞ് രണ്ടാം ഡോസെടുക്കാന്‍ അനുമതി നല്കിയില്ലെന്നാരോപിച്ചാണ് കമ്പനി ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: