ടെഹ്റാൻ : അഫ്ഗാനിലെ പഞ്ചശിർ പിടിച്ചെടുക്കാൻ താലിബാന് യുദ്ധവിമാനവും സൈനികരെയും നല്കിയ പാകിസ്ഥാനെ കടുത്ത ഭാഷയില്‍ വിമർശിച്ച് ഇറാൻ. ഈ ആക്രമണത്തില്‍ പാകിസ്ഥാന്റെ പങ്കിനെപ്പറ്റി അന്വേഷണം പ്രഖ്യാപിക്കുമെന്ന് ഇറാന്റെ വിദേശകാര്യ വക്താവ് സയീദ് ഖാദിബ്സാദേഹ് പറഞ്ഞു.
പഞ്ച്ശീര്‍ പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് താലിബാൻ പതാക ഉയർത്തിയതിന് പിന്നാലെയായിരുന്നു ഇറാന്റെ പ്രതികരണം. “പഞ്ചശീറിലെ പാക് ആക്രമണം അത്യന്തം അപലപനീയവും കുറ്റകരവുമാണ്. അഫ്ഗാനിലുണ്ടായ എല്ലാ വിദേശ ഇടപെടലുകളെയും അപലപിക്കുന്നു,”. സയീദ് വ്യക്തമാക്കി. പഞ്ച്ശീറിലെ പ്രതിരോധ സേനാംഗങ്ങളുടെ വീരമൃത്യു വളരെ നിരാശാ ജനകമാണ്. മേഖലയിലെ പാകിസ്ഥാൻ ഇടപെടൽ സൂക്ഷ്മമായി പരിശോധിക്കും. അഫ്ഗാനിലെ ഓരോ നീക്കങ്ങളും ഇറാൻ നിരീക്ഷിക്കാറുണ്ട്. അഫ്ഗാനിലെ പ്രശ്നം പരിഹരിക്കാൻ ആഭ്യന്തര ചർച്ചകൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വടക്കന്‍ സഖ്യസേനയുടെ വക്താവ് ഫാഹിം ഡാഷ്ടി, വടക്കന്‍ സേനയുടെ നേതാവ് അഹമ്മദ് മസൂദിന്റെ മരുമകന് ജനറല്‍ സാഹിബ് അബ്ദുള്‍ വുഡോഡ് സാറ എന്നിവര്‍ പാകിസ്ഥാന്റെയും താലിബാന്റെയും സംയുക്ത ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ‘പഞ്ച്ശീര്‍ പോരാളികളുടെ രക്തസാക്ഷിത്വം അങ്ങേയറ്റം നിരാശാജനകമാണ്. പഞ്ച്ശീര്‍ ആക്രമണത്തിലെ പാകിസ്ഥാന്റെ ഇടപെടല്‍ ഇപ്പോള്‍ അന്വേഷണത്തിലാണ്. അന്താരാഷ്ട്ര നിയമത്തിലെ എല്ലാ നിയന്ത്രണരേഖകളും ബാധ്യതകളും പാലിക്കേണ്ടതുണ്ട്. അഫ്ഗാനിലെ വിവിധഗ്രൂപ്പുകള്‍ തമ്മിലുള്ള ചര്‍ച്ചകളാണ് അഫ്ഗാന് പ്രശ്നത്തിനുള്ള പരിഹാരമെന്ന് ഇറാന് കരുതുന്നു,’- അദ്ദേഹം പറഞ്ഞു. എന്തായാലും അഫ്ഗാന് വിഷയത്തില്‍ ഇറാന്റെ ശക്തമായ അഭിപ്രായപ്രകടനമാണ് തിങ്കളാഴ്ച ഉണ്ടായത്. നേരത്തെ ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സി അഫ്ഗാനിസ്ഥാനില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഉണ്ടാകണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.
തിങ്കളാഴ്ച രാവിലെ പഞ്ച്ശീറിൽ പാകിസ്ഥാന്റെ വ്യോമസേനയാണ് താലിബാനെ സഹായിക്കാനായി അഫ്ഗാന് സഖ്യസേനയ്ക്കെതിരെ ബോംബാക്രമണം നടത്തിയത്. അഫ്ഗാനിസ്ഥാന്റെ എല്ലാ മേഖലകളും കീഴടക്കിയ ശേഷം താലിബാന് സര്‍ക്കാര്‍ രൂപീകരണം മതിയെന്നതായിരുന്നു പാകിസ്ഥാന്റെ തീരുമാനം. ഈ ഒരു ദൗത്യത്തിന് വേണ്ടിയാണ് പാകിസ്ഥാന്റെ ഐഎസ് ഐ മേധാവി കാബൂളില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: