ന്യൂദല്‍ഹി: കോഴിക്കോടു നിന്നു പാലക്കാട് വഴി കോയമ്പത്തൂരിന് പുതിയ ഗ്രീന്‍ഫീല്‍ഡ് പാത സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയില്‍ നിന്ന് ഉറപ്പ് ലഭിച്ചതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് അറിയിച്ചു. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് പദ്ധതി നിര്‍ദേശം ലഭിച്ചാലുടന്‍ ഇക്കാര്യത്തില്‍ അനുകൂല തീരുമാനം കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടാകും.
വനഭൂമി ഏറ്റെടുക്കാതെ മൈസൂരിനെയും കോഴിക്കോടിനെയും ബന്ധിപ്പിക്കുന്ന ബദല്‍ പാതയ്ക്കും കേന്ദ്രം സന്നദ്ധത അറിയിച്ചിട്ടുണ്ട്. നിലവില്‍ പുരോഗമിക്കുന്ന കന്യാകുമാരി-മുംബൈ ദേശീയപാതയുടെ പണി വേഗത്തിലാക്കാനും കേന്ദ്ര മന്ത്രി നിര്‍ദേശം നല്‍കിയെന്ന് വി. മുരളീധരന് പറഞ്ഞു.
തലശ്ശേരി-മാഹി-വടകര ബൈപ്പാസുകളുടെയും കോഴിക്കോട് ബൈപ്പാസിന്റെയും പണി വേഗത്തിലാക്കുന്നതിനും നടപടി സ്വീകരിക്കും. മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് ഭാരവാഹികളോടൊപ്പം നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി. മുരളീധരന്. ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റ് ഹസീബ് അഹമ്മദ്, വൈസ് പ്രസിഡന്റ് നിത്യാനന്ദ് കാമത്ത്, സെക്രട്ടറി മഹബൂബ്, ബിജെപി സംസ്ഥാന സെക്രട്ടറി പി. രഘുനാഥ്, കോഴിക്കോട് കോര്പ്പറേഷന് കൗണ്‍സിലര്‍ നവ്യ ഹരിദാസ് തുടങ്ങിയവരും നിതിന്‍ ഗഡ്കരിയെ കാണാനെത്തിയ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: